കവിത : രചന – ഗീത മന്ദസ്മിത✍️
വിജനമാം വീഥികൾ വിരസമാം വേളകൾ
മൗനം വിതുമ്പുന്ന വഴികൾ….
അമ്പലമണികൾ മുഴങ്ങിയ നേരത്ത്
കൈകൂപ്പി നിന്നതും മൗനം
പള്ളിയിൽ പോകുന്ന പാവന വഴികളിൽ
കുമ്പിടാനെത്തിയതും മൗനം
പക്കത്തെ വീട്ടിലേക്കെത്തുന്ന വഴിയിലോ
പണ്ടെങ്ങുമില്ലാത്ത മൗനം
കൂട്ടങ്ങൾ കൂടുവാൻ കൂട്ടമായ് പോയൊരാ
നാട്ടിടവഴിയിലും മൗനം
പാടവരമ്പിലേക്കെത്തുന്ന പാതയിലെ
നീളുന്ന വഴിയിലും മൗനം
ഉത്സവമേളങ്ങൾ ഉല്ലാസമാക്കിയ
മൈതാനമെങ്ങുമേ മൗനം
വിദ്യാലയത്തിന്റെ മുറ്റങ്ങൾ നിറയേ
പുൽക്കൊടിവിരിയുന്ന മൗനം
കമിതാക്കൾ തങ്ങളുടെ കരളു കൈമാറിയ
കലാലയ വഴികളിലും മൗനം
കല്യാണ വീടുകൾ നിർജീവമാക്കുന്ന
മണമില്ലാ പൂക്കളുടെ മൗനം
മരണങ്ങളെണ്ണുന്ന മാധ്യമലോകത്തെ
നിറമേതുമില്ലാത്ത മൗനം
രാത്രികൾ പകലുകൾ വേർതിരിവില്ലാതെ
നീണ്ടുപോകുന്നൊരീ മൗനം
മാനവ ജീവിതം ഭീതിതമാക്കുന്ന
ഇരുൾമൂടി നിൽക്കുന്ന മൗനം…
മാനവ ഭാഷയെ നിർവീര്യമാക്കുന്ന
മാരി വിതച്ചൊരു മൗനം…
പറയാൻ കൊതിച്ചതും പറയാതെ വെച്ചതും
കവരുന്നു മൗനത്തിൻ വഴികൾ…!