കവിത : ഹരിദാസ് കൊടകര*

നേരം..
നീയൊരു നിഴൽമന്ത്രം
സാമാന്യം ദേവത
സ്വകാര്യം ഋഷി
മൗനമായ് ഛന്ദസ്സും
അക്ഷരസമൂഹത്തിൻ
നിഗൂഡമാം ശ്രേണി
ഓലക്കണ്ണിലെത്തിയ
ലജ്ജാനഗ്നത
നിഗൂഡയൗവ്വനം
മദ്യപാനത്തിൻ
പിൻഫലമന്ദിപ്പുപോൽ
കൂട്ടിരുപ്പിൻ
പിൻദൂരങ്ങൾ
ഉണ്ണിത്തണ്ടുകാലിൽ
പതിഞ്ഞ പുളിവാറൽ
ഭൂപടം നീറ്റൽ വേദന
രക്ഷാകൃതം ബാല്യം
സ്നേഹവശ്യത
പിൻദൂരമത്രയും വ്യർത്ഥം
എന്നും നിഴലായിരുന്നവർ
ഇനിയില്ലിത്രയും
ദൂരമരികിലേയ്ക്ക്
നിരർത്ഥകം ദിശാന്ത്യം
സഞ്ചരീഭാവം
ചലിത ജഡത്വം യാത്ര
വരവേല്ക്കുക
പ്രജ്ഞാവധൂതനെ
പൂവിളം തുമ്പിയെ
ഉള്ളകമേറ്റുക
പ്രാജ്ഞം ഹിമരസം
പുണരട്ടെ ദേഹിയെ
വാചസ്മൃതികളെ
ചൊല്ലിത്തിരഞ്ഞ
സഹസ്രനിത്യങ്ങളെ
നേരം..
നിസ്സംഗമായ് പൂങ്കാറ്റിലും
ഉത്സവക്കൊടി നാളിലും
ശ്വസിയ്ക്കാമിനി
വ്രണിത യൗവ്വനം
പിണർബാല്യത്തെളി
വൃദ്ധസായാഹ്നങ്ങൾ
ആദിഭാഷപോൽ
കാതിലൂടേറുന്ന
കാനനനിസ്വനം
പറവക്കുറുങ്ങലിൽ
ശുദ്ധിനേരം പച്ച
മറവിരോഗവും
മറക്കില്ല മാസ്ക്കുകൾ
സത്യവാങ്മൂലവും
മുപ്പൂട്ടും തലവരി.

ഹരിദാസ് കൊടകര

By ivayana