കവിത : രാജു കാഞ്ഞിരങ്ങാട്*
ദൈവം ചവച്ചു തുപ്പിയനാക്കുപോലെ –
യൊരുവൻ
അവൻ ഗ്രീഷ്മത്തിലെ നട്ടുച്ചയെ,യോർമ്മി –
പ്പിക്കുന്നു
പരിചിതനായ വനയാത്രികനെപ്പോലെ,യവൻ
നടക്കുന്നു
രഹസ്യങ്ങളില്ലാത്ത ഒരു കടൽ
ഇസ്തിരിവെച്ച കുപ്പായം പോലെ
ചിന്തേരിട്ട ചിന്തയുമായി അവൻ നടക്കുന്നില്ല
നാനാർത്ഥമുള്ള ഒരു വാക്ക്
സ്വപ്നങ്ങളുടെ ഒരു ഭൂമിക
ഋതുക്കളെ അവൻ തലയിലേറ്റി നടക്കുന്നു
അവൻ ഒരു നിമിഷംപോലും ഏകാകിയല്ല
ഉള്ളിലെ,യാൾക്കൂട്ടത്തോട് സംസാരിച്ചുകൊ-
ണ്ടേയിരിക്കുന്നു
ഓരോ അണുവിലും വിവർത്തനം ചെയ്യപ്പെട്ടു –
കൊണ്ടിരിക്കുന്നു
അവൻ ചിറകുകളാകുന്നു
കളിപ്പാട്ടമാകുന്നു
കുട്ടിയുടെ ഇളംബോധത്തെ ചേർത്തു നിർത്തുന്നു
ജീവിത ബോധത്തിനുപിടികൊടുക്കാതെ –
തെന്നി നടക്കുന്നു
അവൻ മുഖം മൂടി വലിച്ചെറിഞ്ഞവൻ
ചിരിക്കുന്ന രാജാവ്
ചിരിക്കാൻ മറന്ന ജനപദങ്ങൾക്കുനേരെ
നിവർന്നു നിൽക്കുന്ന ഒരു ചോദ്യചിഹ്നം
അവന് കടലിൻ്റെ നീല പേശികൾ
ഭൂമിയുടെ ദൃഢതയാർന്ന ഹൃദയം
കാടിൻ്റെ വന്യത മുറ്റി നിൽക്കുന്ന കണ്ണുകൾ
അമർത്തിവെച്ചാലും തുളുമ്പി നിൽക്കുന്ന –
പൊട്ടിച്ചിരി
ഒരു വ്യാഘ്രം
ഒരു ശശം
സ്നേഹത്തിൻ്റെ വിലാപം
മോഹങ്ങളെല്ലാമഴിച്ചു വെച്ച് പച്ച മണ്ണിലേക്ക് –
ഇറങ്ങി നടന്നവൻ.