കവിത : വൈഗ ക്രിസ്റ്റി*
ഏനാസ് മാപ്ലയ്ക്ക് പെണ്ണും പെടക്കോഴീമില്ല…
മണ്ണും കൂരേമില്ല…
പരപരാന്ന് വെളുക്കുമ്പം
ഏനാസെണീക്കും
കൈക്കോട്ടെടുക്കും
തെക്കായാലും വടക്കായാലും
പാടമായാലും പറമ്പായാലും
ഏനാസ് മാപ്ലയ്ക്കൊരു പോലാന്നേ
ഉച്ചവരേയ്ക്കും വെറകുകീറും
അന്തി വരേയ്ക്കുംവെള്ളംകോരും
തെങ്ങുമ്മേ കേറും
തേങ്ങ പൊതിക്കും
അധ്വാനിയാ അധ്വാനി …
ഏനാസ് മാപ്ളയ്ക്ക് പെണ്ണും പെടക്കോഴീമില്ല…
മണ്ണും കൂരേമില്ല…
അന്തികനത്താൽ,
ഷാപ്പീ കേറും
കള്ളുകുടിക്കും
ദിക്കുമറക്കും
ചോര തെളയ്ക്കും
തലേക്കെട്ടിയ തോർത്തഴിക്കും
നെലത്തടിക്കും
കുടിയൻമാരുടെ
തന്തയ്ക്കും തള്ളയ്ക്കും
മുത്തിയ്ക്കും പറയും
ആകെപ്പാടെ ചപ്ലി ചളിപിളി …
ഏനാസ് മാപ്ലയ്ക്കു പെണ്ണും
പെടക്കോഴീമില്ല…
മണ്ണും കൂരേമില്ല…
ഷാപ്പീന്നെറങ്ങീട്ട്
നേരേനടക്കും
ചരിഞ്ഞുനടക്കും
വഴിയളക്കും
വഴീലിരിക്കും വഴീക്കെടക്കും
വാളുവയ്ക്കും
എൻ്റെ കുരിശുപള്ളിമാതാവേ
ജഗപൊഗ…!
ഏനാസ് മാപ്ലയ്ക്ക് പെണ്ണും
പെടക്കോഴീമില്ല…
മണ്ണും കൂരേമില്ല…
ഏനാസ് മാപ്ലയ്ക്ക്
പള്ളീമില്ല പാതിരീമില്ല
പള്ളിച്ചെമിത്തേരീ ആറടീമില്ല
ഏനാസ് മാപ്ല
പണിയെടുക്കുന്നു
തിന്നുന്നു കുടിക്കുന്നു
വാളുവയ്ക്കുന്നു വഴീക്കെടക്കുന്നു
കർത്താവേ…!
ഈ മാപ്ലയുടെ മരണം ആരേറ്റെടുക്കും !
ഖബറിന് വേണ്ടാത്തോൻ…
ഒപ്പീസ് ചൊല്ലാനാളില്ലാത്തോൻ…
ശേഷക്രിയ ചെയ്യാൻ
ശേഷക്കാരില്ലാത്തോൻ …
കർത്താവേ …!
മാപ്ലാരേന്ന് കർത്താവ്
അരുമയായി വിളിച്ചു
മാപ്ല പിന്നൊന്നും നോക്കിയില്ല ,
കർത്താവേ അടിയനിതാന്ന്
വായ്ക്കൈ പൊത്തി മാപ്ല
ദിവംഗതനായി .