കവിത : ചാക്കോ ഡി അന്തിക്കാട്*
എനിക്കൊപ്പം 62 പൂർത്തീകരിച്ചവർക്ക് ഹൃദയം നിറഞ്ഞു കവിഞ്ഞ പിറന്നാൾ ആശംസകൾ!
ഇതുവരെയറിഞ്ഞതെല്ലാം
പേർത്തും പേർത്തും ചേർത്ത്,
അല്ലറചില്ലറ കുനുട്ടും കുശുമ്പും,
വഴക്കും വക്കാണവും,
സൗഹൃദം ചോരാതിരിക്കാനുള്ള
‘മെയ് വഴക്ക’വുമായ് നമ്മൾ,
ഇല്ലംനിറ…വല്ലംനിറ,
യെന്നുറക്കെപ്പാടി,
കള്ളമില്ലാ…
ചതിയില്ലാ…ലോക,
സാക്ഷാത്ക്കാരത്തിനായ്,
പോർക്കളം നിറയെ
വിയർപ്പുകൊണ്ടും
ചോരകൊണ്ടും
ജീവിതക്കവിതകളെഴുതും…
പറയും, പാടും, ആടും…
പിന്നെയു,മെഴുത്തിൻ
ഭാവനാവിളനിലങ്ങൾ
മെല്ലെ വാർത്തെടുക്കും!
സ്വന്തം പള്ളകൾ
വീർപ്പിക്കാതെ,
പട്ടിണിപരിക്ഷകളുടെ
കൃത്യം കണക്കെടുത്തു,
പട്ടിണി മാറ്റി,
പരിതപിക്കുന്നവരുടെ
പരിഭവങ്ങളില്ലാതാക്കി, വർണ്ണച്ചമയങ്ങളുടെ
ആഗന്തുകമാ,മാരവങ്ങളി,
ലഭയം തേടാതെ,
“മുൻജന്മപാപം കർമ്മഫലം!”
എന്നുരുവിട്ട്
പാഴ്ജന്മമാകാതെ,
ആറുവരി ജീവിതപ്പാതയിലെ
മിന്നും നേർരേഖയിൽ,
മരീചിക നിറയും
മരണച്ചുഴികളിൽ,
വേഗതയുടെ,യുൾപ്പിരിവുകളിൽ,
എളുപ്പം തെന്നിവീഴു,
മൂടുവഴികളിൽ,
കാലിടറാതെ മുന്നേറുക…നാം!
വികാരങ്ങളുടെ
തേനീച്ചക്കൂടിളകുമ്പോൾ,
വിലക്ഷണമായൊരു
ലോകത്തെ ശപിച്ചിടും!
വീണ്ടും സ്നേഹിച്ചിടും…
യുക്തിവാദികൾ,
നമ്മൾ കവികൾ!
പ്രായം?
അറുപത്തിരണ്ടി,
ലെത്തിയതറിഞ്ഞേയില്ല!
ഒപ്പമെത്തിയവരെ
മൊത്തമറിയുകയുമില്ല!
ഇനിയു,മിനിയും
പിറന്നാൾ കൂടണം…
ഒപ്പം കൂടുന്നവരുടെ,
യപരിചിതത്വം
മാറണ,മില്ലെങ്കിൽ…മാറ്റണം!
ഓരോ വാക്കിലുമുണ്ടൊരു
കവിതാ ലോകം!
ഒരു നക്ഷത്രം മതി,
ആകാശത്തി,
നർത്ഥം…സംപൂർണ്ണം!
ഒരുതുള്ളി ചോരയിൽ
ദർശിക്കാ,മൊരു ജീവചരിത്രം!
ഇതു കവിതാ ലോകം!
എത്ര കിളച്ചുമാറ്റിയാലും,
അപ്പുറത്തെ തൊടിയിലും,
ഏതോ അപരിചിതന്റെ
വീട്ടുപടിക്കലും,
അനാഥമന്ദിരത്തിലും,
പൂക്കുന്നതും
കായ്ക്കുന്നതും,
ഞാനുപേക്ഷിച്ച
മുക്കുറ്റിയും, മുല്ലയും,
മന്ദാരവും തന്നെയല്ലേ?
അന്നും ഇന്നും
റോസാപ്പൂവിന്റെ
മുള്ളുകൾക്ക്
ഒരേ മൂർച്ച!
പ്രണയിനിയുടെ
മുടിയിൽ ചൂടുമ്പോൾ
കൂടിയ ‘ഇന്ധനവില’
മണക്കാമെന്നുമാത്രം!
വിശ്വദർശനങ്ങൾക്ക്
ഒട്ടും കുറവില്ല!
ഒട്ടും കുറയുന്നുമില്ല…
യുദ്ധോപകരണങ്ങൾ!
പിന്നെയും
ദുരിത ജീവിതം മുന്നോട്ട്!
എന്നിട്ടും..
യാതൊരു കൂസലുമില്ലാതെ,
എന്നും സ്ഥിരതയോടെ
പുഞ്ചിരിക്കുന്നൂ…
നക്ഷത്രക്കൂട്ടങ്ങൾ!
മുറ്റത്തെ
കൊഴിഞ്ഞപൂക്കൾക്കും,
ചുരുട്ടിയെറിഞ്ഞ
മുഷിഞ്ഞ കടലാസ്സിലെ
ശ്വാസംമുട്ടി മരിച്ച
അക്ഷരങ്ങൾക്കും പകരം,
നക്ഷത്രങ്ങൾ ഒരുനാൾ
ഇറങ്ങിവന്ന്
പുഞ്ചിരിച്ചെങ്കിൽ?
നിരാശയരുത്!
ആരൊക്കെ,യെന്നൊക്കെ,
എന്തിനൊക്കെ,
യെവിടെയൊക്കെ,
മറന്നാലും…കൂട്ടുകൂടണം!
ഇരന്നല്ല…കവർന്നല്ല…
കൂട്ടംകൂടേണ്ടത്!
കടം വാങ്ങിയാലു,
മൊത്തുകൂടണം…
വാങ്ങിയ കടമെല്ലാം
മുറയ്ക്കു തന്നെ
കൊടുത്തു തീർക്കണം!
പുകമറയെല്ലാം നീക്കണ,
മനീതിക്കു,മക്രമത്തിനു,
മറുതി വരുത്തണം!…
പിറക്കാനിരിക്കുന്ന
കുഞ്ഞുങ്ങൾ,ഭാവിയിൽ
പിറന്നാൾകേക്കു മുറിക്കുമ്പോൾ,
മുന്തിരിക്കും ചെറിക്കും പകരം, വെടിയുണ്ടകൾ
പങ്കുവെക്കാതിരിക്കാനുള്ള,
കരുതൽ വേണം!
പോരാട്ടം തുടരണം!…
ഒപ്പ,മുറക്കെപ്പറയണം:
“രക്തസാക്ഷിത്വത്തേക്കാൾ
മഹത്തായ ‘ആത്മീയത’
വേറെയെന്തുണ്ട്,കൂട്ടരേ?
രക്തസാക്ഷിയോർമ്മകളാവണം,
യഥാർത്ഥ ‘മനുഷ്യ’ന്റെ
വഴിയും സത്യവും ജീവനും!”
ഏതു പ്രളയകാലത്തും,
മഹാമാരികാലത്തും,
സ്വസ്ഥമായുറങ്ങണമെങ്കിൽ,
ആത്മനിർവൃതിയോടെ
മരിക്കണമെങ്കിൽ,
ഉറക്കെ,യുറക്കെപ്പാടണമീ,
വിശ്വദർശനം!
വിശ്വസൗന്ദര്യ,
സനാതന കർമ്മം!…
അതാർക്കുമന്യമല്ല,
ആരും ആരേയും
അന്യരായി
കാണാതിരിക്കുവോളം!
ഇതും…
ക്ലാവ് പിടിച്ച
അരാഷ്ട്രീയതയെ
ചുരണ്ടിക്കളഞ്ഞപ്പോൾ കിട്ടിയ
കവിത്വം…ക്രാന്തദർശിത്വം!