Aravindan Panikkassery*
പതിമൂന്നാം നമ്പർ വിവാദം കെട്ടടങ്ങുന്നില്ല. ഓരോ മന്ത്രിസഭയുടെ കാലത്തും ഈ അന്ധവിശ്വാസ വൈഖരി ഉയർന്ന് കേൾക്കാറുണ്ട്. കഴിഞ്ഞ തവണ മന്ത്രി തോമസ് ഐസക്കാണ് ആ വെല്ലുവിളി ഏറ്റെടുത്തതെങ്കിൽ, ഇത്തവണ ശാസ്ത്ര സാഹിത്യ വിശാരദനായ മന്ത്രി പി.പ്രസാദിനാണ് ആ ദൗത്യ നിർവ്വഹണം. വാർത്താ മാധ്യമങ്ങളിൽ ചർച്ച പൊടിപൊടിയ്ക്കുന്നു .
ഈയവസരത്തിൽ എം.ഗോവിന്ദൻ പണ്ടെഴുതിയ ഒരു ലേഖനത്തിലെ പരാമർശം ഒന്നോർത്തെടുക്കുകയാണ് . ബറേലി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ എം.എൻ. റോയ് ഢഹ്റാഢൂണിലെ ‘റോഷൻ ബാഗ് ‘ എന്ന പതിമൂന്നാം നമ്പർ വാടക വീട്ടിലാണ് താമസമാക്കിയത് . ജയിലിൽ നിന്ന് പുറത്ത് വരുമ്പോൾ അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന സമ്പാദ്യം കുറച്ച് പഴയ ഉടുപ്പുകൾ മാത്രമായിരുന്നു. സ്നേഹിതന്മാർ വാങ്ങിക്കൊടുത്ത പുതുവസ്ത്രം ധരിച്ചാണ് അദ്ദേഹം ജയിലിന് പുറത്തിറങ്ങിയത്. പഴയ വസ്ത്രങ്ങൾ അദ്ദേഹത്തിന് പാകമായിരുന്നില്ല.
രോഗവും ജയിലിനകത്തെ ദുരിതങ്ങളും നിമിത്തം റോയിയുടെ ഭാരം മുമ്പുണ്ടായിരുന്നതിന്റെ പകുതിയായി കുറഞ്ഞിരുന്നു. ചങ്ങാതിമാർ അദ്ദേഹത്തിന് പുതിയൊരു താമസസ്ഥലം ഏർപ്പെടുത്തിക്കൊടുത്തു.13 എന്ന അക്കത്തിൽ അറിയപ്പെടുന്നതിന്റെ പേരിൽ വാടകക്കാർ തിരിഞ്ഞ് നോക്കാത്ത ഒരു കെട്ടിടമുണ്ടായിരുന്നു മോഹിനി റോഡിൽ .ചുരുങ്ങിയ തുകയ്ക്ക് വീടന്വേഷിച്ച് നടന്ന റോയിയുടെ കൂട്ടുകാർക്ക് അതിഷ്ടമായി. പുതിയ വീട്ടിൽ താമസമാക്കിയതും റോയിക്ക് ഒരു ദുഷ്പ്രചാരണത്തെ നേരിടേണ്ടി വന്നു.
ബ്രിട്ടീഷുകാരിൽ നിന്ന് യുദ്ധകാലത്ത് 13000 രൂപ ഇനാം വാങ്ങി സായിപ്പന്മാരെ സഹായിച്ചു എന്നായിരുന്നു അപഖ്യാതി .1954 – ജനുവരി 25 – ന് റോയ് മരണപ്പെട്ടു. പിന്നെ ആ വീട്ടിൽ അവശേഷിച്ചത് അദ്ദേഹത്തിന്റെ ഭാര്യയും കുറച്ച് പൂച്ചകളും മാത്രമായിരുന്നു. ഒരു 13 -ന് (1960 ജനുവരി – 13 )റോയിയുടെ ഭാര്യ അതിദാരുണമായി കൊല്ലപ്പെടുന്നു. ദുരൂഹമായിരുന്നു ആ മരണം .അവരുടെ കയ്യിലുണ്ടായിരുന്ന പണം ( 500 രൂപ) കാണാനില്ലെന്നും, കൊലയാളികൾ തിബത്തിലേക്ക് കടന്നിരിക്കാൻ ഇടയുണ്ടെന്നും ഉള്ള കിംവദന്തി പരന്നു. അങ്ങനെ റോയിമാരുടെ ജീവിതത്തിൽ 13 ഒരു ദുരന്തമായി കലാശിച്ചു.റോയിയുടെ അടുത്ത സുഹൃത്തും അന്തേവാസിയുമായിരുന്ന പ്രശസ്ത ഹിന്ദി സാഹിത്യകാരൻ എസ് എച്ച് വാത്സ്യായൻ ( അജ്ജേയ) ‘റോഷൻ ബാഗിലെ ദമ്പതിമാർ ‘ എന്ന ലേഖനത്തിൽ അന്ധവിശ്വാസത്താൽ അകറ്റി നിർത്തിയിരുന്ന ആ വസതിയെക്കുറിച്ച് എഴുതി:റോയ് ദമ്പതികൾ ജീവിച്ചിരുന്ന കാലത്ത് മറ്റുള്ളവർക്ക് 13, മോഹിനി റോഡ്, ഒരു തീർത്ഥാടന കേന്ദ്രമായിരുന്നു.
പഠിക്കാനും ആവേശമുൾക്കൊളളാനുമുള്ള കേന്ദ്രം. വിശ്രമത്തിനും ആശ്വാസത്തിനും സാഹോദര്യത്തിനും മാനസികോത്തേജനത്തിനും മനുഷ്യരെന്ന നിലയ്ക്ക് ജീവിതത്തിലെ ധീര സാഹസികതകളിൽ പങ്കെടുക്കുന്നവരാണ് തങ്ങളെന്നും, മനുഷ്യന്റെ ഭാഗധേയത്തിൽ ഭാഗഭാക്കുകളാണെന്നുമുള്ള ബോധം വീണ്ടെടുക്കുന്നതിനും അവർ വീട്ടിൽ വളരെ നിന്നകലെയുളള ഈ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അത് പലതു കൊണ്ടും ഒരു മാതൃകയും പലതരത്തിലും ഒരു വെല്ലുവിളിയുമായിരുന്നു. അവിടത്തെ ജീവിതം നിറഞ്ഞു നിൽക്കുന്ന ഒന്നായിരുന്നു. അവിടെ ഒരു നിശ്ചിത ജീവിതരീതി ആരും അനുസരിക്കേണ്ടിയിരുന്നില്ല. റോയ് ദമ്പതികൾക്ക് സ്വാഭാവികമായും അത് സ്വന്തം വീടായിരുന്നു.
എന്നാൽ ആ വീട് പോലും വ്യക്തിപരവും അല്ലാത്തതുമായ ബന്ധങ്ങളുടെ ചേരുവ പ്രതിഫലിപ്പിച്ചിരുന്നു. അത് താമസ സ്ഥലം മാത്രമായിരുന്നില്ല. പ്രസ്ഥാനത്തിന്റെ കേന്ദ്രവുമായിരുന്നു. ഒരു വശത്ത് മിതവ്യയവും മറ്റൊരുവശത്ത് ധാരാളിത്തവും അവിടെ കാണാമായിരുന്നു. ഒരു വശത്ത് മിക്കവാറും സന്യാസിമാരുടെ ശിക്ഷണത്തിലെന്നത് പോലെയുളള ജീവിതം. മറുവശത്ത് ഏറ്റവും വലിയ ഉത്തരവാദിത്വബോധവും ഫലിതവും തമാശകളും … ഇതെല്ലാം അവിടെ ഒത്തിണങ്ങി. പിന്നെ പല നിറത്തിലും തരത്തിലും പെട്ട വലിയ പൂച്ചകൾ . അവയുടെ രാജകീയ സമ്പ്രദായം കണ്ടാലറിയാം അവ സ്നേഹിക്കപ്പെടുന്നവയാണെന്ന് .