കവിത : സുദേവ്.ബി*
എല്ലാം ത്യജിച്ചു വരവായി പലായനത്തിൻ
നീൾ രേഖയിൽ കവിത കോറിയവൻ നടന്നു
“കാണാം! വരാം തിരികെ നാമിവിടുത്തെ മണ്ണിൽ
വീണ്ടും കിനാവു വിളയിച്ചിളവേറ്റിരിക്കും “
ഹക്കീം സനായി* വിരചിച്ചപദങ്ങൾ റൂമി
പാടുന്നു “ഹേ പ്രിയതമേ വിഷമിക്കയോ നീ
പാദങ്ങളില്ലെവിടെപാത ? മനോജ്ഞ ബിംബം ?
എങ്ങാണതെന്നറിയുകില്ലതുകണ്ടുകിട്ടാൻ
ചൊല്ലുന്നുവോ പലതരം ഉപമന്ത്രണങ്ങൾ
പൊങ്ങച്ചമാണുരുവിടുന്നതു കേട്ടു നോക്കൂ
വിഢിത്തമാണു ബഹളം തെരുവത്തു കൂടെ
ഏറേയുറക്കെസഹയാത്രി മുഴക്കിടുന്നോ
നിർവ്യാജമാം പ്രണയമാണുനിനക്കതെങ്കിൽ
വിശ്വാസവും ദൈവനിഷേധവുമൊന്നുപോലെ !
ദോഷൈകദൃക്ക് തിരയുന്നതുനന്മതിന്മ
തിന്നുന്നതൊക്കെ,യവനിഷ്ടമതാണു ശീലം
ആത്മാവു നീ ജഡമതെന്നുനിനച്ചുവോ ഹാ!
തണ്ണീരുനീ,കുടമതല്ല,ധരിക്കസത്യം
എല്ലാം നിനക്കുതിരയാമതിലൊന്നുമാത്രം
കണ്ടില്ലയെങ്കിലപരാധമതെത്ര നഷ്ടം
നോക്കാൻ നിനക്കു കഴിയില്ലവനില്ലയെങ്കിൽ
ആത്മാർത്ഥമിത്രമവനാണ് ! നിനക്കു തോന്നാം
താനല്ലയെന്ന്, പലവട്ടമഴിച്ചു നോക്കൂ
നീനിന്നെ ! മുന്നിലവനുണ്ടതുതന്നെ നീയും “
ആർക്കാവുമീകവിതതൻ പൊരുളൊത്തുനോക്കാ
നാത്മാവതെന്തിവനുദാഹ മതേറിടുന്നു ….
നാനും കജൂറുമവനേകിയടക്കി ഖാത്തം *
മേനേ! നമുക്കു മഗരിബ്ബിനുനേരമായി
എല്ലാവരും വഴിയിലല്പ മകന്നു മാറി
പ്രാർത്ഥിക്കയാണു വിരിയിട്ടു നമാസിനായി
മെക്കാദിശയ്ക്കു മുകളിൽ ജഡമേഘജാലം
വെൺതിങ്കളെന്തു സുഖദം കുളിരാണ്ടു റൂമി
രാവില്ലവന്നവളെ നോക്കി നടന്നൊരൽപ്പം
ദൂരെയതാ അവനുമൊത്തു കളിച്ച ബാല്യം
ചൊല്ലീ സലാം ! കുളിരു വീണു പുതച്ചിരിപ്പൂ
തീയാളിടുന്നിരുവരും ശകലങ്ങൾ കൂട്ടി !