രചന ~ ഗീത മന്ദസ്മിത✍

പെട്ടു പോയ് നീ മാനവാ..,
അകപ്പെട്ടുപോയ്….
ഈ മാരിക്കും പേമാരിക്കുമിടയിൽ…
ഇതൊരു കളി —
പ്രകൃതിയും നീയുമായുള്ളൊരു ചതുരംഗക്കളി…
ആദ്യം കരുക്കൾ നീക്കിയത് നീ…
പ്രകൃതിക്കെതിരെ.., കറുത്ത കരുക്കൾ..,
കറുപ്പുവിനെ വെളുപ്പാക്കിയതും നീ…
വെട്ടി മാറ്റി നീ വൃക്ഷങ്ങളെ…
തട്ടി മാറ്റി നീ നിയമങ്ങളെ…
തടുത്തൂ നീ നീരുറവകളെ…
അടച്ചൂ നീ പഴുതുകൾ–
കോട്ടകളാൽ, മതിലുകളാൽ, ടാറിട്ട പാതകളാൽ…
ജയഭേരി മുഴക്കി, ആർത്തട്ടഹസിച്ചു…
വഴിമുട്ടിയ ജലാശയങ്ങൾ
നിൻ കാൽക്കലായ് വീണു കേണൂ….
ഒന്നും കണ്ടില്ല നീ, കേട്ടില്ല നീ
നീക്കി വീണ്ടും വീണ്ടും കരുക്കൾ…
ഒന്നൊന്നായ് വെട്ടിപ്പിടിച്ചു….
എന്നാൽ മനുജാ, നീയോർത്തില്ല
അടുത്ത കരുനീക്കത്തിന്നൂഴം പ്രകൃതിയുടേതെന്ന്… !
അറിഞ്ഞതില്ലവൾതൻ ശക്തിയും…
കളിക്കളത്തിലിറങ്ങും മുമ്പറിയണം
എതിരാളിയുടെ ശക്തിയെ, കരുനീക്കങ്ങളെ…
ഇതവൾ തൻ ഊഴം, ഊഴിതന്നൂഴം, പ്രകൃതിതന്നൂഴം
അവൾ നീക്കുന്നു കരുക്കൾ ഒന്നൊന്നായ് നിനക്കെതിരേ
മാരിയായ്…, പേമാരിയായ്….
ആധിയായ്, മഹാവ്യാധിയായ്…
പ്രളയമായ്, ആഞ്ഞടിക്കും കൊടുംകാറ്റായ്…
പിളർക്കും മിന്നല്പിണറായ്…
എവിടെ നിൻ കരുക്കൾ…?
എവിടെ നിൻ പടക്കോപ്പുകൾ..?
എവിടെ നിൻ കുറുക്കു വഴികൾ..?
എവിടെ നിനക്കു വഴികാട്ടിയ ശകുനിമാർ…?
എവിടെ നിൻ ശാസ്ത്രവിദ്യകൾ..?
ഹേ മാനവാ…,
ഇതു നിന്നന്ത്യ യുദ്ധം..!
ഈ കളിക്കളത്തിൻ നിലയില്ലാക്കയത്തിൽ,
നിന്നടിയറവു സുനിശ്ചിതം..!
ഇതു പ്രകൃതി നിശ്ചയം…!

By ivayana