രചന : സതി സുധാകരൻ*

അമ്പലമുറ്റത്തെ ആലിൻ ചുവട്ടിലെ
ആൽത്തറയിൽഞാനിരുന്ന നേരം
കൂട്ടുകാരോടൊത്തു കിന്നാരംചൊല്ലിനീ
അന്നനട പോലെ വന്നു വല്ലോ
ആദ്യമായ് നിന്നെ ഞാൻ,കണ്ട മാത്രയിൽ
എൻ്റെ ഹൃദയത്തിൻ കുടിയിരുത്തി
ശ്രീകോവിൽ നടയിൽ നീ
തൊഴുതു നില്ക്കുമ്പോഴും
ഏതോ ദേവതയെന്നു തോന്നി.
മുട്ടോളം മുടിയുള്ള നിൻ്റെ കാർകൂന്തലിൽ
മുക്കുറ്റിപ്പൂവും നീ ചൂടിനിന്നു.
എൻ്റെഹൃദയമാം മാനസപ്പൊയ്കയിൽ
പ്രേമത്തിൻ മുത്തുകൾ പാകി മെല്ലെ
ഏതോ വികാരമാം മസ്മര ലഹരിയിൽ
എല്ലാം മറന്നു നടന്ന നാളിൽ
അമ്പലമുറ്റത്ത് എന്നും വരാറുള്ള
അവളെ ഒരു ദിനം കണ്ടതില്ല.
അവളുടെ ചിന്തയാൽ ഒഴുകി നടന്ന ഞാൻ
രാവും , പകലായി മാറി നിന്നു .
എൻ്റെ പ്രണയത്തിൻ കൂമ്പുകൾ നുള്ളി നീ
മിണ്ടാതെ എവിടേക്കു പോയ് മറഞ്ഞു
എൻ പ്രണയ വല്ലരിയിൻ പൂത്ത റോസാ ക്കുസുമമേ
നിന്നേയും തേടി ഞാൻ നടപ്പൂ.
വെള്ളിക്കൊലുസിട്ട നിൻ്റെ കാല്പാടുകൾ നോക്കി ഇരുന്നു കിനാവു കണ്ടു.
നിനക്കു സമ്മാനമായ് തരാനുള്ള ഹാരവും
എൻ്റെ പാഴ് സ്വപ്നമായ് തീർന്നിതല്ലോ?
നിൻ്റെ വരവും പ്രതീക്ഷിച്ചു ഞാനിന്നും
വേഴാമ്പൽ പോലെ കാത്തിരിപ്പൂ.

സതി സുധാകരൻ

By ivayana