കവിത : യൂസഫ് ഇരിങ്ങൽ*
കരിഞ്ഞുണങ്ങി ഇലകൾ
പൊഴിഞ്ഞു തീർന്നാലും
വേരുകളിൽ വളമിട്ട്
നനയ്ക്കാൻ തോന്നും
ചില്ലകളിൽ വീണ്ടും
പച്ച നിറമുള്ള
ചിരി മടങ്ങി വന്നാലോ
ഒരു തരിപോലും
ബാക്കിയില്ലാതെ
ചാമ്പലായിപ്പോയാലും
ഒരു വട്ടം കൂടെ
ചിക്കിച്ചികയും
തീ വിഴുങ്ങി
ആളിപ്പടരാതെ
ഒരു തുമ്പെങ്കിലും
വീണ്ടെടുക്കാനായാലോ
ഏത് മൗനത്തിന്റെ
കോട്ട വാതിലുകളിലും
പിന്നെയും പിന്നേയും
മുട്ടി വിളിക്കും
എങ്ങാനുമൊരു മറുമൊഴിയുടെ
ഓടാമ്പിൽ ശബ്ദം മുഴങ്ങിയാലോ
ഏത് കൊടും വേനലിന്റെ
ആകാശ സീമകളിലും
മേഘ മിഴികൾ
പരതും
ഒരു വട്ടം കൂടെ
മിഴി നിറച്ചു നോട്ടമെറിഞ്ഞാലോ
ഓരോ വട്ടം
മായ്ച്ചുകളയുമ്പോഴും
വീണ്ടും വീണ്ടും
എഴുതി വെക്കും
ഒരിക്കൽ ഒരു കാലം
തിരമാലകൾക്ക്
വഴി തെറ്റി
ഹൃദയ ചിത്രങ്ങൾ
ശിലാലിഖിതമായാലോ
മറവികൾക്ക് പിടികൊടുക്കാതിങ്ങനെ
ഒളിച്ചു കളിക്കുന്നതിനാലാണ്
ഓർമകളിപ്പോഴുമിങ്ങനെ
കൂട്ടം തെറ്റി മേയുന്നത്.