കഥ : രാജേഷ് കൃഷ്ണ*
പിന്നിൽ ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത് എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഒരു ബൈക്ക് വന്ന് നിൽക്കുന്നു…
“വഴിയിൽ നിന്ന് ഒന്ന് മാറി നിന്നൂടെ, ബ്രേക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഇപ്പോൾ നിന്നെ തട്ടിയേനേ”…
ബൈക്കിന് മുകളിലിരുന്ന് അസീസ് ചിരിക്കുന്നു
“എന്നെ തട്ടിയാപ്പിന്നെ നീ ബാക്കിയുണ്ടാകില്ല,അതു പോട്ടെ നീയെങ്ങോട്ടാ”…
“എങ്ങോട്ട് പോകണമെന്നറിയില്ല രാവിലെ വീട്ടിൽ നിന്നിറങ്ങിയതാ, നമുക്കെങ്ങോട്ടെങ്കിലും പോയാലോ”…
“എവിടെ”…
“ഇന്ന് ഞായറാഴ്ച്ചയല്ലേ നമുക്ക് പ്രകാശേട്ടനെ കാണാൻ പോകാം
ഷോപ്പില്ലാത്തതു കൊണ്ട് പുള്ളി വൈഫൗസിൽ ബോറഡിച്ചിരിക്കുകയാകും”…
പ്രണയ വിവാഹം കാരണം സ്വന്തം വീട്ടിൽ നിന്നിറങ്ങി വാടക വീട്ടിലായിരുന്നു താമസം, പിന്നീട് ഭാര്യവീട്ടുകാരുമായുള്ള പ്രശ്നങ്ങൾ ഒത്ത് തീർപ്പാക്കി അവിടെ താമസമാക്കി…
ഞാൻ മെല്ലെ തല കുലുക്കി…
“നീ വരുമെന്ന് പറഞ്ഞിരുന്നോ”…
“ഇല്ല, എന്ത് പറയാനാ നമുക്ക് പോകാം അവിടെ എന്തെങ്കിലും സംസാരിച്ചിരുന്ന് സമയം കളയാം”…
പ്രത്യകിച്ച് ഒരു പണിയുമില്ലാത്തതു കൊണ്ട് ഞാൻ പിന്നിൽ കയറിയിരുന്നു…
കുറച്ചു ദൂരം പോയ ശേഷം ഒരു കൂൾ ബാറിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ ഞാനിറങ്ങി…
“എന്താ ഇവിടെ നിർത്തിയത് “…
“എന്തെങ്കിലും തണുത്തത് കഴിച്ചിട്ട് പോയാലോ”…
“എനിക്കൊന്നും വേണ്ട നീ കഴിക്ക് “…
“അതു പറ്റില്ല, നീ വാ നമുക്കോരോ ജ്യൂസ് കഴിക്കാം”…
മുന്നിൽ നടന്നു നീങ്ങിയ അവനു പിന്നാലെ ഞാനും ഷോപ്പിലേക്ക് കയറി അവനടുത്ത് ഒരു കസേരയിലിരുന്നു…
“നിനക്കെന്താണ് വേണ്ടത് “…
അസീസ് എന്നെ നോക്കി
“ഒരു ലൈം ജ്യൂസ് മതി”…
അവൻ കടക്കുള്ളിലൂടെ കണ്ണോടിച്ച് ചുമരിൽ തൂക്കിയിട്ട ബോർഡിൽ മിഴിനട്ടു…
“ഓരോ ബദാംമിൽക്ക് കഴിച്ചാലോ”…
“എനിക്ക് ലൈംമതി”..
“അത് പറ്റില്ല ബദാം മിൽക്കാ നല്ലത്,
അതിൻ്റെ ഗുണമെന്താണെന്ന് നിനക്കറിയാമോ, അറബികൾ ദിവസവും ഇതാ കഴിക്കുന്നത്, തൊണ്ണൂറ് വയസായാലും ചെറുപ്പക്കാരെ പോലെ നല്ല സ്റ്റാമിനയുണ്ടാകും”…
“അതിനെനിക്ക് തൊണ്ണൂറായിട്ടില്ല”…
“തൊണ്ണൂറായിട്ട് കഴിച്ചിട്ട് കാര്യമില്ല ഇപ്പോഴെ കഴിച്ച് തുടങ്ങണം എന്നാലെ ഗുണം കിട്ടൂ, അറബികൾ നാലും അഞ്ചും വിവാഹം കഴിക്കും അതിലൊക്കെ മക്കളുമുണ്ടാകും
വയസൊന്നും അവർക്ക് പ്രശ്നമല്ല…
ബദാമും കാരക്കയുമാണ് അവർ പ്രധാനമായും കഴിക്കാറുള്ളത്. രണ്ടും പാലിൽ ജ്യൂസിടിച്ചു കഴിച്ചാൽ പിന്നെ കമിഴ്ന്ന് കിടന്ന് ഉറങ്ങാൻ പറ്റില്ല”…
“അതെന്താ കമിഴ്ന്ന് കിടന്നുറങ്ങിയാൽ”…
“ഉറങ്ങാം പക്ഷെ അരക്കെട്ട് ഉയർത്തിപ്പിടിക്കേണ്ടി വരും”…
അവൻ ഉറക്കെ ചിരിച്ചു…
“രണ്ടെണ്ണം പറയുകയല്ലേ”…
“ഉം… പറ”…
ഞാൻ തല കുലുക്കി, ബദാം മിൽക്കിൻ്റെ ശക്തി ഒന്ന് അറിയണമല്ലോ…
മുന്നിൽ കൊണ്ടുവെച്ച ബദാം മിൽക്കിലേക്ക് ഞാനൊന്ന് സൂക്ഷിച്ച് നോക്കി…
“ആ മഞ്ഞക്കളർ കാണുന്നത് ടേസ്റ്റിന് വേണ്ടി ഒരു പൗഡർ കൂടെ ചേർക്കുന്നതാണ് “…
അവൻ ഗ്ലാസെടുത്ത് ഒരു കവിൾ കുടിച്ച് എന്നെ നോക്കി കണ്ണിറുക്കി..
ഞാൻ ഗ്ലാസെടുത്ത് രുചിച്ചു നോക്കി, അതിൻ്റെ ടേസ്റ്റ് എനിക്ക് പിടിച്ചില്ല. ഒരു മാതിരി സോപ്പ് വെള്ളം പോലെയുണ്ട്.
തൊണ്ണൂറൊന്നും കിട്ടിയില്ലെങ്കിലും ഒരറുപതുവരേയെങ്കിലും പിടിച്ച് നിൽക്കണം, ഗ്ലാസിലുള്ളത് മുഴുവൻ ഞാൻ അകത്താക്കി…
“ഒരു ദിവസമൊന്നും കഴിച്ചാൽ പോര, ദിവസവും കഴിച്ചാലെ സ്റ്റാമിന കിട്ടൂ”…
അവൻ ചുണ്ട് തുടച്ച് എഴുന്നേറ്റ് പൈസ കൊടുത്തിറങ്ങി, വീണ്ടും യാത്ര തുടർന്നു കുറേ ദൂരം പോയ ശേഷം ഒരു ഓടിട്ട വീടിന് മുൻവശം ബൈക്ക് നിർത്തി ഞങ്ങളിറങ്ങി…
ബൈക്കിൻ്റെ ശബ്ദം കേട്ട് പ്രകാശൻ ഇറങ്ങി വന്നു…
“എന്താ രണ്ടു പേരും കൂടി പതിവില്ലാതെ എന്തെങ്കിലും വിശേഷമുണ്ടോ”…
“എന്ത് വിശേഷം, വിശേഷവും തേടിയാ ഞങ്ങളിറങ്ങിയത് “…
“നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഒരു കോഴിയെ കറിവെക്കാമായിരുന്നു”…
“അതൊന്നും വേണ്ട, ഇവിടെ എന്താണ് ഉള്ളത്.. അത് മതി
ഞങ്ങളെ വിരുന്നുകാരാക്കരുത് “…
“എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ വണ്ടിയിൽ ഉണ്ടെങ്കിൽ എടുത്തോ ഇവിടെ പ്രശ്നമൊന്നുമില്ല”…
പ്രകാശൻ നെറ്റി ചുളിച്ച് ഞങ്ങളെ മാറി മാറി നോക്കി…
“അതൊന്നുമില്ല ഞങ്ങൾ ചുമ്മാ ഇറങ്ങിയതാ”…
ഞാൻ പ്രകാശൻ്റെ കൈ പിടിച്ച് ഒരു കസേരയിലിരുത്തി അടുത്തിരുന്നു. അസീസ് ഒരു സോഫയിലിരുന്ന് പേപ്പർ വായന തുടങ്ങി…
സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല പപ്പടം പൊരിക്കുന്ന മണം മൂക്കിലടിച്ചപ്പോൾ വിശക്കാൻ തുടങ്ങി നാവിൽ വെള്ളമൂറി…
കുറച്ച് സമയം കൂടി കഴിഞ്ഞ ശേഷം ഉണ്ണാനിരുന്നു. പ്രകാശൻ്റെ ഭാര്യ വിമലേച്ചിയുടെ അനുജത്തിയും അമ്മയുമാണ് വീട്ടിലുള്ളത്, ചേച്ചിയുടെ അച്ഛൻ മരിച്ചു പോയിരുന്നു…
“ഒരു വിവരവുമറിയാക്കാതെ വന്നതു കൊണ്ട് സ്പെഷലായി ഒന്നും ഉണ്ടാക്കാനായില്ല ഇതൊക്കെയെ ഇവിടെയുള്ളൂ”…
വിമലേച്ചി വാതിൽക്കൽ നിന്ന് മൊഴിഞ്ഞു…
“സാരമില്ല ഇതൊക്കെത്തന്നെ ധാരാളം”…
അച്ചാറും പപ്പടവും ബീൻസിൻ്റെ ഉപ്പേരിയും അയലക്കറിയുമാണുള്ളത് വയറു നിറയെ കഴിച്ച് എഴുന്നേറ്റു കൈ കഴുകി വീണ്ടും വരാന്തയിലിരുന്ന് സംസാരം തുടങ്ങി…
സംസാരിച്ചിരിക്കുന്നതിനിടയിൽ അസീസ് പെട്ടെന്ന് എഴുന്നേറ്റു നിന്നു മുഖം വിളറിയിരുന്നു…
“എന്താടാ എന്ത് പറ്റി”…
“ഇവിടെ എവിടെയാ കക്കൂസുള്ളത് വയറിന് എന്തോ പ്രശ്നമുള്ളതുപോലെ”…
“വാ അകത്തുണ്ട് “…
പ്രകാശൻ എഴുന്നേൽക്കുന്നതിന് മുൻപേ അസീസ് അകത്തേക്ക് ഓടിയിരുന്നു പിന്നാലെ പ്രകാശനും…
“പ്രകാശൻ തിരിച്ചു വന്ന് കസേരയിലിരുന്നു. രാവിലെത്തന്നെ വീട്ടിൽ നിന്ന് ചാടിയിട്ടുണ്ടാകും, ഇവന് ഇതൊക്കെ കഴിഞ്ഞിട്ട് ഇറങ്ങിയാൽ പോരെ, ബൈക്കുമായി കറങ്ങി നടക്കുമ്പോഴാ എന്നെ കണ്ടത്…
ഞാനൊന്ന് ചിരിച്ചു. ചിരി പൂർത്തിയാകുന്നതിന് മുൻപ് എൻ്റെ മുഖം കോടിപ്പോയിരുന്നു, വയറിനുള്ളിൽ പൊട്ടലും ചീറ്റലും തുടങ്ങിയിരുന്നു ഏത് നിമിഷവും എന്തും സംഭവിക്കാം…
ഞാൻ ചാടിയെഴുന്നേറ്റു…
“പ്രകാശാ ഇവിടെ ഇനിയും കക്കൂസുണ്ടോ, ഇല്ലെങ്കിൽ പ്രശ്നമാകും”…
“പിറക് വശം പറമ്പിൽ ഒന്നുണ്ട് ഇപ്പോൾ ഉപയോഗിക്കാറില്ല പൈപ്പും വെള്ളവുമൊന്നുമില്ല”…
“സാരമില്ല നീ ഒരു ബക്കറ്റ് വെള്ളം അവിടെ എത്തിക്ക് “…
പറഞ്ഞു തീരുന്നതിന് മുൻപേ ഞാൻ പിറക് വശത്തേക്ക് ഓടിയിരുന്നു. കക്കൂസിൽ ചാടിക്കയറി നിന്നു ജീൻസ് ടൈറ്റായിരിക്കാൻ കെട്ടിയ ബെൽറ്റഴിക്കാൻ ശ്രമിച്ചു ,ബെൽറ്റ് ഊരാൻ പറ്റുന്നില്ല…
ബെൽറ്റഴിഞ്ഞ് കിട്ടിയപ്പോൾ ജീൻസിൻ്റെ ബട്ടൻ അഴിയുന്നില്ല, ബട്ടൻസ് വലിച്ച് പൊട്ടിച്ച് ജീൻസും ഉള്ളിലെ കവചവും വലിച്ചഴിച്ചിരുന്നതേ ഓർമ്മയുള്ളൂ…
ഒരു സെക്കൻ്റുകൂടി വൈകിയിരുന്നെങ്കിൽ പ്രശ്നം ഗുരുതരമായേനെ, പിന്നെ എങ്ങനെ പുറത്തിറങ്ങും എങ്ങിനെ ഇവിടെയുള്ളവരുടെ മുഖത്ത് നോക്കും ,പുതിയ ജീൻസും കവചവും ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ, പ്രകാശൻ്റെ ഒരു ലുങ്കി കടം വാങ്ങി കുളിച്ച് പോകേണ്ടി വരും…
ഞാൻ കൈ നീട്ടി തുറന്നു കിടന്ന ഡോറടച്ചു, കണ്ണുമടച്ച് വിയർത്ത് കുളിച്ച് അവിടെയിരുന്നു എഴുന്നേൽക്കാൻ തോന്നുന്നില്ല, എന്താണ് ഇത്രയൊക്കെ പോകാനുള്ളത്…
“വെള്ളം മുൻപിലുണ്ട്”…
പുറത്ത് പ്രകാശൻ്റെ ശബ്ദം കേട്ടു, എന്താണ് സംഭവിച്ചത് രണ്ടു പേർക്കും ഒരേ സമയത്ത് ഇതെങ്ങനെ പറ്റി, ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല…
വെള്ളമെടുക്കാൻ വേണ്ടി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വയറിനുള്ളിൽ എന്തൊക്കെയോ ഉരുണ്ട് കയറിയിറങ്ങുന്നതു പോലെ തോന്നും വീണ്ടും അവിടെത്തന്നെയിരിക്കും…
സമയം കടന്നു പോയി പെട്ടെന്ന് രണ്ട് ബദാം മിൽക്കിൻ്റെ ഗ്ലാസുകൾ ഉള്ളിൽ തെളിഞ്ഞു വന്നു. അപ്പോൾ അതു തന്നെയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം…
കുറേ സമയം കൂടിയിരുന്ന ശേഷം എഴുന്നേറ്റ് ഡോറ് പകുതി തുറന്ന് പുറത്തേക്ക് നോക്കി, ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി ഡോറിൻ്റെ മറവിൽ നിന്ന് കൈ നീട്ടി വെള്ളമെടുത്ത് കഴുകി പുറത്തിറങ്ങി…
ശക്തിയെല്ലാം ക്ഷയിച്ച പോലെ കാലുകൾക്ക് ബലം കുറഞ്ഞോ,
കുറേ സമയം ഇരുന്നിട്ടാകും മെല്ലെ നടന്ന് വരാന്തയിലേക്ക് കയറിയിരുന്നു…
അസീസ് തല താഴ്ത്തിയിരിക്കുന്നതു കണ്ടു, എട്ടു കണ്ണുകൾ ഞങ്ങളെ ഉറ്റുനോക്കുന്നുണ്ടായിരുന്നു…
“എന്താ പറ്റിയത്, രണ്ടു പേർക്കും ഒരേ സമയത്ത് തന്നെ ഇങ്ങനെ വരാൻ, രാവിലെ എന്താ രണ്ടു പേരും കഴിച്ചത്, ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തിൻ്റെ കുഴപ്പമാണെങ്കിൽ ഞങ്ങൾക്കും ഇതുപോലെ സംഭവിക്കണം “…
അമ്മയുടെ ശബ്ദമാണ്, ഞാൻ തലയുയർത്തി അസീസിനെ നോക്കി…
”ഒരു ഗ്ലാസ് ബദാം മിൽക്ക് എടുക്കട്ടെ, സ്റ്റാമിന കൂടാൻ”…
അവൻ എന്നെ നോക്കി ചുണ്ട് കോട്ടി ഒന്ന് ചിരിച്ചെന്നു വരുത്തി തല താഴ്ത്തിയിരുന്നു…
ഞാൻ കുറച്ച് സമയം അനങ്ങാതിരുന്നു, ഇല്ല കുഴപ്പമൊന്നും തോന്നുന്നില്ല, കഴിച്ച ചോറ് വരെ പോയെന്ന് തോന്നുന്നു, ഞാൻ അസീസിനെ ഒന്ന് തോണ്ടി മെല്ലെ എഴുന്നേറ്റു…
ഒന്നും മനസിലാകാതെ ഞങ്ങളെ പകച്ചു നോക്കി നിന്ന അവരെ നോക്കി ഞാൻ യാത്ര ചോദിച്ചു…
“ഞങ്ങളിറങ്ങട്ടെ, ഇനി പിന്നെ എപ്പോഴെങ്കിലും വരാം”…
ബൈക്കിൽ കയറിയിരുന്നപ്പോൾ പ്രകാശൻ അടുത്തെത്തി…
“സത്യം പറ എന്താ സംഭവിച്ചത് “…
“ഒന്നുമില്ല…അറബികൾ സ്റ്റാമിന കൂടാൻ കഴിക്കുന്ന മരുന്ന് വരുന്ന വഴി ഞങ്ങളും കഴിച്ചിരുന്നു. മലയാളികളായതുകൊണ്ടാകും ഞങ്ങളുടെ വയറിനത് പിടിക്കാഞ്ഞത്”…
സംശയം മാറാതെ എൻ്റെ കൈ പിടിച്ചു നിന്ന പ്രകാശനോട് ഞാൻ ഉണ്ടായ സംഭവമെല്ലാം പറഞ്ഞു. പ്രകാശൻ്റെ പൊട്ടിച്ചിരി ഉയർന്നപ്പോൾ ഞാൻ അസീസിൻ്റെ ചെവിയോട് ചുണ്ട് ചേർത്തു…
“വണ്ടി വിടെടാ തെണ്ടീ”..