കഥ : സുനു വിജയൻ*
ടൗട്ട ചുഴലിക്കാറ്റ് തകർത്ത ഒരു കുടുംബത്തിന്റെ കഥാവിഷ്ക്കാരം ഞാൻ കണ്ട അറിഞ്ഞ ദുഃഖ കഥ.
ജിജോ ഒരു ലോറി ഡ്രൈവർ ആണ് .പിറവത്തുനിന്നും അഞ്ച് കിലോമീറ്റർ തെക്ക് കളമ്പൂർ ഗ്രാമത്തിൽ താമസിക്കുന്നു .ഭാര്യയും മൂന്നു മക്കളും അമ്മയും അടങ്ങുന്ന കുടുംബം ..നാട്ടിൽ എങ്ങും കൊറോണ പടർന്നു പിടിച്ചപ്പോൾ ജിജോയുടെ ലോറി മുതലാളി ഒരു തീരുമാനം കൈക്കൊണ്ടു .ഇനി കൊറോണ മാറിയിട്ട് ലോറി ഓടിച്ചാൽ മതി എന്ന് ..മുതലാളിയുടെ തീരുമാനം അറിഞ്ഞപ്പോൾ തനിക്ക് ഒത്തിരി ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ആ തീരുമാനം ശരിയാണെന്നു ജിജോക്കും തോന്നി .
കാരണം ലോറിയുമായി പലവഴിക്ക് പോകുന്നതാ എവിടെനിന്നെങ്കിലും കൊറോണ പിടിച്ചാലോ ..വീട്ടിൽ കുഞ്ഞു മക്കൾ ഉള്ളതാ ..
ലോറി ഓടിക്കാൻ പോകാൻ കഴിയില്ല എന്നു കരുതി വീട് പട്ടിണി ആയി പോകരുതല്ലോ .ഇനി കൃഷി തന്നെ ശരണം .വീടിനോട് ചേർന്നു കുറച്ചു പറമ്പുണ്ട് .അവിടെ കപ്പയും ,ചേനയും ,വാഴയും ,മഞ്ഞളും ഒക്കെ നട്ടു ..ഇടയ്ക്കു കളമ്പൂർകരയിലെ ധനാഢ്യനായ കർഷകൻ മാത്തൻ ചേട്ടന്റെ പറമ്പിൽ പണിക്കു പോകും ..വീട്ടിലെ അന്നന്നേടം കുഴപ്പമില്ലാതെ കടന്നു പോയി ..
ഒരു ദിവസം പണിക്കു ചെന്നപ്പോൾ മാത്തൻ ചേട്ടൻ ജിജോയോട് പറഞ്ഞു ..
“എടാ ജിജോ നമ്മുടെ പാടത്തിന്റെ കരയിലുള്ള ആ മീൻകുളം ഒന്നു വൃത്തിയാക്കി ഇത്തവണ നീ അവിടെ മീൻ കൃഷി ചെയ്തോ ..ഗിഫ്റ്റ് സിലോപ്പിയ മതി ..അതാകുമ്പോൾ ആറു മാസം കഴിയുമ്പോൾ വിളവെടുക്കാം ..ഒരു മൂന്നു മീൻ ഒരു കിലോ വരും ..കുറഞ്ഞത് കുളത്തിൽ അയ്യായിരം കുഞ്ഞുങ്ങളെ ഇടാം ..നിനക്ക് ഒരു പണിയും ആകും നല്ല വരുമാനവും കിട്ടും …”
മാത്തൻ ചേട്ടന്റെ നല്ല മനസ്സിന് എങ്ങനെ നന്ദി പറയണം എന്നു ജിജോക്ക് അറിയില്ലായിരുന്നു ..ലോറിയിൽ തിരിച്ചു കയറാൻ സമയം എടുക്കും .ഒന്നു പിടിച്ചു നിൽക്കാൻ മീൻകൃഷി നല്ലതാ ..വളർത്തു മീനിന് നല്ല ഡിമാൻഡ് ഉണ്ട് . കിലോക്ക് എങ്ങനെ പോയാലും 150 രൂപ മിനിമം കിട്ടും ..ജിജോ സ്വപ്‌നങ്ങൾ നെയ്തു ..
മീന്കുഞ്ഞുങ്ങളെ വാങ്ങാൻ ഭാര്യ സിസിലിയുടെ കെട്ടുതാലി വിറ്റു ..മീൻകുഞ്ഞു ഒന്നിന് അഞ്ച് രൂപ നിരക്കിൽ അയ്യായിരം കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു ..
പണിക്കു പോയി കിട്ടുന്ന പൈസയിൽ അധികവും മീനിന് തീറ്റ വാങ്ങാൻ ഉപയോഗിച്ചു ..
സിസിലി അയൽക്കൂട്ടം പണിക്കു പോകുന്നതിനാൽ വീട്ടിലെ കാര്യങ്ങൾ മുട്ടു കൂടാതെ നടന്നു ..പിന്നെ സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വലിയ സഹായമായി ..
മാസങ്ങൾ വേഗം കടന്നു പോയി ..മീനുകൾ കുളത്തിൽ വളർന്നു ..ജിജോ പലരോടും കടം വാങ്ങി മീനുകൾക്ക് മുറക്ക് നല്ല തീറ്റ വാങ്ങി നൽകി ..
ഒരു ദിവസം രാത്രി ജിജോയുടെ നെഞ്ചിൽ തലവച്ചു സിസിലി പറഞ്ഞു ..
“ഇച്ചായാ ..മീൻ വിളവെടുക്കുമ്പം എന്റെ പണയം വച്ച മിന്നുമാല മാറ്റി ഒന്നു പുതിയത് വാങ്ങി തരണേ ..മാല ഒരു രണ്ടു പവനെങ്കിലും വാങ്ങണം …പിന്നെ ജൂലി മോളുടെ ആദ്യ കുർബാന നടത്തണ്ട സമയം കഴിഞ്ഞു ..അതു നമുക്ക് കേമമായി നടത്തണം ..”
ഒക്കെ നടത്താം പറ്റിയാൽ ജൂലിമോൾക്കു ഒരു ചെറിയ സ്വർണമാലയും വാങ്ങണം ..പിന്നെ നമ്മുടെ വീട് ഒന്നു സിമന്റ് തേച്ച് വെടിപ്പാക്കണം ..നമുക്ക് കുഞ്ഞുങ്ങളുമായി എറണാകുളത്തൊക്കെ ഒന്നു കറങ്ങാനും പോണം” ..സിസിലിയെ നെഞ്ചോടു കൂടുതൽ ചേർത്തു ജിജോ പറഞ്ഞു ..
ഒരാഴ്ചക്ക് ശേഷം മീൻ വിളവെടുക്കാൻ ജിജോ തീരുമാനിച്ചു ..മൊത്ത കച്ചവടക്കാരോട് വിലയൊക്കെ പറഞ്ഞുറപ്പിച്ചു …
സിസിലി പുതിയ മിന്നുമാല സ്വപ്നം കണ്ടു ..
ജൂലിമോൾ ആദ്യകുര്ബാനക്ക് പിറവം വലിയ പള്ളിയുടെ നടക്കെട്ടുകളിൽ തിളങ്ങുന്ന വെള്ള ഒറ്റയുടുപ്പിട്ടു ഒരു മാലാഖയെപ്പോലെ കൂട്ടുകാരികളോട് ചേർന്നു ഫോട്ടോ എടുക്കുന്നതും ,എറണാകുളത്തു മെട്രോ ട്രയിനിൽ യാത്ര ചെയ്യുന്നതും സ്വപ്നം കണ്ടു ..
ആ സ്വപ്നം അവൾ ഇളയ അനുജന്മാരുടെ മനസ്സിലേക്കും പകർന്നു നൽകി …
അശിനിപാതം പോലെ കേരളത്തിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമായി ..
കേരളം മുഴുവൻ ലോക്ക് ഡൌൺ …പിറവം മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ഉള്ള കളമ്പൂർ ഗ്രാമവും അടച്ചു ..ഇനി പത്തു ദിവസങ്ങൾ കഴിയണം മീൻ വിളവെടുക്കാൻ ..സാരമില്ല അത്രയും കൂടി വളരുമല്ലോ ..ജിജോയും സിസിലിയും ആശ്വസിച്ചു …
കൊറോണ എറണാകുളം ജില്ലയിൽ കൂടുതൽ പടർന്നു പിടിക്കുന്നു ..എറണാകുളം ഉൾപ്പെടെ നാലു ജില്ലകളിൽ ഞായറാഴ്ച മുതൽ ഒരാഴ്ചകാലത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൌൺ ..ആരും പുറത്തേക്കു ഇറങ്ങരുത് എന്ന കർശന ഓർഡർ …വീണ്ടും മീൻ വിളവെടുപ്പ് ഒരാഴ്ചകാലത്തേക്ക് നീണ്ടു ..
വെള്ളിയാഴ്ച കാലത്തു ജിജോയും സിസിലിയും മീനിന് തീറ്റ കൊടുക്കാൻ കുളത്തിന്റെ കരയിലെത്തി ..കുളത്തിൽ മദിച്ചു നടക്കുന്ന വലിയ സിലോപ്പിയകളെ നോക്കി സിസിലി പറഞ്ഞു
“ഇച്ചായ നമുക്ക് മൂന്നാലെണ്ണത്തിനെ പിടിച്ചു കറിവച്ചാലോ ..മുഴുപ്പ് കണ്ടിട്ട് മൂന്നെണ്ണം ഒരു കിലോക്ക് മുകളിൽ കാണുമെന്നാ തോന്നുന്നേ “..
നീ തിരക്ക് കൂട്ടാതെ ഒരാഴ്ച ഒന്നു കഴിഞ്ഞോട്ടെ ..അപ്പോൾ നമുക്ക് ഇഷ്ടം പോലെ എടുക്കാമല്ലോ ..അല്ലപിനെ ..ജിജോ ചിരിച്ചുകൊണ്ടു പറഞ്ഞു …
അന്ന് വൈകുന്നേരം ടി വി യിൽ വാർത്തകളിൽ ടൗട്ട ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കണ്ട സിസിലി ജിജോയോട് പറഞ്ഞു ..
“ഇച്ഛയാ ശക്തമായ കാറ്റും മഴയും കാണും ..നമ്മുടെ ആട്ടിൻ തൊഴുത്തും ആകെ പോയികിടക്കുവാ ..കാറ്റത്തും മഴയത്തും ബാക്കി കൂടി പോകാത്തിരുന്നാൽ മതിയാരുന്നു ..മീൻ വിറ്റു കഴിഞ്ഞു ഇച്ചിരി പൈസകൊണ്ട് ആ ആട്ടിൻ കൂടും ഒന്നു ശരിയാക്കണം” …..
ടൗട്ട കേരളത്തിൽ തകർത്തു പെയ്തു ..എങ്ങും ശക്തമായ കാറ്റും മഴയും മരങ്ങൾ കടപുഴകി ..നദികൾ കരകവിഞ്ഞൊഴുകി ..അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു ..വ്യാപകമായി കൃഷിനാശം സംഭവിച്ചു …കടൽക്ഷോഭത്താൽ ധാരാളം വീടുകളിൽ വെള്ളം കയറി ..ധാരാളം വീടുകൾ തകർന്നു ..തീരദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ..വെള്ളിയാഴ്ച വൈകിട്ട് പെയ്തു തുടങ്ങിയ മഴ ഞായറാഴ്ച കാലത്തുവരെ നിന്നു പെയ്തു …
കൊറോണക്കൊപ്പം പേമാരിയും കേരളം രോഗത്തിൽ വിറച്ചു …മഴയിൽ കുതിർന്നു ..
ഞായറാഴ്ച കാലത്തു കുളത്തിൽ എത്തിയ ജിജോയും സിസിലിയും തകർന്നു പോയി …എവിടെ തങ്ങളുടെ മീൻകുളം …വയലും ,കുളവും ഒന്നായി കളമ്പൂർ പുഴയിലേക്ക് ഒഴുകുന്നു …നോക്കെത്താ ദൂരത്തു വെള്ളം മാത്രം …കുളത്തിൽ ഇനി ഒരു മീൻപോലും അവശേഷിക്കുന്നില്ല എന്നു ജിജോ അറിഞ്ഞു ..പുതുവെള്ളത്തിൽ പുഴയിലേക്ക് നീന്തിയ മീനുകളെ ഓർത്തു
ആ വെള്ളക്കെട്ടിൽ ബോധംകെട്ടു വീഴാതെ ജിജോ ഭാര്യയുടെ കൈപിടിച്ച് വീട്ടിലേക്കു മഴനനഞ്ഞു നടന്നു ..
വീട്ടിൽ അപ്പോൾ ജൂലിമോൾ തന്റെ ആദ്യകുര്ബാനയുടെ വർണ്ണ സ്വപ്‌നങ്ങൾ കുഞ്ഞനിയന്മാരുമായി പങ്കുവക്കുകയായിരുന്നു ..