രചന : ചാക്കോ ഡി അന്തിക്കാട്*

നദികളായിരം…പേറും
ചെറിയ-വലിയ ഓളങ്ങൾ ഓർമ്മകളുമായുള്ള ചങ്ങാത്തം!…
ബാല്യത്തി,ലൂളയിടുമ്പോൾ
പൊടിമീൻ വായിൽ
‘ഒളിത്താവളം’
കണ്ടെത്തിയതും,
ശ്വാസംമുട്ടി ചുമച്ചതും…
ഛർദ്ദിച്ചതു വിഴുങ്ങാൻ
പാഞ്ഞു വരും
കരിമീനുകളും
വയമ്പുകളും
വരാലുകളും…
തവളകളുമെല്ലാം…
മഹാമാരികാലത്ത്
പനിക്കിടക്കയിൽ
പ്രാണൻ നീട്ടി വലിക്കുമ്പോൾ,
മങ്ങിയ ഓർമ്മകൾ മാത്രം!
നദികളിൽ
വെയിൽ ലയിക്കുംനേരം
ഗ്രാമത്തിൻ സൗഹൃദത്തി,
ന്നിളം ചൂട്…
മെല്ലെ പരന്ന്…
പുഴയോരത്തുനിന്നും
ഇടവഴികളിലൂടെ
നിഴലുകളായ്‌…
പൂവായ്…കായയായ്
പൂമ്പാറ്റകളായ്…
കാൽപ്പാടുകളായ്‌…
കവിഹൃദയത്തെ
കൈമാടി വിളിക്കും!
നദികളി,ലാമ്പൽ
വിരിയുംനേരം
ക്ലാസ്സ് മുറികളി,
ലാദ്യ പ്രണയം
ഒളിക്കടാക്ഷങ്ങളിൽ…
കനവിൻ നനവു തേടി
കൂടുവിട്ടു കൂടുമാറി,
വീണ്ടും
നദികളിൽ
മുങ്ങിക്കുളിക്കും…
ലയിച്ചു ചേരും!
അപ്പോൾ
നദിക്കരയിൽ
ചൂണ്ടയുമായി വരുന്നവർ
മണ്ണിരകളെയാദ്യം തലോടും…
പിന്നീട്
ചൂണ്ടക്കൊളുത്തിനു
സമർപ്പിക്കും…
കാത്തിരിക്കും!
അപ്പോളൊരു മുയൽ
കെണി ചാടിക്കടന്ന്,
കൈതക്കാട്ടി,ലോടിയൊളിക്കും!
ഒരു വാടിയ കൈതപ്പൂ
മുയലിന്റെ നെറ്റിയിൽ
അന്ത്യകൂദാശയർപ്പിക്കും! മുയലറിയുന്നില്ല…
കൈതക്കാട്ടിൽ
കാത്തിരിപ്പുണ്ടൊരു
കീരിയും കുറുക്കനും!
നദിയോരങ്ങളിലിരുന്ന്
കവികൾ
ജീവിതതാളത്തിൻ
നവരസങ്ങളെക്കുറി,ച്ചുറക്കെ
പാടിയതു,മാടിയതും,
നദീതട സംസ്ക്കാരം
പൂരങ്ങൾക്കും,
പുരാണങ്ങൾക്കും,
പുണ്യാത്മാക്കൾക്കും,
ജന്മമേകിയതും
മണ്ണിനെ മറന്ന,
മനുഷ്യരെ മറന്ന
പുത്തൻ ‘ചൂണ്ട’ക്കാർ
മറന്നുവോ?
“പൊന്മ വിഴുങ്ങിയത്
നദിയേയല്ല
ചെറുമീനുകളെ മാത്രം…
അതുകൊണ്ടു
അനാവശ്യ വേവലാതിയരുത്!”
ചൂഷകർ പറയും ന്യായം!
അവർ നദികളെയെല്ലാം
എന്നേ ലേലത്തിനു വെച്ചു!
അവർ നദികൾക്ക്
‘പുതുചരിതം’ സൃഷ്ടിക്കും!
നദികളെയെങ്ങിനെ
ശവപ്പറമ്പുകളാക്കി മാറ്റാം?
ആഗോള മുതലാളിത്തം
പുഞ്ചിരിതൂകി,
സഹായഹസ്തം നീട്ടിയപ്പോൾ
ആരുമോർത്തില്ലയീ…
മാരക കർമ്മഫലം!
ഇന്ന്
പുണ്യ മഹാനദികളിൽ
ശവങ്ങ,ളൊഴുകി
നടക്കുമ്പോൾ…
ലോകത്തിലെയെല്ലാ
നദികളേയും പ്രണയിച്ച
വിശ്വ മഹാകവികൾ…
ആരെയാണു ശപിക്കുക?
“ഓളങ്ങളിൽ
തങ്ങിനിൽക്കും,
വടക്കു നിന്നും വന്ന,
ഇളംകാറ്റിനിപ്പോൾ
കൊറോണാ ശവഗന്ധം!”-
കേരളത്തിലെ
ഒരു ന്യൂജൻ കവിഭാവന
സഞ്ചരിച്ചതിങ്ങനെ!
കാവ്യപണ്ഡിതർ
നെറ്റി ചുളിച്ചു…
വർഗ്ഗീയ വാദികൾ
മുഷ്ടി ചുരുട്ടി!
നദിക്കരയിൽ
ആകാശം നോക്കി,
മഴമേഘങ്ങൾക്കു വേണ്ടി ,
മറ്റൊരു യുവകവി
യുറക്കെപ്പാടി:
“പുണ്യ
മഹാനദിക,ളായിരം
ശവങ്ങൾ പേറും
നാശത്തിൻ
സന്ദേശവാഹകർ!
ഒരുനിമിഷം
നിശ്ചലമായെങ്കിൽ?
ശവങ്ങൾക്ക് പരസ്പ്പരം
ഉമ്മവെക്കാമായിരുന്നു?
എന്തിനെന്ന ചോദ്യ,മപ്രസക്തം!
ജീവിച്ചിരിക്കുമ്പോൾ
ഉറ്റവരിൽനിന്നും
ഉടയവരിൽനിന്നും
ലഭിക്കാത്ത
ചക്കരയുമ്മകൾ,
ശവമായൊഴുകി
നടക്കുമ്പോഴെങ്കിലും,
പങ്കിടേണ്ടതുണ്ടല്ലോ?
അതിനു മാത്രമായ്
ശവങ്ങളെ ദത്തെടുത്ത,
യെല്ലാ നദികളും
ഒരു നിമിഷമെങ്കിലും
നിശ്ചലമാവട്ടെ!
ഓളങ്ങൾ…
ആ നിശ്ചലതയിൽ
നെടുവീർപ്പുകളായി മാറട്ടെ!”
ആ കവിയും…
അടുത്ത മഴയിൽ…
നദിയിലൂടെ …
മുഖം കീഴായൊഴുകി!
എന്നാലും
ഭരണയന്ത്രം തിരിക്കും
മരിച്ച ‘യന്ത്ര മനുഷ്യർ’
നെടുവീർപ്പിട്ടില്ല!
അവർ
ശവങ്ങ,
ളഴുകുന്നതിൽനിന്നും
‘വസന്തം’ പൊട്ടിവിടരുമെന്ന്
പുലമ്പിക്കൊണ്ടേയിരുന്നു!
അതപ്പടി വിഴുങ്ങി…
കുറേ അന്ധവിശ്വാസി
തീറ്റ പണ്ടാരങ്ങൾ!
ശവംത്തീനികൾ!

By ivayana