തീവണ്ടിയിൽ
യാത്രചെയ്തിട്ടുണ്ടോ ?
ജീവിതങ്ങൾ പല
കണ്ണികളായി
ബന്ധിച്ചിരിക്കുന്നു
താളം തെറ്റിപ്പോയ
ജീവിതങ്ങൾ
പാളം തെറ്റിയ
തീവണ്ടിപോലെയാണ് .
ഇടറുന്ന മനസ്സിൽ
നീണ്ടുപോകുന്ന
പാളങ്ങൾ
പല ദിശകളിലായ്
വിഭജിക്കുന്നു .
പച്ചപ്പുനിറഞ്ഞ
വയലുകളിലൂടെയും
മേച്ചിൽപുറങ്ങളിലൂടെയുമുള്ള
ആദ്യയാത്ര .
രാക്ഷസനെപ്പോലെ
അലറുന്ന ഇരുമ്പു
പാലങ്ങൾ
ഉൾവലിഞ്ഞുപോയ
കടലിനു മുകളിൽ
ഇടക്കെപ്പോഴോ
ചലനമറ്റു നില്ക്കുംപോലെ .
താളം തെറ്റിയവരുടെ
തിരക്കുമൂലം ഒരുബോഗി
നിറഞ്ഞിരിക്കുന്നു ,
നീങ്ങുന്ന ഇടവേളകളിൽ
പരിചിതമല്ലാത്ത
വിവിധ മുഖങ്ങൾ
വീണ്ടും എണ്ണം
കൂട്ടുന്നു .
താളം തെറ്റിയർ ,
ജീവിതമറിഞ്ഞവർ ,
അവർക്കൊപ്പം
യാത്രചെയ്തിട്ടുണ്ടോ ?
അവർക്കൊപ്പമൊരു
കവി ഹൃദയം
തുറന്ന പുസ്തകംപോലെ .
താളുകൾ മറിച്ചു
ദ്രുതവേഗത്തിൽ
എന്തൊക്കെയോ
വായിച്ചുകൂട്ടുന്നു
വായനയുടെ
ഓരോ നിമിഷാർദ്രത്തിലും
കവിതയിലെ
ഒരു വരി മറ്റൊന്നിനെ
മറക്കുന്നപോലെ ,
തീവണ്ടിയുടെ
ബോഗികൾ ആടിയുലയുന്നു
തഴുകാൻ വന്ന തെന്നൽ
ദൂരേക്ക് വലിച്ചെറിയപ്പെട്ടപോലെ .
ജീവൻപൊലിഞ്ഞവരുടെ
നിശ്വാസമേറ്റ് തുരുമ്പെടുത്ത
പാളങ്ങളിൽ
വ്യത്യസ്തമായ
ഒച്ചകൾ ,
ഭീതിയിലുപരി
എന്തോ പറയുവാൻ
ആഗ്രഹിക്കുംപോലെ .
അനാഥമായ
മനസ്സുകൾ ,
ജീവിതത്തിന്റെ
പാളം തെറ്റിയവർ,
അവരുടെ കണ്ണുനീരിനു
സമാന്തരമായി
പ്രതിഫലിക്കുന്ന
ആകാശത്തിന്റെ
നിഴലുകൾ
പാളങ്ങളിൽ
എന്തോ കുറിച്ചുവെയ്ക്കുന്നു .
സുരക്ഷിമാണോയീ യാത്ര ?
ചിന്തകൾക്കതീതമാണ് ,
ഭയാനകമായ വളവുകൾ ,
തുരങ്കങ്ങൾക്കിടയിലൂടെയുള്ള
ഒറ്റയടിപാത,
ജീവിതം കടന്നുപോകുന്ന
മാത്രകൾ നാമറിയുന്നില്ല ,
ഒരു കെട്ടുകഥകേൾക്കുംപോലെ
ഓരോ നിമിഷങ്ങൾ
കടന്നുപോകുന്നു .
തീവണ്ടിയിൽ നാമിപ്പോൾ
യാത്രചെയ്തു കഴിഞ്ഞിരിക്കുന്നു,
ശ്വാസമടക്കിപ്പിടിച്ചു നടത്തിയ
അതിശയകരമായ ജീവിതയാത്ര,
ഒരുനൂലിഴമാത്രയിലുണ്ടായ
അപകടം ,
പാളം തെറ്റിയെവിടെയോ
പൊലിഞ്ഞുപോകുന്നു ,
ഇന്നുമവർ ഓരോ പ്ലാറ്റ്ഫോമു-
കളിൽ തീവണ്ടി കാത്തുനിൽക്കുന്നു ,
നിശബ്ദമല്ലാത്ത,യീ യാത്ര
ഇന്നുമെവിടെയോ
അലയുന്നപോലെ ,
സ്വർഗ്ഗം തിരഞ്ഞുള്ള യാത്ര
വിദൂരതയിലേക്കാണ്,
ഭൂമി കൈവെടിയും വരെ
പാളം തെറ്റാതെ പോകട്ടെ
അഖിൽ മുരളി