രചന : സതിസുധാകരൻ*
അമ്മ തൻ ഗർഭത്തിൽ കുഞ്ഞൊരു കീടമായ് ആരും കാണാതൊളിച്ചിരുന്നു.
തളിരില നീരും അമൃതായ് ഭുജിച്ചപ്പോൾ
എന്നിലെ ജീവൻ തുടിച്ചു വന്നു.
ദിവസങ്ങളോരോന്ന് മാറി മറിഞ്ഞപ്പോൾ ഞാനൊരു ചിത്രശലഭമായി.
പുള്ളിയുടുപ്പിട്ടുപാറി നടന്നു ഞാൻ പൂവുകൾ തേടി നാടുനീളെ !
പൂന്തോപ്പിൽനുള്ളിലെ മന്ദാരപ്പൂവുകൾ, എന്നെയും മാടി വിളിച്ചു നിന്നു.
പുഞ്ചിരി തൂകിയ പവിഴമല്ലി പ്പുക്കൾ തേൻ നുകർന്നീടുവാൻ കാത്തുനിന്നു.
സന്തോഷം കൊണ്ടെൻ്റെ കുഞ്ഞിച്ചിറകുകൾ അറിയാതെ പൊങ്ങി പ്പറന്ന നേരം
ഓടിക്കിതച്ചു വന്നെത്തി കൊടുങ്കാറ്റ് എൻ്റെ ചിറകു പിഴുതെറിഞ്ഞു.
ചിറകൊടിഞ്ഞുള്ളൊരു പക്ഷിയെപ്പോലെ ഞാൻ
താഴേക്കു വീണു നിലംപതിച്ചു.
വേദന കൊണ്ടു പിടഞ്ഞെൻ്റെ മേനിയിൽ
ആരും തലോടുവാൻ വന്നതില്ല.
അമ്മ തൻ നിഴലുപോൽ വന്നെൻ്റെ മേനി
മൃദുലമായ് തൊട്ടു തലോടിനിന്നു.