കവിത : മംഗളാനന്ദൻ*

ഇരുളിൻ പടിപ്പുര
പാതാളംതുറക്കുന്നു
തിരുവോണത്തിൻ നാളിൽ
മാവേലിയുണരുന്നു.
ശ്രാവണത്തിങ്കൾ വാരി
വിതറും കുളിരേറ്റു
ഗ്രാമീണ വഴികളിൽ
പുമണമുറങ്ങുന്നു.
ദേവനുമസുരനു-
മല്ലയെൻ മഹാബലി,
കേവലമനുഷ്യനെ
സ്നേഹിച്ച നരോത്തമൻ.
നിയതി വേഷംമാറി
വാമനരൂപം പൂണ്ട-
തൊരുവൻചതിയുടെ
മൂർത്തിയായിരുന്നല്ലോ.
തടവിൽ കിടക്കുന്ന
മാവേലിയെഴുന്നേറ്റു
നടകൊള്ളുന്നു വീണ്ടും
നമ്മുടെ മനം പൂകാൻ.
മടങ്ങിപ്പോയീടേണം
പാതാളലോകത്തിലെ
സുതലത്തിലേക്കുടൻ,
എങ്കിലുമുത്സാഹത്തിൽ
നടന്നു , കാലത്തിന്റെ
തേരുരുൾ പലവട്ടം
കടന്നു പോയിട്ടുള്ള
പാതയിലേകാകിയായ്.
തടവിലാക്കപ്പെട്ട
നദികൾ, വെള്ളക്കെട്ടിൽ
മരണം വരിച്ച വൻ
തരുക്കൾ, താഴ് വാരങ്ങൾ.
ഉരുൾപൊട്ടലിൽ മണ്ണു
തിരികെ വിളിച്ചവർ,
തിരയാൻ പറ്റാതെങ്ങോ
കിടക്കും ശരീരങ്ങൾ.
ഒഴുകാനിടം കിട്ടാ-
തൊടുവിൽ ശ്വാസം മുട്ടി
അപഥസഞ്ചാരത്തിൽ
വീണനീരൊഴുക്കുകൾ,
ഒടുവിലൊന്നിച്ചൊരു
പ്രതിഷേധത്തിൻ രൗദ്ര–
പ്രതിരൂപമായ് വീണ്ടും
പ്രളയമാകുന്നതും,
പുതിയ മാമാങ്കങ്ങ-
ളിപ്പൊഴുമധികാര –
ക്കൊതിയാലരങ്ങേറ്റം
കുറിക്കാൻ വെമ്പുന്നതും,
തിരുനാവകൾ ചോര-
നുണയാൻ കൊതിയോടെ
തിരയുമവിവേകം
തുളുമ്പും യുവതയും,
കൊടിയ വിഷം വീണ്ടും
തീണ്ടവേ കരയുന്ന
കടലിൻ ശോകം പത-
ഞ്ഞുയരും തീരങ്ങളും,
മണലിൻ ധാതുക്കളെ-
യൂറ്റുവാൻ ഗ്രാമങ്ങളെ
മുഴുൻ അരിപ്പയി-
ലെടുത്തു മാറ്റുന്നതും,
നഗരം വളർന്നതും,
മാളുകളുയർന്നതും,
പകരം നാട്ടിൻപുറ-
നന്മകൾ പൊലിഞ്ഞതും,
വിവരസാങ്കേതിക-
വ്യാപാരം പൊലിച്ചതും,
വിവരക്കേടുമതി-
നോടൊപ്പം വളർന്നതും,
മദമാത്സര്യം തൊട്ടു-
തീണ്ടാത്ത ദൈവത്തിന്നു
മതവും ആചാരവും
കല്പിച്ചു കൊടുത്തതും,
അധികാരത്തിൻ വീഞ്ഞു
കവരാൻ ദൈവത്തിന്റെ
അവകാശികളായി
നാടകം കളിപ്പതും,
പണവും തോക്കും ചേർന്നു
ഭരണം നടത്തുന്ന
പുതിയ കാലത്തിലെ
സമരം കെടുന്നതും,
പരിണാമത്തിൻ ചക്ര-
മെത്രമേലുരുണ്ടിട്ടും
നരനിൽ വംശീയത
പിന്നെയും വളർന്നതും,
മരണം വരെ സ്വാർത്ഥം
വെടിയാത്തവനേയും
നരനായ്തന്നെ നമ്മ-
ളിപ്പൊഴുമെണ്ണുന്നതും,
തിരുവോണത്തിൻ നാളി-
ലാരാരുമറിയാതെ
വെറുതെ നടക്കുന്ന
മാവേലിയറിയുന്നു.
കുമ്പിളിൽ നിറയുന്ന
കോരന്റെകണ്ണീരിലെ
നൊമ്പരമുറയുന്ന-
തറിവൂ മഹാബലി.
അമ്പലങ്ങളിലഷ്ട-
ബന്ധിത ശിലകളിൽ
അൻപൊടു പാലും നെയ്യം
പെയ്തിടുമഭിഷേകം.
ഖിന്നനായിടറുന്ന
കാലടി വെച്ചീടുന്നു
പിന്നെയും നടക്കുന്നു
മാവേലിയേകാകിയായ്.
വിളകൾക്കൊന്നും ന്യായ-
വിലകിട്ടാതെ പാവം
കൃഷകൻ കടക്കെണി-
ക്കുരുക്കിൽ പിടഞ്ഞാലും,
ഉത്സാഹപുർവം വര-
വേറ്റിടാൻ കാണംവിറ്റും
ഉത്സവം കൊണ്ടാടുന്നീ
ബലിദർശനനാളിൽ.
അറിയാമങ്ങേക്കിന്നീ
മലയാളികളോണ-
പ്പെരുമ ലോകത്താകെ
പരത്തിക്കഴിഞ്ഞതും.
എങ്കിലുമുണർത്തിക്കാ-
നുണ്ടൊരു സത്യം, ഞങ്ങൾ
നല്ലൊരു നാളേക്കായി
കാത്തുകാത്തിരിക്കുമ്പോൾ,
അറിയുന്നല്ലോ കരൾ
നീറ്റുന്ന വെറും സത്യം,
പറയാതിരിക്കുവാ-
നാവാത്ത മഹാസത്യം.
ശിരസ്സിൽ ചവിട്ടിയ
വാമനകുതന്ത്രങ്ങൾ
തഴച്ചൂ വളരുന്നീ
നാടിന്റെ തലച്ചോറിൽ.
വാമനൻ വളരുന്നു
ദിനവും, അധികാര-
കാമനകളെയൊപ്പം
പാലൂട്ടി വളർത്തുന്നു.
വാമന തന്ത്രം തന്നെ-
യിപ്പൊഴും ജയിയ്ക്കുന്നു.
ആവുമോ കുടിയൊഴി-
പ്പിക്കുവാൻ ഞങ്ങൾക്കൊപ്പം?

മംഗളാനന്ദൻ

By ivayana