രമേഷ് ബാബു.
ശരീരത്തിൽ ജീവൻ നിലനിൽക്കുമ്പോൾ മാത്രമേ അതിന് നിലയും വിലയും ഉള്ളൂ..
അതിനുള്ള ഉത്തമ ഉദാഹരണമാണ് ഉത്തരേന്ത്യൻ നദികളിലൂടെ ഒഴുകി നടക്കുന്ന ശവശരീരങ്ങൾ..
അതിൽ അച്ഛൻമാരുണ്ട്,
അമ്മമാരുണ്ട്, മക്കളും പേരമക്കളും ഉണ്ടായേക്കാം..
പല പേരുകളിൽ അറിയപ്പെട്ടവർ,പലജാതിയിൽ പെട്ടവർ, ഒരുപക്ഷേ പല മതസ്ഥരും ഉണ്ടാവാം..
എന്നാൽ ഇവരിൽ ആർക്കും ജീവൻ ഇല്ലാത്തതിനാൽ ഇവർക്കെല്ലാവർക്കും ഒരേ പേരാണുള്ളത്, “ശവം”
ഒരു വ്യക്തി, അവന്റെ സ്വപ്നങ്ങൾ, അവന്റെ ഇഷ്ടങ്ങൾ, അവന്റെ സമ്പാദ്യം, അവന്റെ സ്വന്തബന്ധങ്ങൾ എല്ലാം ഭൂമിയിൽ ഉപേക്ഷിച്ച് കേവലം ശവം ആയി മാറേണ്ടുന്നത് അവന്റെ ജീവിതാഭിലാഷങ്ങൾ പൂർത്തീകരിച്ച് ഒരു പുരുഷായുസ്സ് മുഴുവനും ആരോഗ്യത്തോടെ ജീവിച്ച് വാർദ്ധക്യവും കടന്ന് ഓർമ്മയും, കാഴ്ചയും, കേൾവിയും, നശിച്ച് സ്വയം ജീവിച്ചിരിക്കുന്നത് പോലും അറിയാത്ത അവസ്ഥയിൽ മരിച്ചു പോകുന്നതാണ് യഥാർത്ഥ മരണം എന്ന് പറയുന്നത്..
മുൻപും നാട്ടിൽ മഹാമാരികൾ പടർന്ന് പിടിച്ച് കൂട്ടമരണങ്ങൾ സംഭവിച്ചിട്ടുണ്ട്,
വസൂരി, അതിനുദാഹരണമാണ്.
ജീവനുകളെ കുടിലോടെ കത്തിച്ച കഥകളെല്ലാം പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്,
നിങ്ങൾക്കറിയുമോ ഹൈദ്രാബാദിലുള്ള ചാർമിനാർ സത്യത്തിൽ ഒരു കാഴ്ചവസ്തു അല്ല.
അത് ഒരു മഹാമാരിയുടെ അടയാളമാണ്.
പ്ലേഗ് എന്ന മഹാമാരി ഇതുപോലെ പതിനായിരങ്ങളുടെ ജീവൻ എടുത്തപ്പോൾ അന്നത്തെ ഭരണാധികാരിയായ കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷായുടെ പ്രാർത്ഥനയുടെ അടയാളമായാണ് ഈ സ്മാരകം സ്ഥാപിച്ചത്. പ്ളേഗ് നിർമാജനം ചെയ്തതിൻറെ സ്മരണാർത്തം 1591ലാണ് ചാർമിനാർ നിർമ്മിച്ചത്.
അത് അന്നത്തെ കാലം, ശാസ്ത്രം പുരോഗമിക്കാത്ത കാലം, പ്രാർത്ഥന മാത്രം മരുന്നായുണ്ടായിരുന്ന കാലം,
ഇന്നോ എല്ലാം തികഞ്ഞു എന്ന് കരുതി വന്ന കാലനേയും വെല്ലുന്ന കാലം,
എല്ലാ അഹങ്കാരങ്ങളേയും തകർത്തെറിഞ്ഞുകൊണ്ടാണ് കോറോണയുടെ വരവുണ്ടായത്,
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിച്ചു താമസിക്കുന്ന തനിക്ക് എങ്ങനെയാണ് കോവിഡ് വന്നതെന്ന് അറിയില്ലെന്നാണ് എഴുത്തുകാരി തസ്ലിമ നസ്രിൻ പറയുന്നത്. കൂട്ടിന് ഒരു പൂച്ച മാത്രം. പുറത്തേക്ക് പോകാറുമില്ല, പുറത്തുനിന്ന് ആരേയും പ്രവേശിപ്പിക്കാറുമില്ല എന്നിട്ടും എനിക്ക് കോവിഡ് വന്നതെങ്ങനെയെന്നറിയില്ല എഴുത്തുകാരി തസ്ലീമ നസ്റിന്‍.
അവർ പറഞ്ഞത് സത്യമെങ്കിൽ..
ഓർക്കാൻ പരീക്ഷിത് മഹാരാജാവിന്റെ കഥമാത്രം..
എവിടെ പോയി ഒളിച്ചാലും രക്ഷയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു..
ഇന്ന് കേരളത്തിൽ മാത്രം മരണം കൂടിക്കൊണ്ടേയിരിക്കുന്നു..
നാളെ അത് ഇനിയും കൂടിയേക്കാം..
ശരീരംകൊണ്ട് അകലം പാലിക്കുക, മനസ്സുകൊണ്ട് പരസ്പരം സ്നേഹിക്കുക,
അവനവനും,അപരനും വേണ്ടി പ്രാർത്ഥിക്കുക, കഴിയുന്ന സഹായങ്ങൾ ചെയ്യുക, ഇത്ര മാത്രമേ മനുഷ്യനാൽ ആകൂ..
എല്ലാവർക്കും നല്ലത് വരട്ടേ..🙏