കഥ : സുനു വിജയൻ*

മമ്മൂട്ടിയെക്കുറിച്ച് എന്തു പറയാനാണ് ..വളരെ പ്രഗത്ഭനായ സിനിമാ നടൻ .ലോകം മുഴുവനും ആരാധകർ ..കൊച്ചു കുഞ്ഞു മുതൽ മുതുമുത്തശ്ശൻമാർ വരെ അറിയുന്ന വ്യക്തിത്വം ..
എനിക്കു പറയാനുള്ളത് രാധയെകുറിച്ചാണ്.കണ്ണന്റെ രാധയല്ല , .ആരും അറിയാത്ത ,സ്വന്തമായി ആരും ഇല്ലാത്ത രാധയെകുറിച്ച് .ഈ രാധ തിരഞ്ഞു നടക്കുന്നത് വൃന്ദവനത്തിലെ കണ്ണനെയല്ല .നമ്മുടെ സിനിമാ നടൻ മമ്മൂട്ടിയെ ..അതും വര്ഷങ്ങളായി ..

കുറച്ചു വർഷങ്ങൾക്കു മുൻപാണ് .ഞാൻ അമൃതയിൽ കസ്റ്റമർ റിലേഷൻ മാനേജരായി ജോലി നോക്കുന്ന സമയം ..വർഷവും ,മാസവും കൃത്യതയോടെ ഓർത്തു പറയുന്നില്ല ..വള്ളിക്കാവിൽ നിന്നും ഒരു ശനിയാഴ്ച വൈകുംന്നേരം വീട്ടിലേക്കു മടങ്ങുന്ന സമയം .കായംകുളം ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ചരക്ക് കോട്ടയത്തിനു ഒരു ബസുണ്ട് ..അതിനു പോകാൻ തിടുക്കപ്പെട്ടു സ്റ്റാൻഡിൽ എത്തി ..ഭാഗ്യം മണി അഞ്ചര ആകുന്നതേയുള്ളൂ ..

നേരിയ തോതിൽ മഴ പെയ്യുന്നുണ്ട് ..ഞാൻ കുട കരുതിയിട്ടുമില്ല ..അൽപ്പം നനഞ്ഞിട്ടാണെങ്കിലും ഞാൻ സ്റ്റാൻഡിൽ ആകെ നോക്കി .സാധാരണ ക്യാന്റീനു മുന്നിൽ ബസ് കിടക്കാറുള്ളതാണ് ..ഇന്നു ബസ് കാണുന്നില്ലല്ലോ ..ഞാൻ അന്ന്വേഷണ കൗണ്ടറിലെ ചെളിപിടിച്ച ,നീല പെയിന്റടിച്ച ജനാലയിലൂടെ കോട്ടയം ബസ് വന്നോ എന്ന് തിരക്കി .അകത്തിരുന്ന ആൾ തീരെ മയമില്ലാതെ പറഞ്ഞു .
“അതുപോയി ..ഇനി ആറരക്ക് ഒരു തൊടുപുഴ ബസ് വരാനുണ്ട് ..അതു കോട്ടയം വഴിയാ ..അതു വരുമായിരിക്കും”
അയാളുടെ മറുപടി കേട്ട് എനിക്കു ദേഷ്യം വന്നു ..

ബസ് വരുമോ എന്ന് അയാൾക്ക്‌തന്നെ ഉറപ്പില്ല ..ഈ ബസ് വന്നില്ലെങ്കിൽ കോട്ടയം പോകാൻ പിന്നെ രാത്രിയിൽ ഉള്ള ട്രെയിൻ തന്നെ ശരണം ..അല്ലങ്കിൽ പിന്നെ അടൂർ വഴി കറങ്ങി പോകണം .അതും ദൂരമാണ് ..ഞാൻ നേരെ ക്യാന്റീനിൽ പോയി ഒരു ചായകുടിച്ചു ..ഇനിയും സമയം ഒരുപാടു ബാക്കിയാണ് ആറര ആകാൻ . മഴയ്ക്ക് ശക്തി കൂടി വന്നു .ബാഗിൽ മാധവിക്കുട്ടിയുടെ എന്റെ കഥ യുണ്ട് .അതു വായിക്കാം ..ഞാൻ കായംകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ പിന്നാമ്പുറത്തെ തിരക്ക് കുറഞ്ഞ വശത്തേക്കു നടന്നു .തടിയിൽ തീർത്ത മുഷിഞ്ഞ ചാരുബഞ്ചുകളിൽ അങ്ങിങ്ങായി യാത്രക്കാർ ഇരിക്കുന്നുണ്ട് .ഞാൻ ഭിത്തിയോട് ചേർന്ന സിമന്റ്‌ ബഞ്ചിൽ ഇരുന്നു .

മഴ പെയ്യ്തു കൊണ്ടിരുന്നു .സ്റ്റാൻഡിൽ അത്ര വെളിച്ചം ഇല്ല ..വായിക്കാൻ ഒരു സുഖം തോന്നിയില്ല ..ഞാൻ ചുറ്റും നോക്കി .അടുത്ത ബഞ്ചിൽ അറുപതു വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ ഇരിക്കുന്നു .കറുത്ത കരയുള്ള സെറ്റുമുണ്ടും കറുത്ത ബ്ലൗസും ആണ് വേഷം ..ഒരു തോൾസഞ്ചി അടുത്ത് ചേർത്തു വച്ചിട്ടുണ്ട് .കയ്യിൽ എന്തോ വലിയ കട്ടിയുള്ള ഒരു പേപ്പർ മടക്കിപിടിച്ചത് നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്നു ..അവർ കരയുകയാണോ ..ഞാൻ ശ്രദ്ധിച്ചു .ഇടയ്ക്കു അവർ മൂക്ക് പിഴിയുന്നു ,സെറ്റു മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടക്കുന്നു ..അതേ അവർ വിതുമ്പുകയാണ്


മഴ പെയ്യുന്നതിനാൽ യാത്രക്കാർ കുറവാണ് ..അല്ലങ്കിൽ തന്നെ വൈകിട്ടായാൽ കായങ്കുളം സ്റ്റാൻഡിൽ യാത്രക്കാർ കുറവായിരിക്കും ..എങ്ങനെ യാത്രക്കാർ വരും ബസ്സുണ്ടോ ഇല്ലയോ എന്ന് ജീവനക്കാർക്ക് തന്നെ നിശ്ചയമില്ല ..പക്ഷേ തൊട്ടടുത്ത കരുനാഗപ്പള്ളിയിൽ ഇതല്ല സ്ഥിതി ..അവിടെ നല്ല തിരക്കാണ് ..
ഞാൻ വീണ്ടും വിതുമ്പിക്കരയുന്ന ആ സ്ത്രീയെ നോക്കി .ഇനി ഇവർ ഒരു ഭ്രാന്തി ആയിരിക്കുമോ ..ഏയ് അല്ല ..നല്ല വൃത്തിയുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്‌ .ഇടതൂർന്ന മുടി അലക്ഷ്യമായി പുറകിൽ കെട്ടി വച്ചിരിക്കുന്നു ..അതിൽ കരിഞ്ഞുണങ്ങിയ തുളസിക്കതിർ ആ മങ്ങിയ പ്രകാശത്തിൽ ഞാൻ കണ്ടു .കഴുത്തിൽ ഒരു കറുത്ത ചരടു മാത്രം .കാതിൽ പഴയ കാലത്തെ ചുവന്ന കല്ലുകളുള്ള കമ്മൽ .പാദങ്ങളിൽ നീല വള്ളിചെരുപ്പ് ..അടുത്തു ചേർത്തു വച്ചിരിക്കുന്ന തുണി സഞ്ചിയിൽ എന്തോ നിറച്ചു സാധനങ്ങൾ ..മാറോടു ചേർത്തു പിടിച്ചിരിക്കുന്ന ആ കട്ടിയുള്ള പേപ്പർ എന്താണെന്നറിയില്ല ..അതാണ്‌ അവരുടെ സങ്കട കാരണം എന്ന് എനിക്കു തോന്നി ..

ഒന്നു ചോദിക്കുക തന്നെ ..ഞാൻ ഒരു നേരിയ കൗതുകത്തോടെ അടുത്ത ബെഞ്ചിലേക്ക് ചെന്നു ..
എന്താ അമ്മേ ???എന്തു പറ്റി ..എന്തിനാ വിഷമിച്ചു കരയുന്നെ ..
“ഓ ഒന്നുമില്ല മോനെ ..ഇന്ന് എന്റെ കുഞ്ഞിനെ കാണാതായിട്ട് പതിമൂന്നു വർഷം തികയുവാ ..ആ സങ്കടത്തിൽ ഒന്നു വിതുമ്പിപോയതാ . അയ്യോ അതറിയില്ലായിരുന്നു ..അമ്മയുടെ മകൻ എവിടെ പോയി ..ചെറിയ കുട്ടി ആയിരുന്നോ ..ഞാൻ ജിജ്ഞാസ പൂണ്ടു ..

ഇല്ല അവനു അപ്പോൾ ഇരുപത്തി നാലു വയസ്സായിരുന്നു ..നല്ല ബുദ്ധി സ്ഥിരത ഇല്ലാത്ത കുട്ടി ആയിരുന്നു ..ഒരു നേർച്ചക്കു ഞാൻ അവനെയും കൊണ്ട് പഴനിക്കു പോയതാ ..അവിടെ തിരക്കിൽ അവൻ എവിടേയോ എന്റെ കൈവിട്ടു പോയി ..തിരക്കി തിരക്കി ഞാൻ മടുത്തു ..അവനൊന്നും അറിയാത്ത കൊച്ചു കുഞ്ഞിന്റെ മനസാണ് ..എനിക്കറിയില്ല എന്റെ കുഞ്ഞ് എവിടെയാണെന്ന് ..ഇനി തിരക്കാൻ ഒരിടവും ബാക്കിയില്ല..അവനെ തിരക്കി ഞാനിപ്പോൾ ഇങ്ങനെ എവിടെഎന്നിലാതെ അലയുവാ ..എന്റെ കണ്ണടയും മുൻപ് ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ ..ആ അമ്മ കരഞ്ഞു ..

ഇതെന്താ അമ്മേ ഈ പേപ്പറിൽ ..മകന്റെ ഫോട്ടോ പൊതിഞ്ഞു വച്ചിരിക്കുകയാണോ ?..ഞാൻ ആ പേപ്പറിൽ എന്തെന്നറിയാൻ ഉള്ള കൗതുകത്താൽ ചോദിച്ചു ..
“ഇതെന്റെ മോന്റെ പടമാ ..ഇതു മാത്രമേ എനിക്കു അവനെ ഒന്നുകൊതിക്ക് കാണാൻ ഉള്ളൂ “..
അവർ ആ കട്ടിയുള്ള പേപ്പർ വിടർത്തിയതും ഞാൻ ഞെട്ടിപ്പോയി .സൂര്യമാനസം സിനിമയിലെ മമ്മൂട്ടിയുടെ ചിത്രം!! ..പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ ചിത്രം ഏതോ പോസ്റ്ററിൽ നിന്നും കീറി എടുത്തത് ..

ഇനി ഇവർക്കു ഭ്രാന്താണോ ..ഞാൻ സംശയിച്ചു ..
സംശയം മറച്ചു ഞാൻ ചോദിച്ചു ..ഇതാണോ അമ്മയുടെ മകൻ? ..
അവർ ഒന്നു ദീർഘമായി നിശ്വസിച്ചു ..നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു ..ഇടറിയ പതിഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു ..
“ഇതു ഏതോ ഒരു സിനിമ നടന്റെ പടമാ ..പക്ഷേ എന്റെ മോനെ കാണാതെ ആകുമ്പോൾ അവൻ ഇങ്ങനെ തന്നെയാ ഇരുന്നേ .ഇതാവനല്ല എന്നാരും പറയില്ല .എന്റെ കയ്യിൽ എന്റെ കുഞ്ഞിന്റെ ഒരു ഫോട്ടോ ഇല്ല ..ഇത് ഞാൻ പാലക്കാട്ട് ഒരിക്കൽ പോയപ്പോൾ ഒരു ഭിത്തിയിൽ നിന്നും കീറി എടുത്തതാ ..ഒത്തിരി വർഷമായി ..കുറേ പേരോട് ഈ പടം വച്ചു ഞാൻ ചോദിച്ചു . അങ്ങനെയാ അറിഞ്ഞേ ഇതൊരു വലിയ സിനിമാ നടൻ ആണെന്ന്” ..ഞാൻ ജീവിതത്തിൽ സിനിമ കണ്ട ഓർമ്മയില്ല ..എന്റെ കുഞ്ഞിനെപ്പോലെ മുഖച്ഛായ ഉള്ള ഈ മോനെ ഒന്നു കാണാൻ ഒത്തിരി കൊതിച്ചു ..

ആൾക്കാരോട് ചോദിച്ചറിഞ്ഞു ചിലർ പറഞ്ഞത് അനുസരിച്ഛ് വൈക്കത്തു ചെമ്പ് എന്ന സ്ഥലത്താണ് വീടെന്നറിഞ്ഞു ഞാൻ ഒരിക്കൽ ഈ കുഞ്ഞിനെ ഒന്നു കാണാല്ലോ എന്നുകരുതി അവിടെ പ്പോയി ..
അവിടെ തിരക്കിയപ്പോൾ ആളുകൾ എനിക്കു വട്ടാണെന്ന് പറഞ്ഞു എന്നെ അവിടെ നിന്നും ഓടിച്ചു ..
എനിക്കറിയില്ല മനസു വളരാത്ത എന്റെ പൊന്നുമോൻ ഇപ്പോൾ എവിടെയാണെന്ന് ..അവനിപ്പോൾ ജീവനോടെ ഉണ്ടോ എന്നുപോലും ഈ അമ്മക്ക് അറിയില്ല ..ആകെ കൊതിക്കു കാണാൻ ഈ പടം മാത്രം എന്റെ കയ്യിൽ ഉള്ളൂ ..

മരിക്കും മുൻപ് എന്റെ കുഞ്ഞിന്റെ മുഖമുള്ള ഈ കുഞ്ഞിനെ …….അവർ തുടർന്നു പറയാനാവാതെ കരഞ്ഞു ..
ഞാൻ അവരോടു ഒന്നും പറഞ്ഞില്ല ..അല്ലങ്കിൽ തന്നെ എന്തു പറയാൻ ..
തൊടുപുഴ ബസ് സ്റ്റാൻഡിൽ എത്തി എന്ന അനൗൺസ്‌മെന്റ് കേട്ടു ..
ആ അമ്മയുടെ നാടോ ,വീടോ എവിടെയാണെന്ന് ചോദിച്ചില്ല ..

ബസിൽ കയറാനായി ഓടും മുൻപ് ഒന്നു മാത്രം ഞാൻ ചോദിച്ചു ആ അമ്മയുടെ പേര് ..
“രാധ” അതായിരുന്നു അവരുടെ പേര് ..
പോകുമ്പോൾ ഞാൻ പറഞ്ഞു “നിങ്ങൾക്ക് മകനെ കണ്ടുകിട്ടും തീർച്ച ” അങ്ങനെ പറയാതിരിക്കാൻ എനിക്കായില്ല . ….ഇപ്പോൾ ഇത്രയും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ മെയ്‌ ഇരുപതിന്‌ ഞാൻ വീണ്ടുംവെറുതെ ആശിക്കുന്നു
“മമൂട്ടിയും രാധയും ..അവർ തമ്മിൽ കണ്ടിരുന്നെങ്കിൽ …

By ivayana