കവിത : എം ബി ശ്രീകുമാർ*
വസന്തത്തിൻ്റെ നീരാവി
ആശുപത്രി മുറിയിൽ
ഒരു വസന്തം പോലെ
അവൾ ഒഴുകിവന്നു.
കാലടികളിൽ പൂക്കൾ
വിരിഞ്ഞു തുടങ്ങുന്ന സംഗീതം.
അവളുടെ സു:ഖമില്ലായ്മയിൽ
ഇളം മഞ്ഞ്.
എൻ്റെ കൈവിരലുകളിൽ
അവളുടെ കൈവിരലുകളാൽ
കോർത്തിണക്കി
റൂമിനു വെളിയിൽ
എന്നെയും ചാരി
ഒഴുകി നടന്നു.
ഒഴുകി വരുന്ന
വസന്തത്തിൻ്റെ ഗന്ധം.
അവളുടെ ഉള്ളിൽ നിന്നും ഞാനും
എൻ്റെ ഉള്ളിൽ നിന്നും അവളും
പുറത്ത് ബൊഗൈൻ വില്ലപ്പൂക്കൾ
വീണ സിമിൻ്റ് ബെഞ്ചിൽ
വേരുകൾ ചേർത്തു.
വേരുകളിൽ ഭൂമിയുടെ ഉപ്പ്
എന്‍റെ ഒരു ചിത്രം പോലും
ഇതുവരെ
കാത്തുസൂക്ഷിക്കാത്ത നിനക്ക്
എന്‍റെ പ്രണയത്തിൻ ശവപറമ്പിൽ
പടർന്ന ഞെരിഞ്ഞില്‍ മുള്ളുകള്‍
ഓര്‍മകൾ തിരികൊളുത്തും.
രക്തം പൊടിയുന്ന കാലടികളില്‍
നമ്മുടെ കിടക്ക
ഓര്‍മകളിൽ വിയര്‍പ്പിന്റെ ഗന്ധം ഉയർത്തും.
നീലവെളിച്ചത്തിൽ
കണ്ണുകള്‍ അറിയാതെ പോലും
നനയാതെ കാത്തുകൊള്ളുക.
വിരഹത്തിൻ്റെ കൊടിയടയാളത്തിൽ ചുംബനപ്പൂക്കൾ.
പുകച്ചുരുളുകളിൽ പെട്ട്
കരയാതെ
ഇമകൾ വെട്ടാതെ
ദൂരെ ദൂരെ നോക്കി നില്‍ക്കുക.
സാരിത്തുമ്പുകൾ കാറ്റിലുലയാതെ
സഞ്ചരിക്കുന്ന
ഒരു നിഴല്‍ പോലെ
ഒഴുകുക
കണ്ണീരില്‍ നനയാത്ത
കൈകള്‍ കൊണ്ട്
മുഖമറകള്‍ നെയ്യുക.
ആവേശങ്ങള്‍
നമ്മളെ വേട്ടയാടിയത്
സാരി തുമ്പുകളിൽ
കണ്ണീർ നിറക്കാനല്ല.
പാറിപറന്ന മണ്ണില്‍
നടന്നകലുക
വീണ്ടും ജയിക്കാനായി മാത്രം.