ദു:സ്വപ്നങ്ങൾ ഒരു ഭീതിയായി യൂറോപ്യൻ സാമൂഹികാന്തരീക്ഷത്തിൽ പടർന്നുപിടിച്ച കാലത്താണ് ആധുനിക മന:ശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് സ്വപ്നങ്ങളെക്കുറിച്ചു പഠനം നടത്തുന്നത്. ബൈബിളിലെ പഴയ നിയമമനുസ്സരിച്ചുള്ള സ്വപ്നകഥകളും അതിന്റെ വ്യാഖ്യാനവും ക്രിസ്തീയ വിശ്വാസികളെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. അക്കാലത്താണ് ഫ്രോയ്ഡ് പറയുന്നത് സ്വപ്നങ്ങൾ വരാൻപോകുന്ന ദുരന്തങ്ങളേയല്ല സൂചിപ്പിയ്ക്കുന്നത്. നിങ്ങളുടെ ഉപബോധമനസ്സിലുള്ള ആശകളും ആസക്തികളും നിരാശകളുമാണ് സ്വപ്നത്തിലേക്ക് ഉയിർത്തെഴുന്നേറ്റ് വരുന്നത്. തന്റെ പഠനങ്ങളിൽ ധാരാളം ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടികാണിയ്ക്കുന്നു. ഒരിക്കൽ യുവതി ഫ്രോയ്ഡിനെ കാണുവാനെത്തി. അവൾ പറഞ്ഞു: സാർ ,എന്റെ ഇളയ സഹോദരൻ മരിച്ചു പോകുന്നതായി ഞാൻ സ്ഥിരമായി സ്വപ്നം കാണുന്നു. പക്ഷേ ,മനസ്സുകൊണ്ട് ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. അത് വേദനാജനകമാണ്. പെൺകുട്ടിയോട് പലകാര്യങ്ങളും ചോദിച്ചതിനുശേഷം ഫ്രോയ്ഡ് അവളെ മനോ- വിശ്ലേഷണത്തിന് ( സൈക്കോ – അനാലിസിസ് ) വിധേയയാക്കി. അപ്പോൾ ചില രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു.
യുവതിയ്ക്കു ഒരു മുത്തശ്ശിയുണ്ടായിരുന്നു. ഒരു ദിവസം അവർ മരണപ്പെട്ടു. അവരുടെ മരണാനന്തരകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനിടയിൽ യുവതി അത്യന്തം സുന്ദരനായ ഒരു യുവാവിനെ കണ്ടു. അയാളോളം സൗന്ദര്യമുള്ള ഒരാളെ അവൾ കണ്ടിട്ടില്ല . അയാളുടെ മുഖത്ത് നിന്ന് അവൾക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അയാൾ അവളുടെ മനസ്സിൽ തന്നെ തറഞ്ഞുനിന്നു. സംസ്കാരചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പോയി. യുവാവും. പക്ഷേ ,അയാളെ മറക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഓരോ ദിവസവും അവൾ അയാളെക്കുറിച്ചോർത്തു. എന്നാൽ പിന്നീടൊരിക്കലും അയാളെ കാണാൻ അവൾക്ക് കഴിഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞു. ഈ ദിവസങ്ങളിലാണ് അവൾ സഹോദരൻ മരിക്കുന്നതായി നിരന്തരം സ്വപ്നം കാണുന്നത്.
ഫ്രോയ്ഡ് പറയുന്നു. മുത്തശ്ശിയുടെ മരണദിവസം മാത്രം സുന്ദരനായ ആ യുവാവിനെ കാണാൻ അവൾക്ക് കഴിഞ്ഞു. പിന്നെ കണ്ടതുമില്ല. അങ്ങനെ തന്റെ സഹോദരൻ മരിച്ചാൽ ആ ദിവസം അയാളെ വീണ്ടും കാണാമെന്നുള്ള ഉപബോധമനസ്സിന്റെ അത്യാഗ്രഹം കൊണ്ടാണ് സഹോദരൻ മരിക്കുന്നതായി അവൾ സ്വപ്നം കാണുന്നതെന്ന് ഫ്രോയ്ഡ് കൂട്ടിച്ചേർത്തു. എന്നാൽ ഈ ആഗ്രഹം ബോധമനസ്സിൽ ഉണ്ടാകണമെന്നില്ല. താനറിയാതെ അത്തരമൊരാഗ്രഹം ഉപബോധമനസ്സിൽ കുടിയുറപ്പിക്കുന്നു. മനുഷ്യന്റെ ഇത്തരം ആഗ്രഹങ്ങളുടെ ആകെത്തുകയാണ് സ്വപ്നം.