കവിത : ഉല്ലാസ് മോഹൻ*
മഴയോടു പരിഭവം
ചൊല്ലിയും,
കാറ്റിനോടു കളിപറഞ്ഞും
കൂടു തേടിയണഞ്ഞ
കുഞ്ഞാറ്റകിളി,
ചറപറ മാരി തകർക്കും
സന്ധ്യയിൽ കണ്ണുംചിമ്മി
പറന്നെത്തിയോരാ
ഇണയില്ലാകിളി..!
ആൽമരച്ചോട്ടിൽ
കുതിർന്നടർന്നു
വീണതൻ അരുമയാം
പഞ്ജരം കണ്ടു കുറുകി-
കരഞ്ഞു പോയി,
കുളിരിൽവിറച്ചവൻ
കൂട്ടരെ
വിളിച്ചുകൊണ്ടലറി-
ചിറകടിചാർത്തു കൂവി..!
ഒറ്റയാം നിന്നെയി
കൂട്ടത്തിൽവേണ്ടെന്നു
ഒറ്റകെട്ടായവർ ചൊന്നന്നേരം,
ഒരുചില്ലയുമഭയം
കൊടുത്തില്ലവനു,
ഒരുകൂട്ടിലും ചേക്കേറ്റിയില്ല..!
കൂടുതകർത്തോരാ
മഴയെ ശപിച്ചുകൊണ്ടാകിളി-
കാടായകാടും മേടായമേടും
കാറികരഞ്ഞു പാറിയലഞ്ഞു..!
ഒടുവിലാകുഞ്ഞൻ തൂവലൊട്ടി-
തളർന്നൊരു
ഇത്തിരിമാംസമായി
മണ്ണിൽ പതിച്ചുപോയി,
ഇരമണം കിട്ടി
വിശന്നോരിയിട്ടെത്തിയൊരു നരിക്കന്നവനൊരു
ചെറുഅത്താഴമായി..!
നരി ചീന്തിയെറിഞ്ഞു മഴ-
നീരിലൊഴുക്കിയ കുഞ്ഞി-
തൂവലുകളപ്പോഴും
ആൽമരകൊമ്പിലെ കൂടുതേടി,
കൂടിന്റെ ചൂടുതേടി, ആട്ടിയകറ്റിയ കൂട്ടരെതേടി..!!