രചന : ജെയിൻ ജെയിംസ് *
നാവറുക്കപ്പെട്ട്,
പോയവന്റെ/അവളുടെ
പിൻകഴുത്തിൽ ബന്ധിച്ച
നുകത്തിന്റെ മണ്ണിൽത്തട്ടുന്ന
മൂർച്ചയേറിയ അഗ്രങ്ങളിലാണ്
ആദ്യവിപ്ലവകവിതകൾ തളിർത്തത്..
രാകി മിനുക്കിയ അരിവാൾ-
ത്തലപ്പിന്റെ തെളിച്ചം പോലെ
ഒരു നുള്ള് വെളിച്ചം
മാത്രമാശിച്ചു കൊണ്ടിനിയും
സൂര്യാസ്തമയം സംഭവിക്ക-
രുതേയെന്ന പ്രാർത്ഥനകൾ
കാതില്ലാത്ത ദൈവങ്ങൾ
കേൾക്കാതെ പോയപ്പോൾ
അകമ്പുറം നിറയുന്നയിരുട്ടിൽ
മൗനം തുന്നിച്ചേർത്ത നാവുകൾ പൊട്ടിത്തെറിച്ചനേരം മുഴങ്ങിയ
കറുത്ത ലിപികൾ നിറഞ്ഞ നിലവിളികളിൽ നിന്നും
ഉരുത്തിരിഞ്ഞ വിലക്കപ്പെട്ട
ഭാഷയിൽ എഴുതപ്പെട്ടവ..