കവിത : അച്ചന്‍കോവില്‍ അജിത്‌*

കണ്ടൂ കതിരോന്‍ കാവി പുതച്ചൊരു
സന്ധ്യയിലംബരമാവൃതമാക്കിയ
വാര്‍മുകിലൊളിയുടെ ചാരുത ചന്തം
ചന്ദന ഗന്ധം ചാര്‍ത്തിച്ചാരേ
പൊന്നോണപ്പുതു പുടവയുടുത്തും ,
നിടിലത്തൊടുകുറി,യുദയമുതിര്‍ക്കും
മുഖകമലത്തില്‍ വിരിഞ്ഞ നുണക്കുഴി
വിതറിയ സുസ്മിത സിന്ദൂരാഭയി
ലൊരു മലര്‍മുല്ലവസന്ത ശരങ്ങള്‍
തോരണമിട്ടു തിളങ്ങിയ കൂന്തല്‍
തെന്നിയുലഞ്ഞൊരു
കാറ്റിന്‍ ചിറകില്‍ ,
നെഞ്ചില്‍ച്ചേര്‍ത്തു പിടിച്ച കരങ്ങളി
ലുയര്‍ന്നു താഴും മാറു മറച്ചൊരു
പുസ്തക ശാലയടുക്കിയെടുത്താ
പ്രപഞ്ചവീടിന്‍ പടവുചവുട്ടി,
പ്പോവും പ്രകൃതീ…പ്രിയതേ ..
പ്രണയിനി , നിന്നേ ഞാന്‍…..
ചില്ല ചെരിഞ്ഞൊരു ചെറു തണലൊളിവില്‍
കണ്ണിണയുത്സവമേളം തീര്‍ത്തൊരു
മേടവിഷുക്കണിയെന്നതുപോല്‍ ….
ഭ്രമണപഥങ്ങളിലൂഷര മുഷ്ണം
കാവടിയാടിയ കാലം , പിന്നെ
കാടു കരിച്ചൊരു തീയായ് , നദിയുടെ
നീരു തിളയ്ക്കും നെടുവീര്‍പ്പായും ,..
കതിരു കരിഞ്ഞൊരു പാടം കൊയ്യാന്‍
ചിറകു തളര്‍ന്നും പറവകളെത്തിയ
വറുതിപ്പകലിന്‍ ‍വെയിലായും,…
ഉജ്ജ്വലകോപ പ്രളയപ്പെരുമയി
ലൂഷര മേദിനി നക്കിത്തോര്‍ത്തി
സലില സരിത്തിനു പുളകമണച്ചീ
ചകിത ജഗത്തില്‍ താണ്ഡവനര്‍ത്തന
താഡനമാടിയ കണ്ണകിയായും ,…
കണ്ടൂ , വിസ്മയ വിശ്വ പ്രകൃതീ …
പ്രണയിനി നിന്നേ , പ്രിയതേ ഞാന്‍…
കണ്ടേനിന്നലെ വീണ്ടും വിരഹം
വെള്ളിവിളക്കു കെടുത്തിയ കൂരയി
ലാതിര താരകമെന്നതു പോല്‍….
വെറുമൊരു തൈജസ കീടകമാമെന്‍
കരളിന്‍ മുറ്റത്തൊരു മുക്കുറ്റി
ത്തളിരായ് , ത്തുമ്പപ്പൂവായഴകിന്‍
നറുമലരിതളുകള്‍ വര്‍ണ്ണ വസന്ത
പ്പൂക്കളമിട്ടൊരു പൊന്നോണം പോല്‍
പ്രിയതേ.. പ്രകൃതീ, പ്രണയിനി നിന്നേ….
സ്നേഹം പെയ്യും മഴയായ് , ആര്‍ദ്രം
മാറിലണയ്ക്കും മഞ്ഞായും ,
മാനസ മാലുകളാറ്റും കാറ്റായ്
ത്തഴുകിയുണര്‍ത്തും ചില നിമിഷങ്ങള്‍…
ഞൊടിയിട മതിയാം ഋതുഭേദത്തിന്‍
പരിഭവ പടലം പാറും മിഴികളി
ലാളിക്കത്തും പകയുടെ പന്തം
നെഞ്ചിലെറിഞ്ഞെന്‍ പ്രാണനെടു,
ത്തതു, കണ്ടു ചിരിച്ചും ചില നേരം …
എങ്കിലു , മെങ്കിലുമെന്നില്‍ ക്കാലാ
കാലമുദിക്കും ശിശിരം , ഗ്രീഷ്മം,
ഹേമന്തങ്ങള്‍, ശരത്തും നീ….
സുഖവും , ദു:ഖവുമിടവിട്ടൊഴുകും
വഴികളിലെന്നെ നടത്തും നീ…
സ്നേഹം കോരിച്ചൊരിയുമ്പോഴും,
വെറുപ്പു കാട്ടി വിറയ്ക്കുമ്പോഴും..
പ്രകൃതീ… വിശ്വപ്രണയിനിയാമെന്‍
പ്രിയതേ.. നിന്‍റെയുപാസകനീ ഞാന്‍..

അച്ചന്‍കോവില്‍ അജിത്‌

By ivayana