കഥാരചന : സൂര്യ സരസ്വതി*
വിങ്ങിക്കരയാൻ തുടങ്ങുന്ന മനസ്സുപോലെ ആകാശം മേഘാവൃതമായി കിടന്നു.. സന്ധ്യയുടെ ചോരചുവപ്പ് നിറം വറ്റി കറുത്ത് തുടങ്ങിയിരുന്നു.. ദുഖത്തിന്റെ തീവ്രത കുറയ്ക്കാൻ മരങ്ങൾ ശക്തമായി ദീർഘ നിശ്വാസമുതിർത്തു..
തണുത്ത കാറ്റിന്റെ ഈറൻ കൈകൾ വൃദ്ധയുടെ മെല്ലിച്ച ശരീരത്തെ പൊതിഞ്ഞു. അവർ വിറയ്ക്കുന്ന കൈകളോടെ ഭാണ്ഡക്കെട്ടഴിച്ചു അതിൽ നിന്നു ഒരു ഒരുപുതപ്പെടുത്തു ശരീരമാസകലം മൂടിപ്പുതച്ചു. കടമുറിയുടെ വീതികുറഞ്ഞ വരാന്തയിൽ കൂനിപ്പിടിച്ചിരുന്ന് വൃദ്ധ ആകാശത്തേക്ക് നോക്കി..ആകാശത്തിന്റെ കറുത്ത കണ്ണുകളിൽ നിന്ന് നീർമണികൽ പൊഴിയുന്നുണ്ടെന്നു തോന്നി. വൃദ്ധയുടെ നെഞ്ചിടിച്ചു. ഈശ്വരാ മഴ പെയ്യുന്നല്ലോ.. എന്തു ചെയ്യും.. വല്ല പനിയും പിടിച്ചു കിടപ്പിലായാൽ.. അവർ നെടുവീർപ്പിട്ടു.. അല്ലെങ്കിൽ തന്നെ എന്തിനാണിങ്ങനെ ജീവിച്ചിരിക്കുന്നത്.. ആർക്കും വേണ്ടാതെ..
പെട്ടന്ന് ഇരുളിനെ കീറിമുറിച്ചുകൊണ്ടു കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നൽ പിണറിൽ വൃദ്ധയുടെ കണ്ണു ചിമ്മി.. അതിന്റെ പ്രകാശത്തിലാണ് അവർ അവനെ കണ്ടത്.. ചോരച്ച കണ്ണുകളും ഒത്ത ശരീരവുമുള്ള അവൻ രണ്ടു മൂന്നു ദിവസമായി, രാത്രിയാകുമ്പോൾ പിന്നെ ഒരു തുണി വിരിച്ചു അവിടെത്തന്നെ കിടന്നുറങ്ങുന്നതും വൃദ്ധ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കണ്ടാൽ പേടി തോന്നുന്ന അവന് ഒരു റൗഡിയുടെ മട്ടും ഭാവവും ഉണ്ടായിരുന്നു.. പക്ഷെ അവന് ഒരു കൈ മാത്രമേ ഉണ്ടായിരുന്നുള്ളു..
തെരുവ് വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ മങ്ങിയ പ്രകാശത്തിൽ വൃദ്ധ അന്നത്തെ ഭക്ഷണ പൊതിയഴിച്ചു.. തണുത്ത ചോറിലും സാമ്പാറിലും വിരലുകൾ പരതുമ്പോൾ വൃദ്ധ അറിയാതെ കഴിഞ്ഞ കാലത്തെപ്പറ്റി ഓർത്തുപോയി.. പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെ ഏല്പ്പിച്ചു കൃഷ്ണേട്ടൻ മരിക്കുമ്പോൾ ക്ഷയിച്ചു നിലം പൊത്താറായ തറവാടും അരപ്പട്ടിണിയും മാത്രമായിരുന്നു മിച്ചം.. രണ്ടു തിരികൾ കത്തിക്കൊണ്ടിരുന്ന നിലവിളക്കിൽ നിന്നും ഒരു തിരി അപ്രതീക്ഷിതമായി അണഞ്ഞപ്പോൾ ആദ്യം പകച്ചുപോയി.
പക്ഷെ മക്കളെ കുറിച്ചുള്ള ചിന്ത അവരെ പഠിപ്പിച്ചു വലിയവരാക്കണമെന്നുള്ള ആഗ്രഹം ശേഷിച്ച തിരിക്കു എണ്ണ പകർന്നു . അത് കൂടുതൽ ഉജ്വാലമായി പ്രകാശിച്ചു.. പാടത്തും പറമ്പിലും ആരാന്റെ അടുക്കളയിലും എല്ല് മുറിയെ പണിയെടുത്തു.. മക്കൾ വളർന്നു പഠിച്ചു മിടുക്കരായി. ഉദ്യോഗസ്ഥരായി.. പക്ഷെ ആവശ്യം കഴിഞ്ഞപ്പോൾ മക്കൾക്കു അമ്മ അധികപ്പറ്റായി മാറി.. വൃദ്ധ സദനത്തിൽ എത്തിക്കാനുള്ള മക്കളുടെ സന്മനസ്സിനു കാത്തു നിൽക്കാൻ മനസ്സു അനുവദിച്ചില്ല. സ്വന്തമായി ഉണ്ടായിരുന്ന ചെറിയ സമ്പാദ്യവുമെടുത്തു വീട് വിട്ടിറങ്ങി.. തന്റെ മക്കൾ തന്നെ അനേഷിക്കുന്നുണ്ടാവുമോ.. എന്നെങ്കിലും അവർ വരും.. തെറ്റുകൾ ഏറ്റു പറഞ്ഞു കണ്ണീരോടെ തന്നെ തിരികെ കൊണ്ടുപോകും. .
അവൻ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു. വൃദ്ധയെ കണ്ടിട്ട് ഭിക്ഷക്കാരിയാണെന്നു തോന്നുന്നില്ല ഏതോ നല്ല വീട്ടിലെയാണെന്നു തോന്നുന്നു . അവരുടെ ഭാണ്ഡക്കെട്ടിൽ വില പിടിപ്പുള്ള എന്തെങ്കിലും കാണാതിരിക്കില്ല.. എങ്ങനെയെങ്കിലും അത് കൈക്കലാക്കണം.. കിഴവിയെ കൊന്നിട്ടാണെങ്കിലും.. അതിനു വേണ്ടിയാണു രാത്രിയിൽ രണ്ടു മൂന്ന് ദിവസമായി ഇവിടെതന്നെ കിടന്നുറങ്ങുന്നത്.. ഇന്നു എന്തായാലും അത് കൈക്കലാക്കണം.
അവൻ പതിയെ എഴുന്നേറ്റു ശബ്ദമുണ്ടാക്കാതെ അവരുടെ അടുത്തേക്ക് നടന്നു.. ഭാണ്ഡക്കെട്ടു തലയിൽ വച്ചാണ് കിഴവിയുടെ കിടപ്പ്.. അവൻ മെല്ലെ കുനിഞ്ഞു മുട്ടുകുത്തിയിരുന്നു, എന്നിട്ട് പതിയെ ഭാണ്ഡക്കെട്ടിൽ പിടിച്ചു വലിച്ചു. .
വൃദ്ധ കണ്ണു തുറന്നു ചാടിയെഴുന്നേറ്റു.. തെരുവ് വിളക്കിന്റെ പ്രകാശത്തിൽ അവർ അവനെക്കണ്ടു അന്ധാളിച്ചു..
“എന്താ മോനെ വിശക്കുന്നുണ്ടോ നിനക്ക്.. “
വൃദ്ധയുടെ അപ്രതീക്ഷിതമായ ചോദ്യത്തിന് മുൻപിൽ അവൻ പകച്ചുപോയി. .മോനെ എന്നുള്ള ആ വിളി അവന് അപരിചിതമായിരുന്നു. ജനിച്ചതിൽ പിന്നെ അവനെ അങ്ങനെ ആരും വിളിച്ചതായി അവനോർമ്മയില്ല.. സംഭവിച്ചുപോയ തെറ്റ് മൂടി വയ്ക്കാൻ ഏതോ കുപ്പത്തൊട്ടിയിൽ ഉപെക്ഷിച്ചുപോയ അമ്മയെ അവനെന്നും വെറുത്തിരുന്നു.. എച്ചിലിലക്കുവേണ്ടി നായ്ക്കളോടു കടിപിടി കൂടിയ ബാല്യം..
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഹോട്ടലിൽ അടിമ പ്പണി ചെയ്ത കൗമാരം.. വിശപ്പ് സഹിക്കാനാകാതെ ഒരിക്കൽ കുറച്ചു ഭക്ഷണം എടുത്തു കഴിച്ചതിനു കടയുടമ നൽകിയ സമ്മാനം ഒരു കൈ നഷ്ടപ്പെടുത്തി..
അവനെത്തന്നെ നോക്കി നിൽക്കുകയാരുന്നു വൃദ്ധ.. അവർക്കു അവനോടു വല്ലാത്ത അനുകമ്പയും വാത്സല്യവും തോന്നി.. “കുറച്ചു ചോറും സാമ്പാറും ഉണ്ട് അമ്മ അതെടുത്തു മോന് തരട്ടെ.. “
അമ്മ ‘ ആ വാക്ക് അവനെ കൂടുതൽ തളർത്തി.. നെഞ്ചിൽ എന്തോ തടഞ്ഞതുപോലെ അവൻ തല കുടഞ്ഞു..
‘അമ്മ ‘ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സ്വന്തം അമ്മയുടെ മുഖം വെറുതെ അവനൊന്നോർത്തു നോക്കി . ഒരിക്കലുമറിഞ്ഞിട്ടില്ലാത്ത ആ സ്നേഹസാമീപ്യം ആ നിമിഷം അവനറിയാതെ കൊതിച്ചുപോയി . എന്നെങ്കിലും തന്റെ അമ്മ ഈ മകനെ കാണാൻ വരുമോ
“മോനെ നീയെന്താ ആലോചിക്കുന്നെ . “
“ഒന്നുമില്ല അമ്മേ അമ്മ കിടന്നോളു ദാ അവിടെ ഞാനുണ്ടാവും എന്നും അമ്മയ്ക്ക് കൂട്ടായിട്ട് “
അവൻ നടന്നകലുന്നത് നോക്കി വൃദ്ധ പ്രാർത്ഥനയോടെ കൈകൾ കൂപ്പി . “ഈശ്വരാ എന്റെ കുട്ടിയെ രക്ഷിക്കണേ “