കവിത : ശ്രീജ സുനിൽ*

ആർക്കാർക്കും വേണ്ടാത്ത ജന്മങ്ങളായവർക്കാശ്വാസമായി തേടിയെത്തുന്നവൻ….
തീവ്രപ്രണയത്താൽ പുൽകാൻ ശ്രമിച്ചോരെ തീർത്തുമവഗണിച്ചൂറിച്ചിരിപ്പവൻ…
അരുതേ വരല്ലേയെന്നോതുന്നോർക്കരികിലായ്
അതിവേഗമാർജിച്ചങ്ങോടിയെത്തുന്നവൻ…
ആശ്രയമാറ്റോർ തൻ സ്വപ്‌നങ്ങൾ ആശകൾ, ഒക്കെത്തകർത്തു തരിപ്പണമാക്കുവോൻ….
തിഥി നോക്കാതെത്തുന്നോരതിഥിയായ് വന്നെത്തി
പല ജീവിതത്തിലും തിരി കെടുത്തുന്നവൻ…
തീരാവ്യഥകളിൽ നിന്നു ചിലർക്കൊക്കെ
മോചനമേകിയാശ്വാസമായ്‌ മാറുവോൻ…
അമ്മതൻ കണ്ണീരിന്നാഴം പെരുപ്പിച്ച്
പൊന്നിൻകുടങ്ങളെ തട്ടിയെടുപ്പവൻ..
ഊഴിയിൽക്കാണുന്നോരീ ജീവനൊക്കെയും
ഉയിരിടും നേരത്ത് നിഴലായിക്കൂടെക്കൂടുവോൻ..
ഓരോ ദിനവും നിമിഷങ്ങളും പോലും
നിന്നിലേയ്ക്കുള്ളൊരു സഞ്ചാരമാകുന്നു..
ഒഴിവാക്കാനാവില്ല ഒരു ജീവിതത്തിനും
അവസാനമെത്തുന്ന ശാശ്വത സത്യം നീ…!!!

ശ്രീജ സുനിൽ

By ivayana