കവിത : ഹരിഹരൻ എൻ കെ *

പുറത്തേക്കോവിഡിൻ താണ്ഡവമേതും അറിയാതെ-
യീപ്പൈതൽ ഊതുന്നടുപ്പിതിൽ പുകയും കരിയുമായ് !
ഉണ്ടീവീട്ടിലത്താഴം ലഭിക്കാതെ
പട്ടിണിയ്ക്കിരയായി-
ട്ടഞ്ചാറു ജന്മങ്ങൾ ജീവന്മരണപോരാട്ടമായ് !
ഇത്തിരിക്കഞ്ഞിക്കുണ്ടാം അരിയിതുകൊണ്ടിവിടെ
അഞ്ചാറുപേർക്കിന്നത്താഴം തികയുമോ !
മേലേക്കയറുണ്ടതിലെന്നും തൂങ്ങാറുള്ള
കദളിക്കുലയുടെ കാലമൊന്നോർത്തീടവേ ;
ഒരുഞൊടിക്കവളതാ തിണ്ണമേൽക്കേറീട്ടല്പം
ഏന്തിവലിഞ്ഞിട്ടാക്കുരുക്കിൽ തലചേർക്കുന്നൂ !
ആവില്ല നോക്കാനിനിയഞ്ചാറുവയറിന്റെ
കാര്യങ്ങൾ മുടങ്ങാതെ നോക്കേണമഖിലാണ്ടാ നീ.
പുറത്തേ വാതിൽ മെല്ലെച്ചാരിയോ ബന്ധിച്ചുവോ
തെല്ലൊരു വിഭ്രമത്താൽ താഴേയ്ക്കു വന്നൂ വേഗം.
അടുക്കളത്തീയിൻവെട്ടം അണയാൻ തുടങ്ങവേ
അടയ്ക്കാത്ത വാതിൽകടന്നാരാണ്ടോ അകത്തെത്തി.
മേരി നീ എന്താണിപ്പോൾ ചെയ്യുന്നിതബദ്ധങ്ങൾ
കൂട്ടിനില്ലേ കുട്ടീ വിമലും റഹീമും ഞാനും !
ഈ സഞ്ചിയിൽ അരിയുണ്ട് പച്ചക്കറിയുണ്ട്
ഏതാനും ദിവസങ്ങൾ എല്ലാർക്കും കഴിക്കാനാവും.
കുറച്ചുവിറകും ഒരു തീപ്പെട്ടിയും പിന്നെ
സാനിറ്റൈസറും മാസ്ക്കും കൊണ്ടുവന്നിരിക്കുന്നൂ ഞങ്ങൾ നാമൊന്നാണറിക നീ.
പാടില്ലൊരിക്കലും തെറ്റായ ചിന്തയ്ക്കൊന്നും
മനസ്സിന്നിടം നല്കാതിന്നിപ്പോൾ ജീവിച്ചിടൂ.
നമ്മേക്കാൾ ദരിദ്രരായ് ഒട്ടേറെപ്പേരുണ്ടിപ്പോൾ
ലോകത്തിൽ നാനാവിധജാതിമതസ്ഥരായ് നീളേ !
അവരെത്തുണയ്ക്കുവാൻ മാതൃകകാട്ടീടുവാൻ
നിന്റെയീയൂർജ്ജം വേണം
തകർക്കാതെ നിലനിർത്തൂ.

ഹരിഹരൻ എൻ കെ

By ivayana