കഥ : അഡ്വേ:- ലേഖ ഗണേഷ്*
ക്ലാസ് കട്ട് ചെയ്ത് ശ്യാം ഉച്ചക്ക് തന്നെ കോളേജിൽ നിന്നിറങ്ങി ,ബൈക്ക് സ്റ്റാർട്ടാക്കി ,ഹെൽമറ്റ് കൈയ്യിൽ തൂക്കിയിട്ടു ,തലയിൽ വച്ചാൽ കഷ്ടപ്പെട്ട് സെറ്റ് ചെയ്ത മുടിയുടെ സ്റ്റൈൽ പോകും ,വിന്ദുജ തന്നെയും കാത്ത് വഴിയിൽ നിൽപ്പുണ്ടാകും ,ഉച്ചക്ക് ശേഷം ക്ലാസ് കട്ട് ചെയ്യാമെന്ന് അവൾ മെസേജ് ചെയ്തിരുന്നു .
വിന്ദുജ ശ്യാം പറഞ്ഞ സ്ഥലത്ത് അവനെയും കാത്ത് നിൽപ്പ് തുടങ്ങിയിട്ട് കുറേ നേരമായി , അവളല്പം ഗൗരവത്തിലാണ് ,അവൻ വരാൻ താമസിക്കുന്നതിലുള്ള പരിഭവം മുഖത്ത് കാണാം.
ശ്യം വിന്ദുജയുടെ അടുത്ത് ബൈക്ക് നിറുത്തി . വിന്ദുജ ഗൗരവത്തിൽ യാതൊരു പരിചയവുമില്ലാത്തത് പോലെ നിന്നു.
” വിന്ദുജാ ,ബൈക്കിൽ കയറ് ഒരു സർപ്രൈസുണ്ട് “
ശ്യാം പറഞ്ഞത് കേട്ട് വിന്ദുജ അവനെ തുറിച്ച് നോക്കി.
“ഇതെല്ലാം പഴയ നമ്പറാണ്, എന്നെ പറ്റിക്കേണ്ട “അവൾ ഗൗരവത്തിൽ പറഞ്ഞു.
” എടീ എനിക്കൊരു നല്ല ജോലി കിട്ടി ,ക്യാമ്പസ് സെലക്ഷനാണ് ,പരീക്ഷ കഴിഞ്ഞയുടൻ ജോലിയിൽ കയറാം ,നല്ല ശംബളവുമുണ്ട് ” .ശ്യാം പറഞ്ഞത് കേട്ട് വിശ്വാസം വരാത്തത് പോലെ വിന്ദുജ അവനെ നോക്കി .
” സത്യമാണോ ,നീ പറയുന്നത് ,അങ്ങിനെയെങ്കിൽ പരീക്ഷ കഴിഞ്ഞയുടൻ ഞാനും ഒരു ജോലി നോക്കാം ,എന്നിട്ട് വേണം എനിക്ക് ഈ ഹോസ്റ്റൽ ജീവിതം ഒന്നവസാനിപ്പിക്കാൻ ,എന്തിനും ഏതിനും ചട്ടങ്ങൾ ,മടുത്തു. നമുക്ക് രണ്ട് പേർക്കും കൂടി ഒരു വീട് വാടകക്കെടുക്കാം.”
വിന്ദുജ പറഞ്ഞു.
രണ്ട് പേരുടേയും പരീക്ഷ കഴിഞ്ഞു.ശ്യാമിന് ജോലി കിട്ടി. വിന്ദുജയും മോശമില്ലാത്ത ഒരു ജോലി സംഘടിപ്പിച്ചു, അവർ ഒരു വാടകവീടിനായി അന്വേഷണം തുടങ്ങി.. ശ്യാമിൻ്റെ വീട് ജോലിസ്ഥലത്തിന് അടുത്തായതിനാൽ അവന് ഒരു വാടക വീട് ആവശ്യമായിരുന്നില്ല. എങ്കിലും വിന്ദുജയെ കാണാനും അടുക്കാനും വാടക വീട് ഗുണം ചെയ്യുമെന്ന് അവൻ കണക്ക് കൂട്ടി.
തങ്ങൾ ഭാര്യയും ഭർത്താവുമാണെന്ന വ്യാജേന പലയിടത്തും അവർ വാടകക്ക് വീട് നോക്കി. വീട് വാടകക്ക് കൊടുക്കണമെങ്കിൽ ശ്യാമിൻ്റെയോ വിന്ദുജയുടേയോ വീട്ടുകാർ വാടകക്കരാറിൽ ഒപ്പിടണമെന്ന് പല വീട്ടുടമസ്ഥരും അവരോട് ആവശ്യപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ വിന്ദുജ അവളുടെ ഒപ്പം ജോലി ചെയ്യുന്ന ഒരു കൂട്ടുകാരനേയും ഭാര്യയേയും കൊണ്ട് വാടകക്ക് ഒരു വീടെടുപ്പിച്ച് അതിൽ താമസമാക്കി .
പല ദിവസങ്ങളിലും ശ്യാം അവൻ്റെ കൂട്ടുകാരേയും കൂട്ടി വാടക വീട്ടിലെത്തി മദ്യ സൽക്കാരങ്ങൾ തുടങ്ങി . വിന്ദുജയും പാർട്ടികൾ ആഘോഷിച്ചു. ഹോസ്റ്റലിൽ സ്വാതന്ത്യമില്ലാതെ ജീവിച്ച അവൾ പുതിയ പല സ്വാതന്ത്ര്യങ്ങളും ആസ്വദിച്ച് തുടങ്ങി .ശ്യാം കൂട്ടുകാരോടൊക്കെ വിന്ദുജ തൻ്റെ ‘ട്രോമ ലൗ ‘ ആണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്.
പതിയെപ്പതിയെ ആ വീട്ടിൽ മൂന്ന് ചെറുപ്പക്കാർ കൂടി താമസത്തിനെത്തി. വീട്ടുടമസ്ഥർ വിദേശത്തായതിനാൽ വാടക വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞതുമില്ല.
വീട്ടിൽ നിന്ന് വിളിക്കുമ്പോഴൊക്കെ താനൊരു ലേഡീസ് ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന് വിന്ദുജ വീട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചു.
വാടക വീട്ടിലെ രാത്രി ബഹളങ്ങൾ അയൽക്കാർക്ക് ബുദ്ധിമുട്ടായിത്തുടങ്ങി. ഒടുവിൽ റെസിഡൻസ് അസോസിയേഷൻ ഇടപെട്ടു.ശ്യാമും വിന്ദുജയും അവരോടെല്ലാം മോശമായി പെരുമാറി.
ഒരു ദിവസം രാത്രി 12 മണിയോട് കൂടി വാടക വീട്ടിൽ നിന്നുള്ള വലിയ ബഹളം കേട്ട് അയൽക്കാരെല്ലാവരും ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു .ബഹളം പുറത്ത് റോഡിലുമെത്തി . രാത്രി നടന്ന മദ്യസൽക്കാരത്തിൽ പങ്കെടുത്തവർ തമ്മിൽ വാക്ക്തർക്കുണ്ടായതാണെന്നും ,ഒടുവിലത് കയ്യാങ്കളി വരെയെത്തിയതാണെന്നും അയൽക്കാർക്ക് മനസിലായി .അവസാനം വിവരമറിഞ്ഞ് പോലീസെത്തി ,ഇതിനകം ശ്യാം സംഭവസ്ഥത്തു നിന്ന് കടന്ന് കളഞ്ഞിരുന്നു.
പോലീസ് വിന്ദുജയോട് വാടകക്കരാർ ആവശ്യപ്പെട്ടു.വാടകക്കരാറിൽ ഒപ്പിട്ടയാളെ പോലീസ് അന്വഷിച്ചു ,ആൾ സ്ഥലത്തില്ലെന്നായിരുന്നു വിന്ദുജയുടെ മറുപടി. താൻ കസിനാണെന്നും വിന്ദുജ മറുപടി നൽകി.
അവൾ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് സംസാരം കേട്ടപ്പോൾ എല്ലാവർക്കും മനസിലായി. പോലീസ് വീട്ടുടമസ്ഥനേയും വാടകക്കാരനേയും ഫോണിൽ വിളിച്ചു , അവരോട് പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാകാനാവശ്യപ്പെട്ടു.
സംഭവം നടന്ന സമയം വീട്ടിലുണ്ടായിരുന്നവരുടെയെല്ലാം അഡ്രസും ഫോൺ നമ്പരും പോലീസ് എഴുതിയെടുത്തു. അയൽക്കാരുടെ സാന്നിദ്ധ്യത്തിൽ പോലീസ് വീട് മുഴുവൻ പരിശോധിച്ചു. ഭാര്യയും ഭർത്താവും മാത്രം വാടകക്കെടുത്ത വീട്ടിൽ രണ്ട് മുറികളിലും ഹാളിലുമായി പത്തോളം കിടക്കകൾ നിലത്ത് വിരിച്ചിട്ടിരിക്കുന്നത് കണ്ട് അയൽക്കാർ അമ്പരന്നു. പോലീസ് മുറികളിലെല്ലാം കയറി പരിശോധിച്ചു ,മുറികളിൽ നിന്ന് ഒമ്പത് മദ്യക്കുപ്പികളും മൂന്ന് കിലോയോളം മയക്ക് മരുന്നും പിടിച്ചെടുത്തു.
നടപടി ക്രമങ്ങൾക്ക് ശേഷം വിന്ദുജയെയും ആ വീട്ടിലുണ്ടായിരുന്ന ശ്യാമിൻ്റെ കൂട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തു. . വീട് പൂട്ടുന്നതിന് മുമ്പ് അടുക്കള ഭാഗം പരിശോധിക്കുന്നതിനായെത്തിയ പോലീസ് അവിടെ കണ്ട കാഴ്ച കണ്ട് ഞെട്ടി. ആരോ രക്തത്തിൽ കുളിച്ച് കമിഴ്ന്ന് കിടക്കുന്നു. അയാൾക്ക് ജീവനുണ്ടെന്ന് പോലീസിന് മനസിലായി. അയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷനിലെത്തിച്ച വിന്ദുജയോട് വേണ്ടപ്പെട്ട ആരെയെങ്കിലും വിളിച്ച് തൻ്റെ അറസ്റ്റിൻ്റെ വിവരം അറിയിച്ച് കൊള്ളാൻ പോലീസ് അനുമതി നൽകി , അവൾ ശ്യാമിൻ്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു , പക്ഷെ അവളുടെ ട്രോമ ലൗൻ്റെ ഫോൺ ഓഫായിരുന്നു . പോലീസ് വിന്ദുജയുടെ വീട്ടിൽ വിളിച്ച് വിവരം പറഞ്ഞു .
പിറ്റേന്ന് പോലീസ് സ്‌റ്റേഷനിൽ വീട്ടുടമസ്ഥൻ്റെ പിതാവെത്തി .തങ്ങളെ വാടകക്കാർ ചതിച്ചതാണെന്ന് ആ വൃദ്ധൻ പോലീസ് സ്റ്റേഷനിൽ മൊഴി കൊടുത്തു. ഇനിയെങ്കിലും ശരിയായി അന്വേഷിക്കാതെ വീട് വാടകക്ക് കൊടുക്കരുതെന്ന് പോലീസ് അദ്ദേഹത്തെ ഉപദേശിച്ചു.
കരഞ്ഞലച്ച് സ്റ്റേഷനിലെത്തിയ വിന്ദുജയുടെ വീട്ടുകാരെ എസ്.ഐ വല്ലാതെ ശകാരിച്ചു. മകളെ ദൂരെ പഠിക്കാൻ വിട്ടാൽ ഇടക്കെങ്കിലും വന്ന് അന്വേഷിച്ചില്ലെങ്കിൽ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമെന്ന് എസ്.ഐ അവരോട് പറഞ്ഞു.
വാടകക്കരാറിൽ ഒപ്പിട്ട വിന്ദുജയുടെ സുഹൃത്തിനെ കൂട്ടുപ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മയക്ക് മരുന്ന് കൈവശം വച്ചതിനും കൊലപാതക ശ്രമത്തിനും വിന്ദുജക്കും കൂട്ടുകാർക്കുമെതിരെ കേസെടുത്തു.
വിന്ദുജയിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് പോലീസ് ശ്യാമിൻ്റെ ഓഫീസിലെത്തി. അവിടെ ശ്യാം എന്ന പേരിൽ ഒരാൾ ജോലി ചെയ്യുന്നില്ലെന്ന് മാനേജർ അറിയിച്ചു. ഓഫീസിലെ എല്ലാ ജോലിക്കാരുടേയും തിരിച്ചറിയൽ രേഖ പോലീസ് പരിശോധിച്ചു. പുതുതായി ജോലിക്ക് കയറിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്പനിയിൽ നിന്ന് കസ്റ്റഡിയിലെടുത്തയാളാണ് ശ്യാം എന്ന് വിന്ദുജ പോലീസിന് മൊഴി നൽകി .അവൻ ശ്യാം അല്ല ഹിഷാം ആണെന്ന് പോലീസ് വിന്ദുജയോട് പറഞ്ഞത് കേട്ട് അവൾ ഞെട്ടി .
തന്നെ ശ്യാം എന്ന പേരിൽ ഹിഷാം ഇത്ര നാളും ചതിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ വിന്ദുജ ആകെ തകർന്നു , ആ ചതിയിൽ വിന്ദുജയുടെ ജീവിതം അഴിക്കുള്ളിലുമായി.