കവിത : വിനോദ്. വി. ദേവ്.*
ആണ്ടുകൾക്കപ്പുറം
ആദ്യത്തെ ആണി
ശിരസ്സിൽ തറഞ്ഞപ്പോൾത്തന്നെ
ഞാൻ ചത്തുപോയിരുന്നു.
എങ്കിലും
ചത്തവനെന്നറിയാതെ
ശവംതീനികൾ
വീണ്ടും വീണ്ടൂം എന്റെ മൃതശരീരത്തിൽ
മുറിവുകൾ വീഴ്ത്തിക്കൊണ്ടിരിക്കുന്നു.
കണ്ണുകൾ കുത്തിപ്പൊട്ടിക്കാം
പിന്നെ ഒന്നും കാണില്ലല്ലോ !
ചെവികൾ കുത്തിത്തുളയ്ക്കാം
പിന്നെയൊന്നും കേൾക്കില്ലല്ലോ !
നാവരിഞ്ഞെടുക്കാം
ഒന്നും സംസാരിക്കില്ലല്ലോ !
ഒടുവിൽ ഹൃദയംപിളർത്തിയൊരു കുത്തോടെ
വികാരങ്ങളെയും
കണ്ണീരിനെയും ചവുട്ടിമെതിയ്ക്കാം.
തലച്ചോറ് തല്ലിത്തെറിപ്പിച്ചാൽ
ചിന്തിക്കുകയുമില്ലല്ലോ !
ആണ്ടുകൾക്കുമുമ്പെ
ഞാൻ ചത്തുവെന്നറിയാതെ,
കൈയ്യിലും കാലിലും ശിരസ്സിലും തുടയിലും
മഴു വീഴുന്നു.
മൃതശരീരത്തെ
അനുസരണയുടെ തത്വംപഠിപ്പിക്കുന്നു.,
കണ്ണിലേക്ക് തുറിച്ചുനോക്കി
ഭ്രാന്തിന്റെ അംശമുണ്ടോന്ന് ഉറപ്പുവരുത്തുന്നു.
പേവിഷംകലർത്തി
തീയ്യിൽപാകപ്പെടുത്തിയ
വേദാന്തം ചെവിയിലൊഴിക്കുന്നു.
എന്റെ മൃതശരീരം
പുലമ്പുന്നുണ്ട്
ഹേ ..! ശവംതീനികളേ ..!
ആണ്ടുകൾക്കുമുമ്പ്
ഞാൻ നേരായും ചത്തുപോയതാണ്.
നിങ്ങൾ മുറിപ്പെടുത്തുന്നത്
എന്റെ മൃതദേഹത്തെയാണ്.
എന്റെ ചിതയിലെ ചാരംപോലും എന്നോ
നനഞ്ഞൊലിച്ചു –
പോയിരിക്കുന്നു.
എങ്കിലും അവർ വിശ്വസിക്കുന്നതേയില്ല !
അവർ ആയുധങ്ങൾ രാകിമൂർച്ചപ്പെടുത്തുന്നു
അപമാനശരത്തിന്റെ മുനയിൽ
വിഷംതേച്ചുവക്കുന്നു.
അവനെ കൊല്ലുമെന്ന്
ആക്രോശിക്കുന്നു.
ആണ്ടുകൾക്കുമുമ്പെ
ഞാൻ മരണപ്പെട്ടുപോയെന്ന്
എങ്ങനെ അവരെ ബോധ്യപ്പെടുത്തും.?
മരണസർട്ടിഫിക്കറ്റിൽപ്പോലും
പേര് അടയാളപ്പെടുത്താൻ
ആരുമില്ലാത്തവൻ
അതെങ്ങനെ തെളിയിക്കും.?