നമ്മുടെ പ്രതിരോധ ഗവേഷണ സംഘടന (Defence Research & Development Organisation, DRDO) കണ്ടുപിടിച്ച പുതിയ കോവിഡ് മരുന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലെ താരം. എന്താണ് ഈ പറഞ്ഞ അത്ഭുത മരുന്ന് എന്നു പരിശോധിക്കാം.
2- ഡീ ഓക്സി ഗ്ലൂക്കോസ് (2- Deoxy Glucose) അഥവാ 2- DG എന്നത് നമ്മുടെ സാധാരണ ഗ്ലൂക്കോസിന്റെ ഒരു വകഭേദം ആണെന്ന് പറയാം.

ഹെർപിസ് സിംപ്ലക്സ്വൈറസിനെതിരെ ഫലപ്രദമാണെന്ന് കണ്ടിരുന്ന ഈ സംയുക്തം കോവിഡിനെതിരെയും ഫലപ്രദമായേക്കാമെന്ന അനുമാനത്തിൽ 2020 ഏപ്രിലിൽ തന്നെ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.

2020 മെയ് മാസത്തിൽ മനുഷ്യ പരീക്ഷണങ്ങൾക്ക് അനുമതി ലഭിക്കുകയും, രണ്ടാം ഘട്ട പരീക്ഷണങ്ങൾ 110 രോഗികളിൽ 2020 ഒക്ടോബറോടെ പൂർത്തിയാവുകയും ചെയ്തു. ആശാവഹമായ ഫലങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ 2020 നവംബറിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി ലഭിക്കുകയും, വിവിധ സംസ്ഥാനങ്ങളിലെ 27 കോവിഡ് ആശുപത്രികളിലായി 220 രോഗികളിൽ ഇത് പരീക്ഷിക്കുകയും ചെയ്തു.
രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളില്‍ വളരെ ചുരുങ്ങിയ എണ്ണം ആളുകളില്‍ മാത്രമാണ് പരീക്ഷണം നടന്നത് എന്നത് നാം പരിഗണിക്കേണ്ടതുണ്ട്.

നിലവിൽ അംഗീകരിക്കപ്പെട്ട മരുന്നുകൾക്കും, ചികിത്സാ രീതികൾക്കുമൊപ്പം ഒരു അനുബന്ധ ചികിത്സാ രീതിയായാണ് 2-DG ക്ക് അനുമതി നൽകിയിരിക്കുന്നത്.
കോവിഡ് വൈറസ് കോശങ്ങളിൽ പെരുകുന്നത് തടയുക വഴി ഈ മരുന്ന് ശരീരത്തിലെ വൈറസിന്റെ അളവ് കുറയ്ക്കുകയും, രോഗം ഭേദമാകാൻ എടുക്കുന്ന സമയം രണ്ടര ദിവസം വരെ മിതപ്പെടുത്തുകയും ചെയ്യും എന്ന് പറയുന്നു.

അതായത്, രോഗത്തിന്റെ ദൈർഘ്യം കുറയ്ക്കുകയും, അത് വഴി പകർച്ചാസാധ്യത കുറയ്ക്കുകയും ചെയ്യും. അങ്ങനെ, ഓക്സിജൻ ആവശ്യമായി വരുന്ന രോഗമുള്ള ആളുകളിൽ ഓക്സിജന്റെ ആവശ്യകതയും അതിന്റെ കുറവ് കൊണ്ടുള്ള അപകട സാധ്യതയും കുറയ്ക്കുന്നു എന്നാണ് അവകാശപ്പെടുന്നത്.

സാധാരണ ഗ്ലൂക്കോസ് പോലെ പൊടി രൂപത്തിൽ ലഭ്യമാകുന്ന മരുന്ന് നിശ്ചിത അളവിൽ വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാവുന്ന രൂപത്തിലായിരിക്കും ലഭിക്കുക. ഏതാനും ആഴ്ച്ചകൾക്കകം മരുന്ന് വിപണിയിൽ ലഭ്യമാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
NB: ഒരു അനുബന്ധ ചികിത്സ മാത്രമാണ് ഇതെന്നും മറ്റ് ചികിത്സകൾക്ക് പകരമല്ല എന്നും ഓർക്കുക.
✒ഡോ. വി. ജിതേഷ്

 കൊറോണ രോഗികള്‍ക്കായി ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് അടുത്ത ആഴ്ച രോഗികളിലേക്ക് എത്തും.  ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്. 

കൊവിഡ് (Covid19) വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാനായിട്ടാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്.  ആദ്യ ഘട്ടത്തിൽ പതിനായിരം ഡോസുകളാണ് വിതരണം ചെയ്യുന്നത്.  ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി (2DG Medicine) എന്ന മരുന്ന് നല്‍കുന്നത്. ഇത് ഡിആര്‍ഡിഒയുടെ (DRDO) ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്.

ഡോ. അനന്ത് നാരായണ്‍ ഭട്ട് (Dr. Anant Narayan Bhatt) ഉള്‍പ്പെട്ട ഡി‌ആര്‍‌ഡി‌ഒ ശാസ്ത്രജ്ഞരുടെ സംഘമാണ് കൊവിഡ് രോഗികള്‍ക്കായി ഈ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ രോഗം വേഗത്തില്‍ ഭേദമാക്കാനും അവരുടെ ഓക്സിജന്‍ ആശ്രിതത്വം കുറയ്ക്കുന്നതിനും 2-ഡിജി മരുന്ന് സഹായിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

ഈ മരുന്ന് കൊറോണ (Covid19) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കു വേണ്ടി മാത്രമാണ്.  ഇപ്പോള്‍ നല്‍കുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നല്‍കേണ്ട പൊടിയാണ് നിര്‍മ്മിച്ചത്. 2-ഡിജി എന്ന പേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. 

By ivayana