കവിത : ആനന്ദ് അമരത്വ*
നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി
പൂരപ്പറമ്പിൽ
നിരത്തി നിർത്തുന്നു
ആന ചന്തം വിളമ്പുന്നു
ആൾക്കൂട്ടത്തിൽ ഐക്യ ദാർഢ്യം
ചേർത്തു നിർത്തുന്നു
ചേർന്നു നിൽക്കുമ്പോഴും
ചതിക്കും നോവിക്കുമെന്ന്
പൊള്ളിക്കുന്നു ചങ്ങലക്കിട്ട
ആനക്കാലിലെ വൃണങ്ങൾ.
കിടങ്ങു കുത്തി
ചതിക്കുഴിയിൽ വീഴ്ത്തി
കുത്തി നോവിച്ചും തല്ലിക്കൊന്നും
ഇടത്താനെ വലത്താനെയെന്ന്
ആന ചട്ടം പഠിപ്പിച്ച്
മെരുക്കി അടിമയാക്കിയ
ഒരു വന്ന വഴിയുണ്ട്
ആനകൾക്കെല്ലാം
തിരിഞ്ഞു നോക്കുമ്പോൾ.
ചങ്ങലപ്പൂട്ടഴിക്കാതെ തിടമ്പേറ്റുന്ന
ആനുകൂല്യം തന്ന് കെട്ടിയൊരുക്കി
ആനക്കൊപ്പമെന്ന്
സെൽഫിയെടുത്താഘോഷിച്ചാൽ
കണ്ണുമടച്ച് ഒരാനയും
ഒരാൾക്കൂട്ടത്തെയും നമ്പില്ല
പൊള്ളിച്ച മുറിവുകൾ മറന്ന്…