രചന : ശ്രീകുമാർ എം പി*

വിടരുന്ന രജനിയാം
ഇളം നീലമലരിന്റെ
ഇതളുകൾക്കുള്ളിൽ
മയങ്ങി വീഴ്കെ
അരുമയാം പൂവ്വിന്റെ
കരൾ പകർന്നേകിയ
നിദ്രയിൽ സ്വപ്നത്തി-
ലാണ്ടു പോകെ
സുഖമായ് മതിമറ-
ന്നുറങ്ങവെ യാത്മാവിൽ
മധുവും മണവും
പകർന്നു നൽകി
ഇളകുന്ന ദളങ്ങളാം
മഞ്ചലിലാട്ടി യാ
ഇതളുകൾ വിളുമ്പിനാൽ
തഴുകീടവെ
ഇളം നീല ദീപ്തമാം
പൂമ്പൊടി തൂകിയാ
നിദ്രയ്ക്കു ചാരുത
പകർന്നു നൽകി
ഒടുവിൽ നിറഞ്ഞ
മനസ്സുമായുണരവെ
ചെവിയിൽ സ്വകാര്യം
പറഞ്ഞു രാവ്
പുലരുന്നു നേരം
വരുന്നെന്റെ പാതി
പകലായ് നീയ്യങ്ങു
ചെന്നീടുക
പുണരണം പകലിനെ
കർമ്മവീര്യത്തിനാൽ
പുതു ലോകമൊന്നു
രചിയ്ക്കുവാനായ്
പിന്നെ തളരുമ്പോൾ
ഞാനണഞ്ഞീടും വ-
ന്നെൻ മടിത്തട്ടിൽ
സുഖമായുറങ്ങുക.

By ivayana