കവിത : രാജ് രാജ്*
ഓർമ്മകളിൽ നിറഞ്ഞു പെയ്യുന്ന
മഴനൂലുകൾ പോലെ
നീ പെയ്തു
നിറയുമ്പോൾ
അതിൽ മതിയാവോളം
നനയാനും ആ
കുളിരിൽ മയങ്ങാനും എന്ത്
സുഖമാണ്…
മഴയുടെ നിർവ
ചിക്കാനാവാത്ത
ഭാവങ്ങൾ പോലെയാണ്
നിന്റെ പ്രണയം….
ചിലപ്പോൾ നൃത്തം
വയ്ക്കുന്ന
മഴനൂലുകളെ പോൽ
കൊതിപ്പിക്കും..
മറ്റുചിലപ്പോൾ
തിമിർത്തുപെയ്യുന്ന
ഇടവപ്പാതി പോലെ
തോരാതെ പെയ്തു
തപിപ്പിക്കും…
ചിലപ്പോൾ
കർക്കിടകത്തിലെ
ചന്നം പിന്നം പെയ്യുന്ന മഴപോലെ
എന്നിൽ അലിഞ്ഞിറങ്ങും…
നിനച്ചിരിക്കാതെ
ഇടിവെട്ടി പെയ്യുന്ന
തുലാ മഴപോലെ
ഉള്ളുപൊള്ളിക്കും
ചില നേരം…
പലപ്പോഴും ഒരു
പുതുമഴയുടെ
സാന്ദ്ര സംഗീതം പോലെ ഹൃദയത്തിന്റെ
ആഴങ്ങളിലേക്ക്
പെയ്തിറങ്ങി
മനസ്
കുളിർപ്പിക്കും….
ഇടയ്ക്കു ഒരു
മൗന മഴയുടെ
ആർദ്ര സംഗീതം
പോലെ എന്നെ
കണ്ണീരണിയിക്കും…
മഴയിൽ കണ്ണീർ
മറ്റാരും അറിയാതെ പോകും….
ദുഃഖത്തിന്റെ
ആത്മ വിഷാദാ ങ്ങളിൽ
ഞാൻ ഉഴലുമ്പോൾ
ഒരു പനിനീർ
മഴയായി നീ എന്നെ
നനയിക്കും….
നിശയിൽ എന്റെ
സ്വപ്നങ്ങളിലേക്ക്
സന്തോഷത്തിന്റെ
ജാലകങ്ങൾ
തുറന്ന് നീയൊരു
രാത്രിമഴയായി
പെയ്തിറങ്ങും….
നിന്റെ പ്രണയത്തിന്
എന്തൊരു
ഉന്മാദമാണ്…
നിന്റെ പ്രണയത്തിനു
സ്നേഹനിലാവിന്റെ
ചാരുതയാണ്…
നിന്റെ പ്രണയത്തിന്
പുലരിയുടെ
വിശുദ്ധിയാണ്….
നിന്റെ പ്രണയത്തിന്
സന്ധ്യയുടെ ചേലാണ്….
നിന്റെ പ്രണയത്തിന്
രാത്രിയുടെ നിശബ്ദതയാണ്….
നിന്റെ പ്രണയത്തിനു
ഉച്ചവെയിലിന്റെ
തീക്ഷ്ണതയാണ്…
നിതാന്തമായ എന്റെ
കാത്തിരിപ്പിനു
വിരാമമായി നീ ഒരുനാൾ മഴനൂലുപോലെ
എന്നിൽ പെയ്തിറങ്ങുന്നതും
കാത്ത് ഞാനീ… ഏകാന്തതയുടെ
വിജന വീഥികളിൽ
കാത്തിരിപ്പുണ്ട്
പെണ്ണേ….
നിനക്കായി മാത്രം.