ചുവപ്പ് മാഞ്ഞുതുടങ്ങിയ ആകാശത്തപ്പോൾ മാനുകളും മയിലുകളും പടുകൂറ്റൻ ചിത്രശലഭങ്ങളും നൊടിയിടകൊണ്ട് നിരന്നിറങ്ങും .അകന്നകന്നുപോയ സാന്ധ്യമേഘങ്ങളുടെ നിഴലുകളിലൂടെയൂർന്നിറങ്ങിയ മഴക്കാറുകളുടെ കൊടിമുടികൾ നീർകുടഞ്ഞുതുടങ്ങുകയായി .ആദ്യത്തെ മഴത്തുള്ളികളേൽക്കുമ്പോൾ സർപ്പക്കാവിൽ കാവൽവിളക്കുകൾ അണഞ്ഞടങ്ങിപ്പുകഞ്ഞുതുടങ്ങുന്നു .
മഴ ആർത്തുവീഴുകയായി .നനവേറ്റാൽ കറുത്തുപോവുന്ന പഞ്ചാരമണ്ണിലൂടെ ചാലിട്ടൊഴുകിത്തുടങ്ങുമ്പോൾ പളുങ്കുമണികളുതിർന്നുവീഴുന്ന കുളപ്പരപ്പിൽ എവിടെയോ കണ്ടുമറന്ന “പച്ചത്തവളകൾ ” പായൽപ്പച്ചകളിൽ നിന്ന് കുതിച്ചുയരുകയായി .
അമ്മവയറ് ചാരി ഇരമ്പുന്ന മഴയിലേയ്ക്ക് നോക്കിനോക്കി ആർത്തിയോടെ മഴ കുടിയ്ക്കുന്ന ഒരു ചെറിയകുട്ടി .യുഗസന്ധ്യകളോളം പെയ്തൊഴിയാൻ വെമ്പുന്ന പെരുമഴകളെയവൻ ഹൃദയംകൊണ്ട് കോരിയെടുത്ത് ആത്മാവിൽ നിറയ്ക്കുന്നു .
മഴയോർമ്മകളിൽ പാലമരക്കൊമ്പുകളിൽ കാറ്റുപിടയ്ക്കുമ്പോൾ
ഓർമ്മകളിൽ എന്നോ കൊഴിഞ്ഞുനിരന്ന കുഞ്ഞുനക്ഷത്രപ്പൂക്കൾ നമ്മെ ഒരു ഗന്ധർവ്വരാത്രിയുടെ വരവറിയിയ്ക്കുന്നു .
ഓർമ്മകളുടെ കാവിൽ പുള്ളിപ്പാവാടകൾ മിന്നിമറയുമ്പോൾ ഒരു ഗ്രാമമൊട്ടാകെ ഒരായിരം ഗ്രാമങ്ങളായിത്തീർന്ന് ദൃശ്യകലയുടെയരപ്പട്ട കെട്ടിത്തുടങ്ങുകയായി .
അയാൾ ,
വൈകാരികതയുടെ തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരുടെ തകർന്നടിഞ്ഞ സ്വപ്നങ്ങൾ കോരിയെടുത്ത് ഉടഞ്ഞ ഹൃദയം കൊണ്ട് അഭ്രപാളികൾ നിറച്ചു .
അപ്പോൾ ,
ഉറച്ചപേശികളും കനത്ത ശരീരവുമുള്ള പോരാളിയായ ആണൊരുത്തൻ ഒരു കിളുന്തുപെണ്ണിൻ്റെ മുമ്പിൽ തകർന്നടിഞ്ഞ് തളർന്നുകുഴഞ്ഞ് ഏകാകിയായി നടന്നുമറയുന്നു .
മറ്റൊരിടത്ത് തകർത്തുപെയ്തിട്ടും മതിവരാത്ത മഴകളിലേയ്ക്ക് പ്രണയത്തിൻ്റെ ജ്വാലകൾ ആളിപ്പടരുന്നു .പെരുമഴകൾ കത്തിയെരിയുന്നു .
ചൂണ്ടലിൽ നിന്ന് ,കടലിലേയ്ക്കുള്ള വഴികളിൽ നിന്ന് ,തോടുകളിൽനിന്ന് ,
മിന്നാമിനുങ്ങുകൾ പറന്നൊട്ടുന്ന പാലപ്പൂങ്കുടങ്ങളിൽ നിന്ന്
കഥയെന്നോ കവിതയെന്നോ വേർതിരിച്ചെഴുതാനാവാത്ത സമ്മോഹനദൃശ്യങ്ങൾ വരഞ്ഞിട്ട വിരലുകൾ
ഋതുഭേദങ്ങൾ നുകം കുത്തിക്കിടക്കുന്ന വരണ്ടുണങ്ങിയ ഹൃദയങ്ങളായി ചിലപ്പോൾ പരിണമിയ്ക്കുന്നു .അതിക്രൂരന്മാരായ വില്ലന്മാരില്ലാത്ത, നായകന്മാർ കരഞ്ഞുതുടങ്ങുന്ന രംഗവേദികളിലേയ്ക്ക് മരമറവുകളിൽ നിന്നും ഡിസ്കോച്ചുവടുകളിൽ നിന്നും പളുങ്കുമാളികകളിൽ നിന്നും പുറത്തുവന്ന നായകനടന്മാർ വെറും പച്ചമണ്ണിൽ മുട്ടുകുത്തി നിൽക്കുന്നു .
പറന്നുപറ്റിയ ചിത്രശലഭങ്ങൾ അരങ്ങൊഴിഞ്ഞാലും ഇതളുകളിലുണ്ടാവും നനുനനുത്ത വർണ്ണപ്പൊടികൾ .പ്രണയമതിൻ്റെ വർണ്ണച്ചിറകുകളുതിർത്തുവീഴ്ത്തിയവ ,പൂവ് .. മണ്ണിലലിയുമ്പോഴുമത് പറ്റിനിൽപ്പുണ്ടാവും .
സൂര്യസ്പർശമുള്ള പകലുകളിൽ നിന്നും
ചന്ദ്രസ്പർശമുള്ള രാത്രികളിൽ നിന്നും
ഒഴിഞ്ഞകന്ന ഒരു ഗന്ധർവ്വൻ ഹൃദയസ്പർശമുള്ള മനസ്സുകളിൽ വീണ്ടും വീണ്ടും മുളച്ചുപൊന്തുന്നു …. കുടിയിരിയ്ക്കുന്നു .
പാണ്ഡവർകാവിൽ ,
അമ്പലമുറ്റത്തെ നനഞ്ഞുകുഴഞ്ഞ മണ്ണിൽ പുതഞ്ഞുകിടക്കുന്നുണ്ടാവുമോ … ആ പഴയ അപ്പൂപ്പൻ താടികളിപ്പോഴും …???