കവിത : താഹാ ജമാൽ*

മിനിഞ്ഞാന്ന് ഉണർന്നപ്പോൾ
നിഴലിനെ കാണാനില്ല.
ഞാൻ കരുതി
ഞാൻ മരിച്ചെന്ന്
കൂടെ എണീറ്റവളുടെ നിഴലും കാണാനില്ല
ഭാഗ്യം
ഞങ്ങൾ
രണ്ടു പേരും മരിച്ചതിൽ സന്തോഷിച്ചു.
മകൾ
ഉണർന്നപ്പോൾ
അവളുടെ നിഴൽ എണീറ്റു.
നിഴലുകൾ ഉണരുന്ന സമയം
അവൾക്ക് മാത്രമേ അറിയൂ
കാരണം
അവളുടെ ഉറക്കത്തിന് ഭാരമുണ്ടായിരുന്നില്ല.
ഇന്നിനി എന്തുണ്ടാക്കും?
എന്ന ഭാരം അവൾ
പുട്ടിലോ, ഉപ്പുമാവിലോ, ലയിപ്പിക്കും
ഞാനാണേൽ ഭാരം ചുമന്ന് പൊട്ടാറാകും?
അപ്പോൾ വിളി വരും.
പാൽ
മീൻ
പച്ചക്കറി
ഭാരം വീണ്ടും കൂടി ഞാൻ
ചന്തയ്ക്ക് പോകും.
ചന്തയിലെ കച്ചവടക്കാരൻ്റെ മുന്നിൽ
ചീഞ്ഞളിയാറായ ഭാരങ്ങൾ
അതവൻ എനിക്ക് പകുത്തു.
പലർക്കും
പക്ഷേ,
വൈകുന്നേരമായാൽ
നിഴൽ
എട്ടടി മൂർഖനെ പോലെ പുറകെ വരും
ഞാൻ
എന്നും കരുതും
മിനിഞ്ഞാന്നത്തെ നിഴലിന് എൻ്റെ പൊക്കമില്ല.
ഞാൻ ഇടയ്ക്കിടെ ഞാനല്ലാതാകുന്നത്
ഇപ്പോൾ നിഴൽ മാത്രം തിരിച്ചറിയുന്നത്
എനിക്ക് മാത്രമേ അറിയൂ.
ഇന്നുണർന്നപ്പോളും
നിഴലിനെ കാണാനില്ല
എനിക്കറിയാം ഞാൻ മരിച്ചെന്ന്
നിങ്ങൾക്കുമറിയാം
നിങ്ങൾ മരിച്ചെന്ന്
പക്ഷേ, നിങ്ങൾ മാത്രമത്
പുറത്ത് പറയുന്നില്ല.

താഹാ ജമാൽ

By ivayana