ആവേശകരമായ യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ച്സറ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ചെല്‍സി നേട്ടം സ്വന്തമാക്കിയത്. 43ആം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. ചാമ്ബ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്. ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. മുമ്പ് രണ്ടുവട്ടം ഫൈനല്‍ കളിച്ച ചെല്‍സി 2012ല്‍ ജേതാക്കളായിരുന്നു. എന്നാല്‍ 2008ല്‍ തോല്‍വിയായിരുന്നു ഫലം.
അങ്ങനെ ചെല്‍സി യൂറോപ്പിലെ രാജാക്കന്മാര്‍ ആയപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു മലയാളി സാന്നിധ്യവും ടീമിന് പിന്നിലുണ്ടായിരുന്നു. ചെല്‍സി താരങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്ന മലയാളിയായ വിനയ് മേനോന്‍ ആണ് ചെല്‍സിയുടെ വിജയത്തിന് പിന്നിലെ ആ മലയാളി സാന്നിധ്യം. എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയാണ് വിനയ് മേനോന്‍. 2009 മുതല്‍ ചെല്‍സി ടീമിന്റെ വെല്‍നസ്സ് കണ്‍സല്‍ട്ടന്റ് ആണ് വിനയ് മേനോന്‍.
ദുബായില്‍ ജമൈറ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന സമയത്താണ് ദുബായിലെ ക്ലൈന്റ് വിനയ് മേനോനെ ലണ്ടനിലേക്ക് ക്ഷണിക്കുന്നത്. തന്റെ ശ്വസനക്രിയയും റിലാക്‌സേഷന്‍ ടെക്‌നിക്കുമെല്ലാം ക്ലൈന്റിന്റെ ലണ്ടനിലുള്ള മകളെയും മരുമകനെയും കൂടി പഠിപ്പിക്കാന്‍ വേണ്ടി വിനയ് സഹപ്രവര്‍ത്തകരെയും കൂട്ടി ലണ്ടനില്‍ എത്തി. അവിടെയെത്തിയ ശേഷമാണ് തന്റെ ദുബായിലെ ക്ലൈന്റിന്റെ ഭര്‍ത്താവ് ആരാണെന്ന കാര്യം വിനയ് അറിയുന്നത്. ലണ്ടനിലെത്തി ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡജ് സന്ദര്‍ശിച്ചപ്പോഴാണ് അവിടുത്തെ വലിയ വീഡിയോ സ്‌ക്രീനില്‍ വിനയ് തന്റെ ക്ലൈന്റിന്റെ ഭര്‍ത്താവിനെ മനസിലാക്കിയത്. റഷ്യന്‍ കോടീശ്വരനും ചെല്‍സിയുടെ ഉടമയുമായ റോമന്‍ അബ്രഹ്‌മോവിച്ചായിരുന്നു അത്.റോമന്‍ അബ്രമോവിച്ചിന്റെ പേര്‍സണല്‍ ഹെല്‍ത്ത് കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയ്ത വിനയ് മേനോന്‍ തുടര്‍ന്ന് ചെല്‍സി ടീമിനൊപ്പം ചേരുകയായിരുന്നു.