രാത്രിയുടെ ആയുസ്സ് തീരാറായി. കുനിഞ്ഞിരുന്നാണ് അവൻ വേദന സഹിച്ചത്. പല്ലുകൾ കടിച്ചമർത്തി, ഏറേ നേരമായി വേദന കൊണ്ട് പുളയുകയാണ്. അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ശരീരം മാത്രമല്ല മനസ്സും തകർന്നു പോകുന്നു.
അമ്മിണി അവളൊരു പാവമാണ്. ഞാനും,മക്കളും മാത്രമാണ് അവളുടെ ലോകം. കല്യാണം കഴിഞ്ഞതിന് ശേഷം പ്രസവത്തിന് മാത്രമാണ് അവളുടെ വീട്ടിൽ പോയി നിന്നിട്ടുള്ളത്. ഒരു ദിവസം പോലും എന്നെയോ മക്കളെയോ പിരിഞ്ഞ് അവൾ നിന്നിട്ടില്ല.
എനിക്ക് നാളെ എന്തെങ്കിലും സംഭവിച്ചാൽ അവളും മക്കളും തികച്ചും ഒറ്റപെട്ടു പോകും.
എന്റെ മനസ്സിനെ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്നത് അമ്മിണിയേയും മക്കളെയും കുറിച്ചുള്ള ചിന്തകളാണ്.നെഞ്ച് തകരുന്ന വേദനയിലും അവളുടെ മുന്നിൽ തളരാതെ പിടിച്ചു നിൽക്കുകയാണ്. അസഹനീയമായതെല്ലാം സഹിക്കാൻ ശീലിച്ചുകഴിഞ്ഞു.
എഴുന്നേറ്റ് നിൽക്കുമ്പോൾ വേദന വരുന്നത്.നടക്കാനും ആവുന്നില്ല. കിടക്കുമ്പോൾ സുഖം തോന്നുന്നുണ്ട്. ഒരേ കിടപ്പ് , മടുത്തു. ഇരിക്കാൻ പറ്റിയെങ്കിൽ ഭക്ഷണം കഴിക്കാമായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിനാണ് അമ്മിണിയുമായി, വഴക്ക് ഉണ്ടാകുന്നത്.
ഇരിക്കുമ്പോൾ കാലിന്റെ മുട്ടിന്റെ ഉള്ളിൽ നിന്ന് വരുന്ന പിടച്ചിൽ അത് താങ്ങാനാവുന്നില്ല. അമ്മിണിക്കറിയില്ലല്ലോ ആ പിടച്ചിൽ.
ഞാൻ കഴിച്ചില്ലെങ്കിൽ അവളും പട്ടിണിയാകും. അവൾ കാണാതിരിക്കാൻ ഇറ്റിറ്റു വീണ കണ്ണുനീർ തുടച്ച് കൊണ്ട് പ്ലേറ്റിൽ കൈ കുത്തിയെങ്കിലും ആവുന്നില്ല. ഈ വേദന എന്നെയും കൊണ്ടേ പോകൂ.
എനിക്ക് വേണ്ടി ഒത്തിരി വേദന അനുഭവിച്ചവളാണ് അമ്മിണി. ഇനിയും അവളെ വേദനിപ്പിക്കാൻ അത്രയ്ക്ക് പാപിയാണോ ഞാൻ.
ഒരു നിമിഷം ആ പഴയകാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളിലേക്ക് മനസ്സ് കൊണ്ട് സഞ്ചരിച്ചു. ആ സുന്ദര നിമിഷങ്ങൾ ഇന്നലെയെന്ന പോലെ മനസ്സിൽ തെളിഞ്ഞു.
അമ്മിണി ഒൻപതാം ക്ലാസിലും ഞാൻ പത്തിലും പഠിക്കുന്ന ആ പഴയകാലം. വെളുത്ത് മെലിഞ്ഞ് നിതംബം വരെ മുടിയുമായി യാതൊരുവിധ ഗമയുമില്ലാതെ നടന്ന ആ പാവം പാവാടക്കാരി. എപ്പോഴോ ഒരിക്കൽ സർവ്വ ധൈര്യവും സംഭരിച്ച് കൊണ്ട് ഇഷ്ടമാണെന്ന് പറഞ്ഞത്.അനുകുലമായ മറുപടിയും കിട്ടി. പിന്നെ പെട്ടെന്നായിരുന്നു അമ്മിണിയുമായുള്ള ബന്ധം ആഴങ്ങളിൽ വളർന്നത്.
ദിവസവും ഉത്സാഹത്തോടെയാണ് സ്കൂളിൽ പോയിരുന്നത്. എന്നും അമ്മിണിയെ കാണാൻ പറ്റുന്നത് ഒരു സന്തോഷം തന്നെയായിരുന്നു. പനി വന്നാൽ പോലും സ്കൂൾ ലീവാക്കുന്ന പതിവ് ഇല്ലായിരുന്നു. ആനന്ദകരമായ നിമിഷങ്ങളിലൂടെയാണ് ഓരോ ദിനവും കടന്നു പോയത്. രാത്രി കാലങ്ങളിൽ അമ്മിണിയുടെ ഫോട്ടോ നോക്കി സംസാരിച്ചു ഓരോ യാമങ്ങളും തള്ളി നീക്കി. നേരം പുലർന്നാൽ എങ്ങനെയെങ്കിലും സ്കൂളിൽ എത്തുക എന്ന ചിന്ത മാത്രമായിരുന്നു. അങ്ങനെ ഒരു വേക്കേഷൻ കാലം വന്നത് വലിയൊരു നിരാശ തന്നെയായിരുന്നു.
അമ്മിണിയെ ഒരു നോക്ക് കാണാൻ വേണ്ടി വീടിന്റെ പരിസരത്തോക്കെ കറങ്ങി നടക്കേണ്ടി വന്നു.അങ്ങനെ പരിസരക്കാർ അറിഞ്ഞു. നാട്ടിലും മുഴുവൻ പാട്ടായി. സ്കൂൾ ജീവിതത്തിൽ പ്രണയം നടിച്ചവരൊക്കെ പല വഴിക്കുമായി.
മാസങ്ങളും, വർഷങ്ങളും കടന്നു പോയി.പക്ഷെ അമ്മിണിയെ മറക്കാൻ എനിക്കോ എന്നെ മറക്കാൻ അമ്മിണിക്കോ ആയില്ല. അത്രയേറെ ആഴങ്ങളിൽ വളർന്നിരുന്നു ഞങ്ങളുടെ ബന്ധം.അസൂയക്കാരും കൂടി വന്നു. എന്റെ വീട്ടിലും, അവളുടെ വീട്ടിലും അറിയിക്കുന്നതിൽ അസൂയക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അറിയാത്തവരായി നാട്ടിൽ ഒരാളു പോലും ഉണ്ടായിരുന്നില്ല.
രണ്ട് വീട്ടുകാരും തമ്മിലുള്ള മുൻ വൈരാഗ്യത്തിന്റെ പേരിൽ ശക്തമായ എതിർപ്പുകളുമായി ഇരുപക്ഷവും. എന്തൊക്കെ കോലാഹളങ്ങളായിരുന്നു. കുറേ തല്ലും കിട്ടി അവൾ വീട്ടുതടങ്കലിൽ ആയി എന്ന് തന്നെ പറയാം. പിന്നീട് അങ്ങോട്ടുള്ള ദിനരാത്രങ്ങളൊരോന്നും അവളെ ഒന്നു കാണാനോ, മിണ്ടാനോ പോലും പറ്റാതെ അവസ്ഥയായി.
പതിനെട്ടു തികഞ്ഞ അമ്മിണിക്ക് വിവാഹാലോചനകൾ തകൃതിയായി നടന്നു.ഓരോ ആലോചനയ്ക്കും ഓരോ കാരണങ്ങൾ പറഞ്ഞ് അവൾ എതിർപ്പ് പ്രകടിപ്പിച്ചു.
ഇരുപത് വയസ്സ് കടന്ന എനിക്കും വീട്ടു കാർ കല്യാണാലോചകൾ നടത്തുന്ന തിരക്കായി. ബന്ധുവായ ഒരു കുട്ടിയെ കെട്ടിക്കാനും ശ്രമം നടന്നു. ഒരു പെണ്ണിനെയും പോയി കാണാൻ ഞാൻ നിന്നില്ല. എന്റെ അമ്മിണിയുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ സങ്കൽപിക്കാൻ പോലുമാകുമായിരുന്നില്ല.
പന്ത്രണ്ട് വർഷങ്ങൾ കടന്ന് പോയി.വെറൊരു വിവാഹം കഴിക്കില്ല എന്ന് വീട്ടുകാർക്ക് ബോധ്യമായതോടെ മനസ്സില്ലാ മനസ്സോടെ വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളി.
പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും ഒരു ആഘോഷം തന്നെയായിരുന്നു നഷ്ടപെട്ട ജീവിതം തിരിച്ചു കിട്ടിയ ആ നിമിഷം.വളരെ ചുരുങ്ങിയ രീതിയിൽ കുറഞ്ഞ ബന്ധുക്കൾ മാത്രം പങ്കെടുത്ത് ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഏറേ സ്നേഹത്തോടെയും, അതിലുപരി സന്തോഷത്തോടെയും അമ്മിണി വലത് കാൽ വച്ച് എന്റെ വീട്ടിലേക്ക് കയറി.
എന്റെ അമ്മയ്ക്ക് മുൻ വൈരാഗ്യത്തിന്റെ പക തീർക്കാനുള്ള ഒരു വേദിയായി മാറി വീട്.ഒരുപാട് പ്രയാസങ്ങൾ അവൾക്ക് ഉണ്ടായി. അമ്മയുടെയും, അച്ഛന്റെയും കുത്തുവാക്കുകൾക്ക് മുന്നിൽ അവൾ സ്നേഹത്തോടെയും, ക്ഷമയോടെയും പെരുമാറി. അടുക്കും ചിട്ടയും ഉള്ള രീതി വീടിന്റെ അവസ്ഥ തന്നെ മാറി വന്നു.അമ്മ മെല്ലെ മെല്ലെ അവളിലേക്കടുത്തു. എന്റെ മകന് ജന്മം നൽകി അമ്മയായതിന് ശേഷം അച്ഛനും അവളോടുള്ള അകൽച്ച കുറഞ്ഞു വന്നു. പിന്നിട് ഉള്ള നാളുകൾ സന്തോഷത്തിന്റെതായിരുന്നു.
ആ സമയത്താണ് അച്ഛന്റെ പെട്ടെന്നുള്ള മരണം. അച്ഛനും അമ്മയ്ക്കും അപ്പോഴേക്ക് അമ്മിണി മകളായി മാറിയിരുന്നു. അച്ഛന്റെ വേർപാടിന് മറവി വരുമ്പോളാണ് അമ്മയുടെ അസുഖം തുടങ്ങിയത്.അമ്മയെ അവൾ നന്നായി നോക്കി എന്നെക്കാൾ അമ്മയ്ക്ക് അവളുടെ സാമിപ്യമായിരുന്നു ഇഷ്ടം. അമ്മയുടെ ഒരു കാര്യത്തിനും അമ്മിണി എന്നെ കാത്ത് നിക്കാറില്ല. കീമോതെറാപ്പിക്ക് കൊണ്ടുപോയതും, പരിചരിച്ചതും എല്ലാം അവളായിരുന്നു. മൂന്ന് വർഷം മുൻപ്
അമ്മയും മരണത്തിന് കീഴടങ്ങിയതോടെ ഞാനും അമ്മിണിയും മക്കളും മാത്രമായി.
ഞാനും അമ്മിണിയും മക്കളും സന്തോഷത്തോടെ ജീവിക്കുകയാണ്. രണ്ട് മാസം മുൻപാണ് നടുവേദനയുടെ രൂപത്തിൽ ആവില്ലൻ എന്നിലേക്ക് കടന്നു വന്നത്. തേയ്മാനത്തിന്റെ ആവും എന്ന് കരുതി ഡോക്ടറെ കാണിച്ചു. മരുന്നുകൾ കഴിച്ചിട്ടും വേദന കൂടിയതല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല.
ഓരോ അഭിപ്രായങ്ങൾ മുറപോലെ വന്നു. നിസാരമായി കാണുന്ന കാലു വേദനയും, നടുവേദനയും അല്ലാതെ വെറെ ബുദ്ധിമുട്ടൊന്നും എനിക്ക് തോന്നിയില്ല. കുഴമ്പുപുരട്ടലും, ചൂട് പിടിക്കലുമായി രണ്ട് മാസം കടന്നു പോയി. വേദന കൂടി കൂടി വന്നു. എഴുന്നേറ്റ് നിൽക്കാനും, ഇരിക്കാനും പറ്റാത്ത ബുദ്ധിമുട്ടി. മെഡിക്കൽ കോളേജിൽ കൂട്ടുകാരൻ കൂട്ടികൊണ്ടു പോയി ഡോക്ടറെ കാണിച്ചു. സ്കാനിംങ്ങും, രക്ത പരിശോധനയും ,എൻഡോസ് കോപ്പിയും ചെയ്തു. റിസൽറ്റുകൾ വന്നപ്പോൾ മലബാർ ക്യാൻസർ സെന്ററിലേക്ക് പോകാൻ നിർദേശിച്ചു.
വൻകുടലിന്റെയും, ചെറുകുടലിന്റെയും ഇടയിലായി അഞ്ച് സെന്റിമീറ്റർ നീളത്തിൽ ആവില്ലൻ വളർന്നിരിക്കുകയാണ്. ഇനി സർജറിയൊന്നും ആവശ്യമില്ല.നാലാമത്തെ സ്റ്റേജിലാണ്.
നിസാരമായി കാണുന്ന കാലു വേദനയും, നടുവേദനയും പോലും വലിയ ഒരു രോഗത്തിന്റെ ലക്ഷണം ആണെന്ന് വൈകിയാണ് എനിക്ക് മനസ്സിലായത്.ഇനി അധികനാൾ അമ്മിണിയുടെയും കുഞ്ഞുങ്ങളുടെയും കൂടെ ഞാനുണ്ടാവില്ല എന്ന സത്യം എനിക്കറിയാം. എന്റെ മനസ്സ് അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
ക്യാൻസർ ഒരു പാരമ്പര്യ രോഗമല്ല, പകർച്ചവ്യാധിയല്ല പക്ഷെ അപൂർവ്വം ചിലരിൽ പാരമ്പര്യമായി കാണുന്നു എന്ന് കേട്ടിട്ടുണ്ട്. ആ പാരമ്പര്യം ഞാനും ഏറ്റുവാങ്ങി.അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ് അമ്മിണി. അവൾക്കറിയില്ലല്ലോ നാലമത്തെ സ്റ്റേജിലാണെന്ന്. അവളുടെ ആ പ്രതീക്ഷ അങ്ങനെ തന്നെയിരിക്കട്ടെ.
ചില നേരങ്ങളിൽ ദൈവം വല്ലാതെ ക്രൂരനായി അവതരിക്കും…..
ബേബിസബിന