രചന : ബോബി സേവ്യർ*
പൂക്കൾ ചുവക്കുകയാണ്…
ഒറ്റയായല്ല…….. ഇരട്ടയായല്ല…..
ഒരു കുടന്നപ്പൂക്കളായ്…..
രക്താഭമാണിന്നു പകലുകൾ…..
മിഹിരന്റെ അസ്തമയതേജസ്സിന്റെ
കുങ്കുമവർണ്ണത്തിൽ ചുവന്നതല്ല…..
നിന്റെ കുഞ്ഞുപൂക്കളെ
പിഴിഞ്ഞെടുത്ത ചുടുനിണം വീണു ചുവന്നതത്രേ……
ഹേ ഹൃദയമേ…..
കഠിനതയുടെ
ഊന്നുവടികളെടുത്ത്
കുത്തുക…….
വെള്ളയിൽ പൊതിഞ്ഞു
നിരത്തിയൊരു പൂക്കളെ
ഒറ്റനോട്ടത്തിലൊരംശത്തിലൊന്നിൽ
കണ്ണുകൾപായിച്ചവസാന
കാഴ്ചയും കണ്ടു മടങ്ങുവാൻ…..
ഒരിടത്തുകാണാം
വിശപ്പിൽ നീറിയൊരിളം
പൈതലവനൊന്നു
മുട്ടിലിഴയാനൊരു ത്രാണിയില്ലാതെ
ഉറ്റുനോക്കൊന്നൊരു
കബന്ധത്തിലൊക്കുമെങ്കിലവന്റെ പഷ്ണി മാറ്റുവാൻ ……..
ഇനിയൊരിടത്ത് കാണാം
വലിച്ചിഴയ്‌ക്കപ്പെടുന്നൊരമ്മയെ,
കൈയ്യിലൊരു വളപോലെ
കുഞ്ഞുമകൾ…….
കാലിലൊരു തളപോലെ
മൂത്തതും……..
വർഗ്ഗീയ വെറികൊണ്ടൊരു
മുതലാളിത്വം
അധികാരച്ചങ്ങല കിലുക്കി
തള്ളുന്നു വണ്ടിയിലേക്ക്……
അപ്പോഴും
കാതിൽലുയരുന്നത്
ഭാഷയുടെ അതിർവരമ്പൊന്നു
മാറ്റിയാൽ അമ്മേയെന്ന
ആർത്തനാദം തന്നെ………
മേൽക്കൂരകൾ
തകരുകയാണ് കർണ്ണകഠോരം…,.
ഒന്നും ഒന്നെല്ലന്നു രണ്ട് ദേശവും
തകർന്നു തരിപ്പണമായൊന്നിച്ചു
കുടിപ്പകകെട്ടിയ
കൂമ്പാരങ്ങളും……
അവിടെയൊരച്ഛൻ
നിർവികാരത ഊറിയൊരു
കണ്ണിലെ കാഴ്ചകളുടച്ചുവാർത്തു
ചിതറിയചിന്തകളുടെ
കൽമതിൽപോലെ
ഇരുകൈകളും മുകളിലേക്കുയർത്തി
പിറുപിറുത്തു നില്പാണ് നോവിന്റെ മുനമ്പിലൊരു യുദ്ധസ്മാരകം പോലെ…….