Shangal G T*
ഓരോ ആരംഭത്തിനും പിറകെ
വാലാട്ടി,പല്ലിളിച്ച്
കൂടിക്കോളും അവയുടെ തന്നെ
അവസാനങ്ങളും എന്ന്
അത്രമാത്രം
തുറന്നിരിപ്പുണ്ടാവില്ല മറ്റൊന്നും…
അത്രയും പരസ്പരം പറ്റിച്ചേര്‍ന്നിരിക്കില്ല
മറ്റൊന്നും…
വാക്കുകള്‍ അവയുടെ
പാരമ്യത്തില്‍
ജപങ്ങളായ് മാറുംപോലെയാ…
ഓരോ വേദനയും
അതിന്റെ പരമാവസ്ഥയില്‍
ആനന്ദമായ് മറയുംപോലെയും
ഭാഷ അതിന്റെ ഏറ്റവും ഉയരത്തില്‍
കവിതയായ് മാറുംപോലെ
അത്രയും കൃത്യമായ്ത്തന്നെയാവും
ചതഞ്ഞരയുമ്പോഴുള്ള നിര്‍വൃതിയും ….
ആകാശത്തിനുവെളിയില്‍
മറ്റൊന്നും ഇല്ലാത്തതുപോലെ
അത്രമാത്രം നാം പരന്നേ പറ്റൂ പരന്നേപറ്റൂ എന്ന്
അത്രമാത്രം നാം
നിറഞ്ഞേപറ്റൂ നിറഞ്ഞേപറ്റൂ എന്ന്
സംഗതികള്‍ അത്രയും
ഗുരുവാകാനില്ല, ഗുരുവാകാനില്ല…
എന്നാല്‍ എന്തോന്നാ..ല്ലെ……
ഉള്ളിപൊളിക്കുംപോലെയാ എന്ന്
ഭാഷകൊണ്ടെന്നപോലെ
കോശങ്ങള്‍ക്കൊണ്ടും
വെട്ടിത്തുറന്നങ്ങ് പറയുംപോലെയാ…
ഉണര്‍ന്നിരുന്നല്ലാതെ
എങ്ങനെ പറഞ്ഞൊപ്പിക്കും
ഈ പകലിനെ എന്നത്രയും വെയിലോടെ…..
ഉറങ്ങിക്കൊണ്ടല്ലാതീ രാത്രിയെ
എന്നത്രയും ഇരുളോടെ
ജീവിച്ചുകൊണ്ടല്ലാതീ ജീവിതത്തെ…
എന്നത്രയും മധുരമായ് ..മധുരമായ്……!
ആത്മഹത്യചെയ്യാനുള്ള ഒരേയൊരു മോഹമാണ്
ഇന്നെന്നെ ജീവിപ്പിക്കുന്നത്…
എന്ന് ജീവിതം ചിലപ്പോഴൊക്കെ തമാശപൊട്ടിക്കും…
തൂങ്ങാന്‍ മാവിന്‍കൊമ്പില്‍
കയറിയിരിക്കുന്നവന്‍പോലും
അപ്പോള്‍
പൊട്ടിച്ചിരിച്ച് ജീവിതമെന്ന മഴവില്ലെഴുതിപ്പോകും……
ഒന്നിനെ അതിന്റെ നിഷേധത്തിലൂടെ
എങ്ങനെ പറഞ്ഞൊപ്പിക്കാനാ
എന്നോര്‍മ്മിപ്പിച്ചുപോകും….!
ഒരു വാക്ക് അതിന്റെ ധ്വനിയുടേയും
ധ്വനിയിലേക്ക്
മുങ്ങാങ്കുഴിയിട്ടു മറയുംപോലെയാ
ഓരോ ആകലും തീരലും എന്ന് …
ഓരോ പറച്ചിലും പിടച്ചിലും എന്ന്
അടിവരയിട്ടുിട്ടുപോകും…