കഥ : സിദ്ധാർഥ് അഭിമന്യു*
”മോനെ അപ്പവും കറിയും മേശയുടെ മുകളിൽ എടുത്തു വെച്ചിട്ടുണ്ട്, ചായ ചൂട് പോകും മുന്നേ കുടിക്കണേ… ഉച്ചക്ക് മുന്നേ ഞാൻ എത്തും കേട്ടോ, വരാൻ ലേറ്റ് ആയാൽ ചോറ് ഇട്ട് തിന്നണേ… “മൊബൈൽ തോണ്ടി ടിവിക്ക് മുന്നിൽ ചാരി കിടന്ന മകന്റെ നെറ്റിയിൽ ഒരുമ്മ നൽകി പതിവ് പോലെ ആ അമ്മ പുറത്തേക്ക് പോയി…
അമ്മ പോകുന്നത് ഇടം കണ്ണിട്ട് നോക്കി കിടന്ന അവൻ വേഗം തന്നെ മൊബൈലിൽ കുത്തി ആരെയോ വിളിച്ചു. ”ചേട്ടാ സാധനം റെഡി ആയോ, സേഫ് ആണല്ലോ അല്ലേ…? ”വെപ്രാളം നിറഞ്ഞ അവന്റെ വാക്കുകൾക്ക് അപ്പുറത്ത് നിന്നും അജ്ജാതൻ മറുപടി നൽകി. ”നീ പേടിക്കണ്ട, എല്ലാം സേഫ് ആണ്, അവർ ഇപ്പൊ എത്തും നീ വേഗം ഞാൻ പറഞ്ഞ ലോഡ്ജിലോട്ട് വാ… ”കേൾക്കേണ്ട താമസം അവൻ ഫോൺ കട്ട് ചെയ്തു ഒരു കുളി പാസാക്കി ചായയും കുടിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരെ ലോഡ്ജിൽ എത്തി. റൂമിന്റെ ചാവി കൊടുത്തു അവനെ റൂമിലേക്ക് അയാൾ പറഞ്ഞു വിട്ടു.
”റൂം ലോക്ക് ചെയ്യണ്ട അവർ ഇപ്പൊ എത്തും… ”അവൻ തലയാട്ടി റൂമിനുള്ളിൽ കയറി വാതിൽ അടച്ചു . കൈയിലെ പേഴ്സിൽ പൈസ തിട്ടപ്പെടുത്തി കട്ടിലിൽ ഇരുന്നു. ആദ്യമായി സെക്സ് എന്തെന്ന് അറിയുന്നതിന്റെ ത്രില്ലും, ആരെങ്കിലും അറിയുമോ എന്നൊരു ഭയവും, അമ്മ വീട്ടിൽ എത്തും മുൻപ് വീട്ടിൽ പോകണം എന്നൊരു ദൃതിയും അവന്റെ മുഖത്ത് ഉണ്ടായിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞു ഡോറിൽ ആരോ മുട്ടി. അവന്റെ നെഞ്ചിടിപ്പ് കൂടി, അവൻ മെല്ലെ എഴുനേറ്റു പോയി ഡോർ തുറന്നു.. ഡോർ തുറന്നു ഒരു ഞെട്ടലോടെ അവൻ പിന്നോട്ട് തെന്നി മാറി തറയിൽ വീണു. അമ്മ… !!!അവന്റെ നെഞ്ചിൽ തീ കത്താൻ തുടങ്ങി. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ കണ്ട് അമ്മ നിശ്ചലമായി നിന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
താഴെ വീണ് കിടന്ന മകനെ വന്ന് എഴുനെല്പിക്കാൻ നോക്കി, അവൻ കൈ തട്ടി മാറ്റി. ”തൊട്ടു പോകരുത് എന്നെ, നിങ്ങളാണോ എന്റെ അമ്മ, നിങ്ങളെയാണോ ഞാൻ അമ്മയെന്ന് ഇത്രയും കാലം വിളിച്ചത്..ഇങ്ങനെ ശരീരം വിറ്റു ജീവിക്കാതെ നിങ്ങൾക്ക് പോയി ചത്തൂടെ… !!!”അവന്റെ വാക്കുകൾ ആ അമ്മയ്ക്ക് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്ത് പറയണം എന്നറിയാതെ ആ അമ്മ വിതുമ്പി.മകൻ ഈ പ്രായത്തിൽ തന്നെ ഒരു സ്ത്രീ ശരീരം തേടി പോയതോർത്തു അവരുടെ ഹൃദയം തകർന്നു… !!!അവൻ ചാടി എഴുനേറ്റു റൂമിന് പുറത്ത് ചെന്ന് ബൈക്ക് എടുത്ത് വീട്ടിൽ പോയി.
വീട്ടിൽ എത്തി അകത്തു കയറി ഒരു ഭ്രാന്തനെ പോലെ കണ്ണിൽ കണ്ടതെല്ലാം തല്ലി തകർത്തു അതിനിടയിൽ ടീവിയുടെ അടിയിൽ നിന്നും ഒരു ലെറ്റർ അവന് കിട്ടി. എന്റെ മോന്, നിന്റെ അമ്മയെ കുറിച്ച് നാളെ നീ പല കഥകളും കേട്ടേക്കാം, പക്ഷെ എന്റെ മോൻ എന്നെ ശപിക്കരുത്. ഈ കഥ പറയുന്നവർ തന്നെയാണ് എന്നെ ആ അവസ്ഥയിൽ എത്തിച്ചത്.
ഭർത്താവ് മരിച്ച ഒരു സ്ത്രീ ആരോരുമില്ലാതെ ഒരു കൈ കുഞ്ഞിനെ കൊണ്ട് ഈ സമൂഹത്തിൽ ജീവിക്കുന്നതിൽപരം ദുസ്സഹമായ ഒരു അവസ്ഥ വേറെ ഇല്ല.എന്റെ മേൽ പതിഞ്ഞ പല കഴുകൻ കണ്ണുകളെയും ഞാൻ തരണം ചെയ്തു. എന്റെ പരമാവധി ഞാൻ എന്റെ ശരീരം കളങ്കമില്ലാതെ കാത്ത് സൂക്ഷിച്ചു, പാത്രം കഴുകി, വീട്ടു ജോലി ചെയ്തു, അങ്ങനെ പല ജോലിയും ചെയ്ത് മാന്യമായി ജീവിച്ച എന്നെ ഈ സമൂഹത്തിന്റെ കാമ കൈകൾ പലപ്പോഴും എത്തിപ്പിടിക്കാൻ നോക്കി. ഒടുവിൽ കൂട്ടമായി എന്നെ ബലാത്സംഗം ചെയ്തു നിന്റെ അമ്മയ്ക്ക് ഈ സമൂഹം വേശ്യയെന്ന് പേരിട്ടു. അന്ന് നിനക്ക് വയസ്സ് ഒന്നായിരുന്നു.
വേശ്യയ്ക്ക് ആരും ജോലി തരില്ലല്ലോ മോനെ, അവളെ ആരും കൈ പിടിച്ചു പഴയ ജീവിതത്തിൽ തിരിച്ചു കൊണ്ട് വരാൻ ശ്രെമിക്കില്ല. എന്റെ ജീവിതം തന്നെ അവസാനിപ്പിക്കാമെന്നു കരുതിയെങ്കിലും എന്റെ മോനെ കാണുമ്പോൾ ജീവിക്കണമെന്ന് തോന്നി.കൈയിൽ പൈസയും ആൺതുണയും ഇല്ലാതെ വേശ്യ എന്ന പേരിൽ മാത്രം നിന്റെ അമ്മ ഒതുങ്ങി. സമൂഹത്തിന്റെ ക്രൂരമായ വേശ്യ വിളിയിൽ അമ്മ പലപ്പോഴും ഒറ്റയ്ക്കിരുന്നു കരഞ്ഞിട്ടുണ്ട്, നിന്നെ ചേർത്ത് പിടിക്കുമ്പോൾ മാത്രം ജീവിക്കണമെന്ന് എനിക്ക് തോന്നിയ നാളുകൾ. എനിക്ക് വേണ്ടി അല്ല എന്റെ മോന് വേണ്ടി അമ്മ സ്വയം മടിക്കുത്ത് അഴിക്കേണ്ടി വന്നു.
എന്നെ വേശ്യയെന്ന് പകലിൽ വിളിച്ചവർ തന്നെ എന്റെ ചൂട് നേടാൻ ഇരുളിന്റെ മറ പറ്റി വന്നിരുന്നു. ഇവൾക്ക് വേറെ ജോലി ചെയ്തുകൂടെ എന്ന് ചോദിക്കുന്നവർക്ക് അറിയില്ലല്ലോ സമൂഹത്തിൽ ഒരിക്കൽ വേശ്യ എന്ന് പേര് കിട്ടിയവൾക്ക് നാട്ടുകാർ നൽകുന്ന പരിഗണന. എത്രയോ തവണ ഞാൻ ഇത് നിർത്തി എങ്കിലും എന്റെ മോന്റെ ആഗ്രഹങ്ങൾ സാധിക്കാൻ വേറെ വഴി ഇല്ലാതെ ഈ അമ്മയ്ക്ക് അത് വീണ്ടും ചെയ്യേണ്ടി വന്നു. കടമായി പൈസ ചോദിച്ചാൽ പോലും തിരിച്ചു പൈസ വേണ്ട എന്റെ ശരീരം മതിയെന്ന് പറഞ്ഞ സമൂഹം.
നീ അല്ലാതെ മറ്റൊരു ലോകം ഈ അമ്മയ്ക്ക് ഇല്ല മോനെ, ഒരുപാട് സഹിച്ചിട്ടുണ്ട് ഞാൻ, ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്നെ ഈ നാട്ടുകാർ, എന്നിട്ടും ഞാൻ ജീവിക്കുന്നത് നിനക്ക് വേണ്ടി മാത്രം.എന്റെ മോന്റെ പട്ടിണി മാറ്റാൻ ഒരു നേരത്തെ ആഹാരത്തിനു എന്റെ ശരീരം വേണമെന്ന് പറഞ്ഞ സമൂഹത്തിൽ നിന്നെ ഒറ്റയ്ക്ക് വിട്ട് പോകാൻ ഈ അമ്മയ്ക്ക് കഴിഞ്ഞില്ല. എന്നെങ്കിലും ഈ കത്ത് എന്റെ മോന് കിട്ടുമ്പോൾ ഞാൻ ഈ ലോകത്ത് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു. കാരണം എന്റെ മോനെ അത്രയ്ക്കു ഇഷ്ടമാണ് ഈ അമ്മയ്ക്ക്. നിന്റെ കണ്ണ് നിറഞ്ഞാൽ അമ്മയ്ക്ക് അത് സഹിക്കില്ല.എന്നെ ശപിക്കരുത്.
ഉമ്മ എന്ന്, സ്വന്തം അമ്മ
കത്തിൽ അവന്റെ കണ്ണീർ തുള്ളികൾ ഇറുന്നു വീണു. അവന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി. അവന്റെ ഓരോ ആഗ്രഹത്തിനും വാശി പിടിക്കുമ്പോൾ മുടിയിൽ തടവി അവനെ ചുംബിച്ച അമ്മയുടെ ദുഃഖം കലർന്ന സ്നേഹം അവൻ ഒരു നെടുവീർപ്പോടെ ഓർത്തെടുത്തു.അമ്മ അനുഭവിച്ച ദുരിതത്തിന്റെ ആഴം അവന്റെ മനസ്സിന്റെ താളം തെറ്റിച്ചു.. ലോഡ്ജിൽ വെച്ച് അമ്മയെ പഴിച്ച നാവിനെ അവൻ സ്വയം ശപിച്ചു കൊണ്ട് ബൈക്കെടുത്തു നേരെ ലോഡ്ജിലോട്ട് പോയി. പോകുമ്പോഴും അവന്റെ ഹൃദയത്തിൽ അമ്മയുടെ എഴുത്തിലെ വരികൾ മുറിവേല്പിച്ചുകൊണ്ടിരുന്നു. ലോഡ്ജിലെത്തി റൂമിന്റെ വാതിൽ തുറന്നു.
റൂമിനുള്ളിൽ ഫാനിൽ തൂങ്ങിയാടുന്ന അമ്മയെ കണ്ട് അവൻ അലറി കരയാൻ തുടങ്ങി.. അമ്മ അനുഭവിച്ച ദുരിതങ്ങളും, ദുഖങ്ങളും, സമൂഹത്തിന്റെ നെറികേടും ഓർത്ത് അവന് ദേഷ്യവും സങ്കടവും വന്നു. തൂങ്ങിയാടുന്ന അമ്മയുടെ പാദങ്ങളെ മുറുകെ കെട്ടിപിടിച്ചു അവൻ കരയുമ്പോൾ അവന്റെ കണ്ണുനീർ തുള്ളികൾ ആ പാദത്തെ കഴുകുന്നുണ്ടായിരുന്നു.