ഇപ്പോഴാണ് ശരിക്കും ഞാൻ
സഞ്ചരിക്കാൻ തുടങ്ങിയത്
അത്ഭുതം തോന്നുന്നുണ്ടോ?
കടൽ താണ്ടിയിക്കരെയിരിക്കുന്നവനോട് ?
ഇന്നലെ വരെ എന്റെ കണ്ണുകൾ
ആലസ്യത്തിലായിരുന്നു
തലച്ചോറിൽ മന്ദത ഖനീഭവിചിരുന്നു
വാക്കുകൾ മുനയൊടിഞ്ഞ് …..
ഇന്ന് നോക്കൂ,………
ഞാൻ നടക്കുകയാണ് അല്ല പാലായനമാണ്
എന്റെ നാടിന്റെ തെരുവിലൂടെ
എനിക്കൊപ്പമുള്ളവരുടെ നിലവിളിക്കൊപ്പം
പ്രാണൻ വെടിഞ്ഞവന്റെ കുഞ്ഞുങ്ങൾ വഴിയരികിൽ വിലപിക്കുന്നു
പ്രാണനെടുത്ത വാഹനങ്ങളുടെ കലമ്പൽ
കുരൽ പൊട്ടിയ കുഞ്ഞുങ്ങൾ
വഴിയിലെവിടെയും മഹാനഗരത്തിന്റെ
ചുമടുതാങ്ങികളോ, വെള്ളപ്പുരകളോ കണ്ടില്ല.
പാലായനം പട്ടിണി രോഗം
ഒരു പക്ഷെ പ്രതീക്ഷയുടെ നുകമണിയിച്ചിരിക്കാം.
നഗരത്തിന്റെ പിന്നാമ്പുറത്ത് ശ്വാസം നിലച്ച കൂടാരങ്ങൾ
നഗരങ്ങളെ കൈ വെടിഞ്ഞ് ഗ്രാമങ്ങളിലേക്ക്
ദുരിതങ്ങൾ വട്ടംചുഴറ്റുന്നവന്റെ അവസാനത്തെ അഗ്രഹം.

ഞാനിപ്പോൾ എനിക്കു ചുറ്റിലും മനുഷ്യരുടെ സഞ്ചാരമറിയുന്നു
പലരും എന്റെ ഹൃദയത്തെ തൊട്ടിരിക്കുന്നു
എന്റെ സങ്കടങ്ങളുടെ കുമിള നേർത്തു പൊട്ടിയിരിക്കുന്നു

ചില നഗരങ്ങളിൽ നിന്ന് ഞാനോടി മറയാൻ കൊതിച്ചു
നഗരഗോപുരങ്ങളിൽ മരണത്തിന്റെ ദൂതൻമാർ കാവലിരിക്കുന്നു.
മണ്ണിലടക്കം ചെയ്തവരേക്കാൾ നമ്മൾ വളർന്നിട്ടില്ലല്ലോ.
ഇത്ര നാൾ യുദ്ധം നമ്മൾ തമ്മിലായിരുന്നു
ഉപയോഗശൂന്യമായ ആയുധപ്പുരകൾ
ഉരുക്കിയെടുത്ത് നല്ല കൈക്കോട്ടുകൾ നിർമ്മിക്കണം.
വിശ്വാസങ്ങളുടെ വിശുദ്ധീകരണമോ ? മരണമോ ?
മനുഷ്യൻ മുറവിളി കൂട്ടുന്നതത്രയും മദ്യ ചഷകങ്ങൾക്കായ്.
തകർന്നു വീണ വിസ്മയങ്ങളുടെ കാഴ്ചഭ്രമം കളവായിരുന്നു

കറകളഞ്ഞ പ്രകൃതിയുടെ മുഖം ……
ഇതത്രയും നിന്റെ ഉയിർപ്പിന്റെ ദിനരാത്രങ്ങളോ
ഒരു പക്ഷെ ഇപ്പോൾ മരിക്കുന്നവരൊക്കെയും മനുഷ്യരായ്തീർന്നവരായിരിക്കും
നമ്മളേപ്പോലെ …….

അനൂപ്

By ivayana