Raj Rajj*

കവിത
ഹൃദയവികാരങ്ങളുടെ ബഹിർസ്പുരണമാണ്…..
ആത്മാവിൽ
അന്തർലീനമായ
കാമനയാണ്…
അനുഭവങ്ങളുടെ
കണ്ണീരിൽ നിന്നും
ആത്മ
പീഡനങ്ങളിൽ നിന്നും ഉറവയായൊഴുകുന്ന
ആത്മവ്യഥയാണ്
കവിത ….
മനസ്സിൽ തിരയിളക്കം
സൃഷ്ടിക്കുന്ന ആനന്ദത്തിന്റെ
ആത്മാനുഭൂതിയാണ്
കവിത…..
അനീതികൾക്കെതിരെ
അക്ഷരങ്ങൾ കൊണ്ട് സ്പുടം ചെയ്തെടുത്ത
ആഗ്നേയാസ്ത്രമാണ് കവിത.
പ്രണയത്തിന്റെ
അനുഭൂതിയിൽ നിന്നും പിറവിയെടുക്കുന്ന
കാവ്യകല്പനയാണ്
കവിത.
ഓർമ്മകളുടെ
ആഴക്കടലിൽ നിന്നും മുങ്ങിയെടുക്കുന്ന മുത്തും പവിഴവുമാണ് കവിത.
മൗനം കൊണ്ട്
മുറിവേൽപ്പിക്കപ്പെട്ട
മനസിന്റെ
ആത്മബലിയാണ്‌ കവിത.
വർണ്ണങ്ങളും
വസന്തങ്ങളും നഷ്ട്ടപ്പെട്ട ഹതഭാഗ്യരുടെ
ആത്മരോദനമാണ്
കവിത.
ചിന്തകളിൽ
വേറേഴുകിപ്പോയ
ഓർമ്മകളുടെ
പുനർജ്ജനിയാണ്
കവിത.
മറവിയുടെ ചാരം
ഊതിപെരുക്കി
വാക്കുകളിലൂടെ
പുനർജ്ജനിക്കുന്ന
ആകുലതകളാണ്
കവിത.
സ്നേഹനിരാസത്തിന്റെ അവഗണയിൽ
നൊന്തുപിടയുന്ന
ആത്മ വേദനയാണ്
കവിത..
സ്വപ്നങ്ങളുടെയും
പ്രതീക്ഷകളുടെയും
കാത്തിരിപ്പിന്റെയും
വിരഹത്തിന്റെയും
അവസാനമില്ലാത്ത
ദീന വിലാപമാണ്
കവിത.
കവിത ആത്മാവിന്റെ ആവിഷ്ക്കാരമാണ്.
കവിത കവിയുടെ
മനസ്സിൽ ജനിച്ചു
ഹൃദയ വേദനയോടെ
പിറന്നുവീഴുന്ന
ആനന്ദമാണ്…..
ആത്മാവിൽ നിന്നും
പിറവിയെടുക്കുന്ന
കവിതകൾക്ക് മരണമില്ല…
കവി
കാലയവനിയിലേക്കു
മാഞ്ഞുപോകുമ്പോഴും
കവിത മരണമില്ലാതെ
അനുവാചകന്റെ
ഹൃദയങ്ങളിൽ
ജീവിക്കുന്നു…
അനശ്വരമായി….

By ivayana