കവിത : പ്രകാശ് പോളശ്ശേരി*.

ഹൃദയം പൂത്തൊരാ വസന്തത്തിലൊരുപാടു
പുതു പൂക്കളുമായ് നിൻ ചാരെ വന്നിരുന്നു
തുരുതുരെ വിതറിയ പൂക്കൾ തൻ സുഗന്ധം
അനുഭവവേദ്യമെന്നു കരുതിപ്പോയി
അതിലേതോ പൂവതു പഴകിയതാണെന്ന
മുൻ വിധിയോടെ നീ തിരസ്കരിച്ചു
അറിയാതെ വന്നതാം ഒരു പക്ഷേ വിധിയുമാ-
മെന്നാലുമതിനുമുണ്ടല്ലോ ഒരു ഹൃദയ വാക്യം
പുതുപൂക്കൾ വിരിയുമ്പോൾപഴയതെന്തിനാം
മധുവല്ലെ കേമമെന്ന മനമതാകാം
അഴകാർന്ന പുലരിയും അകലുമൊരുവേള
പിന്നെ വരുന്നതൊരു ഉഷ്ണമേഘമാണ്
സായന്തനത്തിൻ്റെ രാഗങ്ങളുൾക്കൊണ്ട
സന്ധ്യതൻ ശോണിമക്കെന്തു ഭംഗി
ഹൃദയംകുളിർക്കുമൊരുകാഴ്ചയാണേറെയും
ഒരു ഗസലിൻ്റെ ശാന്തത കേൾക്കണില്ലെ
സന്ധ്യയും പോയിടും രാക്കിളിപ്പാട്ടിൻ്റെ
രാഗങ്ങളുമായ് പിന്നെ രാത്രി വരും
രജനിതൻ ശോഭയിൽ നീല നിലാവിലായ്
അണിചേരാൻ താരകകൂട്ടങ്ങളും
പുഷ്പകാലങ്ങൾ പോയിടുംപൂന്തെന്നൽ പോയിടും,
പൂങ്കുയിൽ പിന്നെയും പാടിത്തരും
തളിരില ഉണ്ണുന്ന പൂങ്കുയിലപ്പോഴും
ഇണ വിട്ട പോലെ പാടിപാറിപ്പറന്നിടുന്നു
ഒരു വേള ശ്രദ്ധിച്ചാൽ അതിലറിവുണ്ടാകും
ആ പൂങ്കുയിലേറെ പരിചിതമെന്നും
കൈ തള്ളിക്കളഞ്ഞോരാശ്രുതിശുദ്ധിയേറിയ
രാഗങ്ങൾ പിന്നേയും വന്നീടുമോ
അറിയില്ല പിന്നെ രാഗങ്ങൾ കേൾക്കില്ല
അകലെയൊരു കാട്ടിലൊരു കൊമ്പത്തായ് –
കാലുകളുടക്കി ഉറുമ്പരിച്ച് തൂങ്ങിയ
കുയിലിൻ്റെ ജഡമൊരു പക്ഷേ കണ്ടെടുക്കാം.

പ്രകാശ് പോളശ്ശേരി

By ivayana