ബുധനാഴ്ച മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്ന ഐടി നിയമങ്ങൾ വാട്സാപ്പിനെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല. ഫേസ്ബുക്ക്, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വൻകിട ടെക് കമ്പനികൾ ബാധകമാണ്. അതേസമയം വാട്സാപ്പ് മാത്രമാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പെറ്റീഷൻ ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചു. ഇതിൽ വാട്സാപ്പ് പ്രധാനമായി ഉന്നയിക്കുന്ന വാദങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
തങ്ങളുടെ മെസേജിങ് സേവനത്തിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ബ്രേക്ക് ചെയ്യാൻ പുതിയ ഐടി നിയമങ്ങൾ നിർബന്ധിക്കുന്നു. ഇത് വാട്സാപ്പ് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് പൗരന്മാരുടെ സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നീ മൗലികാവകാശത്തെ ഹനിക്കുന്നതാണ് എന്നാണ് വാട്സാപ്പ് ഉന്നയിക്കുന്ന പ്രധാന വാദം.
വിവരങ്ങൾ ആദ്യം പങ്കുവച്ചയാളെ കണ്ടെത്താനുള്ള കാര്യങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ വാട്സാപ്പിനെ നിർബന്ധിക്കുകയാണ്. ഇന്ത്യയിൽ വാട്സാപ്പ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയുടെയും സ്വകാര്യതയെ ഇത് ലംഘിക്കും.
“വ്യവസ്ഥാപിത പ്രശ്‌നങ്ങൾക്ക് പെട്ടന്നുള്ള പരിഹാരം കണ്ടെത്താനുള്ള തീവ്രമായ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങൾ ബലിയർപ്പിക്കാൻ കഴിയില്ല.” എന്ന സ്വകാര്യതയെക്കുറിച്ചുള്ള ഒരു സുപ്രീം കോടതി ഉത്തരവും പെറ്റീഷനിൽ ഉദ്ധരിക്കുന്നുണ്ട്.
ഫെബ്രുവരി 25 ന് കേന്ദ്രം അറിയിച്ചതും ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതുമായ പുതിയ ഐടി നിയമങ്ങളിൽ, ചാറ്റ് ആപ്പുകളിൽ സന്ദേശങ്ങളുടെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നത് നിർബന്ധമാക്കുന്ന ഒരു വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്സാപ്പ് പോലുള്ള ഒരു ചാറ്റ് ആപ്പിൽ അത്തരമൊരു സംവിധാനം നടപ്പിലാക്കുകയാണെങ്കിൽ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്ന ഒരു സവിശേഷത ഇല്ലാതാകും. ഇത് പ്രായോഗികമല്ലെന്ന് വാട്‌സ്ആപ്പ് അതിന്റെ നിവേദനത്തിൽ എടുത്തുപറയുന്നു. “ഏത് സന്ദേശമാണ് ഗവൺമെന്റിന്റെ കണ്ടെത്തൽ ഉത്തരവിന് വിധേയമാകുമെന്ന് പ്രവചിക്കാൻ ഒരു മാർഗവുമില്ല,” വാട്‌സ്ആപ്പ് അപേക്ഷയിൽ പറയുന്നു.എല്ലാ സന്ദേശങ്ങളും കണ്ടെത്താൻ അനുവദിക്കുന്ന ഒരു സംവിധാനം കൊണ്ടുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സ്വാധീനിക്കുമെന്ന് വാട്സാപ്പ് ചൂണ്ടിക്കാണിക്കുന്നു.