രചന : ഷിംന അരവിന്ദ്*
ഇവിടേക്ക് വന്നിട്ട് നാല് ദിവസമായ് …. ഇന്നെങ്കിലും എനിക്കത് കാണാൻ പോവണം. തലയോളം മൂടി വെച്ച രണ്ട് ബ്ലാങ്കറ്റിനേയും പതുക്കെ മാറ്റിക്കൊണ്ട് പുറത്തേക്ക് നോക്കി. ഒന്നും കാണാനാവാതെ എഴുന്നേറ്റു. നിലത്ത് ചവുട്ടിയപ്പോൾ കോരിത്തരിച്ച ആ തണുപ്പ് വീണ്ടും വിറപ്പിച്ചു.
മുട്ടിവിളിക്കുന്നത് കേട്ട് വാതിൽ തുറന്ന് നോക്കിയപ്പോൾ ആരാണന്നറിയാതെ വീണ്ടും വാതിലടച്ചു .
വിറച്ച് കൊണ്ടാണെങ്കിലും വേഗം റെഡിയായ് തണുപ്പ് മാറ്റാൻ വേണ്ടി ഡൈനിംഗ് റൂമിലേക്ക് .
ചായ കുടിച്ച് തീരുമ്പോഴേക്കും പുറത്ത് വണ്ടി കാത്തിരിക്കുന്നു.
മാഡം ആദ്യായിട്ടാണോ ഇവിടേക്ക്. … മ് മ് ഉം. ഇത്തവണ തണുപ്പിത്തിരി കൂടുതലാ …. ആദ്യം പൂക്കൾ കാണാൻ പോവാം അല്ലെ മാഡം…. തനിച്ചാണോ ,ഫാമിലി കൂടെ ഇല്ലേ .. ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാൾ എന്തൊക്കയോ ചോദിച്ച് കൊണ്ടേയിരുന്നു.
സബർ വാൻ മലനിരകളുടെ അടിവാരത്തുള്ള ,ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ഗാർഡനടുത്ത് വണ്ടി പാർക്ക് ചെയ്തു. ചുവപ്പും മഞ്ഞയും നിറമുള്ള പട്ടുകളാൽ വിരിച്ച ആ സ്വർഗത്തിലേക്ക് അവൾ വീണ്ടുമെത്തി … നിന്റെ കൂടെ ആ പച്ച പട്ടിലിരുന്ന് ഫോട്ടോയെടുക്കാൻ നീ എനിക്ക് തരുന്ന ആ തുളിപ്പിനെ അടുത്ത ഏപ്രിൽ മാസം വരെ ഓർക്കാൻ … അതോ ഈ സൗന്ദര്യം ഇത്തവണയും എന്റെ കൂടെ ആസ്വദിക്കാൻ നീയുണ്ടാവില്ലെ …
തുളിപ്പ് കൾക്കിടയിൽ കൂടി നടക്കുമ്പോഴും അവളാ മുഖത്തെ തേടി…. തുളിപ്പ് ഗാർഡനിൽ നിന്ന് ഇറങ്ങുമ്പോഴും അവൾ പറഞ്ഞു നിന്നെ കണ്ടിട്ടേ ഞാനീ കാശ്മീരം വിട്ട് പോവൂ….
ഭൂമിയിലെ സ്വർഗം കാശ്മീരാണെങ്കിൽ ആ സ്വർഗത്തിലെ
താഴ്വാരമാണ് ഗുൽമർഗ് .ആ യാത്രക്കിടയിൽ അന്നവൻ പറഞ്ഞതോർത്തു.
മഹാശിവന്റെ പത്നിയായ ഗൗരിയുടെ പേരിൽ ഗുൽമർ ഗിന്റെ ആദ്യ നാമം ഗൗരീ മാർഗ് എന്നായിരുന്നു. പിന്നീടത് റോസാ പൂക്കളുടെ സ്ഥലം എന്നർത്ഥമുള്ള ഗുൽമർ ഗായ് മാറി. അന്ന് അവനുമായ് മഞ്ഞ് കട്ടകളെടുത്തും ,മഞ്ഞാകുന്ന പഞ്ഞി കെട്ടിലൂടെ ഓടി ഓടി വീണ് കളിച്ചതും ഓർത്തപ്പോൾ ,തലയിലേക്ക് വീഴുന്ന ഹിമകണങ്ങളാൽ കണ്ണ് നീരും പഞ്ഞികെട്ടിലേക്ക് …
രണ്ട് കൈകൾ കൊണ്ടും ഐസ് കട്ടകൾ വാരിക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു ഞാൻ നിന്നെ കണ്ടെത്തും.
മൂന്ന് ഭാഗവും സബർവൻ ഗിരി നിരകളാൽ പൊതിഞ്ഞ് വെച്ചിട്ടു തടാകത്തിലേക്കായ് അടുത്ത യാത്ര. ബാഗിൽ നിന്ന് അവളാ ഡയറി എടുത്തു. അന്നവൻ പറഞ്ഞ് തരുമ്പോൾ കുറിച്ചിട്ട വരികൾ ..ഫ്ലോട്ടിംഗ് ഗാർഡൻ അഥവാ ഒഴുകുന്ന പൂന്തോട്ടത്തിൽ വിവിധ തരത്തിലുള്ള താമരകൾ കൊണ്ട് സമ്പന്നമായ ദാൽ താടകം കാശ്മീരിന്റെ കിരീടത്തിലെ രത്നം കൂടിയാണെന്ന് പറഞ്ഞപ്പോൾ ,ഷിക്കാരാ ബോട്ടിൽ ഇരുന്ന് കൊണ്ട് കാശ്മീർ ഡ്രസ്സിലെ ആ ഫോട്ടോയിൽ ഒന്ന് കൂടി അവൾ നോക്കി.
തടാകത്തിലേക്കിറങ്ങുന്നില്ലെ മാഡം. … ഡ്രൈവറുടെ വിളി കേട്ട് ഡയറി വീണ്ടും ബാഗിൽ വെച്ചു.
ബോട്ടിംഗിന്റെ സൗന്ദര്യം ഒന്ന് കൂടി ആസ്വദിക്കവെ … അവിടെയും ചോദിച്ചു കണ്ടോ ? നീ എന്റെ കൂട്ട് കാരനെ.?
കിഴക്കാം തൂക്കായ കുന്നുകളും ,പൈൻ മരക്കാടുകളും, മഞ്ഞ് പെയ്ത് തലപ്പാവ് ചൂടിയ നീല കൊടുമുടികളും.
നീലിച്ച മലനിരകൾക്ക് താഴെ ഭൂമി ഒരുക്കി വെച്ച മഞ്ഞ് വീണ പുൽമേടുകൾ ….. കാശ്മീരിന്റെ മനോഹരമായ പഹൽഗാം താഴ് വാരത്ത് വെച്ചാ വെള്ളാരം കണ്ണുള്ള അവനെ ഞാൻ ആദ്യായിട്ട് കാണുന്നത്.
ആ സൗഹൃദം വർഷങ്ങളോളം നീണ്ടു. അവസാനമായ് കണ്ട നാൾ ഞങ്ങളൊരുമിച്ച് കുങ്കുമ പൂവ് കൃഷി ചെയ്യുന്ന പാംപോ റിലേക്ക് പോയതും ,എന്റെ ഓർമകൾ പോവുന്നിടത്തേക്ക് തന്നെ വണ്ടിയും … മാഡം …. സാഫ്റോൺ വാങ്ങിക്കുന്നുണ്ടോ എന്ന് ചോദിച്ച ഡ്രൈവറോട് ഇല്ലെന്ന് പറഞ്ഞപ്പോൾ വണ്ടി വീണ്ടും യാത്ര തുടർന്നു. യാത്രക്കിടയിൽ അവളാ പോസ്റ്റ് കണ്ടു.
ബായ് സാബ് വണ്ടി സ്റ്റോപ്പ് ചെയ്യൂ.
അതിനടുത്തേക്കായ് അവൾ നടന്നു .
വീരമൃത്യു വരിച്ചവർ ,സേനയുടെ പാരമ്പര്യം ഉയർത്തി പിടിച്ചു. സൈനീകർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ട് ,.താഴെ എഴുതിയിരിക്കുന്ന ഓരോ പേരിലേക്കും അവളുടെ വിരലുകൾ ഓടിയകന്നു ,ഒടുവിൽ അവളാ പേര് കണ്ടു .. “കേണൽ യൂസഫലി അക്ബർ
നിന്നെ തേടി വന്നത് കല്ലിൽ കൊത്തിവെച്ച നിന്റെ പേര് കാണാനായിരുന്നോ …. കണ്ണ് നീരിനെ അടക്കിവെച്ച് സല്യൂട്ട് പറഞ്ഞ് കൊണ്ട് … തുളിപ്പ് പൂക്കൾ അർപ്പിക്കവെ അവൾ പറഞ്ഞു ..നാദിറ തുളിപ്പ് കാണാനിനി വരില്ല യൂസഫ് …..നമാസിന് മുന്നെ റൂമിലെത്തണമെന്ന ചിന്തയോടെ വീണ്ടും അവൾ വണ്ടിയിലേക്ക്..