ഫോണിന്റെ തുടർച്ചയായ മുഴക്കമാണ് കോലോത്തുവീട്ടിൽ കോമളനാരായണൻ എന്ന കെ.കെ.എന്നിനെ ഉറക്കമുണർത്തുന്നത്,
കട്ടിലിനും ഭിത്തിക്കും ഇടയിലുള്ള ചെറിയ ഗ്യാപ്പിലൂടെ നിലത്ത് വീണുകിടന്ന ഫോണിനെ ഉറക്കച്ചടവോടെ കോമളൻ കയ്യിലെടുക്കുമ്പോഴേക്കും, ഫോണിന്റെ ബെല്ലടി അവസാനിച്ചിരുന്നു,
ആരാണ് വിളിച്ചത് എന്ന് നോക്കുന്നതിന് മുമ്പ് നേത്രങ്ങൾ ചെന്നെത്തിയത് ഫോണിൽ തെളിഞ്ഞ പകൽ പതിനൊന്നു മുപ്പത് എന്ന സമയസൂചികയിലേക്ക് ആയിരുന്നു,
“പതിനൊന്നു മുപ്പതോ ശിവ ശിവ”
രാത്രിയിൽ എപ്പോഴോ പിണങ്ങിമാറി കിടന്ന മുണ്ട് ചുറ്റി എഴുന്നേറ്റ കോമളന്റെ കൈകൾ നേരേ ചെന്നത് അലമാരയുടെ മോളിലെ തമ്പാക്ക് ഡബ്ബയിലേക്ക്, രണ്ടു വശവും തുറക്കാവുന്ന ഡബ്ബയുടെ ഒരു ഭാഗത്ത് നിന്നും പുകയിലകൂട്ട് കയ്യിലേക്കിട്ട് മറുഭാഗം തുറന്നപ്പോഴാണ് അതിൽ ചുണ്ണാമ്പ് കാലിയാണ് എന്ന ഓർമ്മ കോമളനിലേക്ക് ഓടിയെത്തിയത്,
” ഇന്നത്തെ ദിവസം മൊത്തം അപശകുനം ആണല്ലോ, ആ ഏഭ്യൻ രാമനോട് ചുണ്ണാമ്പ് നിറച്ചിട്ട് പോകണമെന്ന് ഇന്നലെ രാത്രി ഓർമ്മിപ്പിച്ചതാണ്, പോഴൻ മറന്നു “
കയ്യിലിട്ട പുകയില തിരികെ ഡബ്ബയിൽ നിക്ഷേപിച്ചു കോമളൻ അടിവയറ്റിൽ ഈണമിട്ടു തുടങ്ങിയ, സരിഗമക്ക് പധനിസ്സ പാടുവാൻ മുറിയിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന ബാത്റൂമിലേക്ക്…..
കോമളൻ സ്വസ്ഥമായി ബാത്‌റൂമിൽ പോയി വരട്ടെ അപ്പോഴേക്ക് നമുക്ക് കോമളനെ കുറിച്ച് വിശദമായി ഒന്ന് വിവരിക്കാം,
കോഴിക്കോട്, കൊയിലാണ്ടിക്കടുത്തുള്ള ഏതോ പുരാതന കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയാണ് ഈ കെ.കെ.എൻ എന്ന കോമളനാരായണൻ,
കയ്യിലിരിപ്പ് മോശമായത് കൊണ്ട് പണ്ടേ കുടുംബത്ത് നിന്നൊക്കെ അടിച്ചു പുറത്താക്കിയതാണ്,
പിന്നീട് രാജ്യസ്നേഹം, വർഗ്ഗസ്നേഹം ഒക്കെ പറഞ്ഞു ചിലകൂട്ടുകെട്ടുമായി നടന്ന കോമളൻ ,ഒടുക്കം കയ്യിലുള്ള ബികോം ബിരുദസർട്ടിഫിക്കറ്റിന്റെ ബലത്തിൽ കണക്കപിള്ളയായി അറബിനാട്ടിലേക്ക്,
അങ്ങനെയിരിക്കവേയാണ് ലോകംമുഴുവൻ വിരുന്നു നടക്കുന്ന കൊറോണ കോമളനെയും പ്രേമിക്കുന്നത്,
അങ്ങനെ കോമളന്റെ കോറന്റൈൻ നാലാം ദിനമാണ് ഇന്ന്, കൊറോണ ബാധിതർക്കുള്ള പ്രത്യേകം കോറന്റയിൻ റൂമുകളിൽ ആണ് താമസമെങ്കിലും, കോമളന് ചില പ്രത്യേക സൗകര്യങ്ങൾ വേണ്ടപ്പെട്ടവർ ഒരുക്കി കൊടുത്തു,
കോമളന്റെ ആഹാരം മുന്ന് നേരവും ജോലിസ്ഥലത്തെ അസിസ്റ്റന്റ് ആയ രാമൻ നേരിട്ട് കൈപ്പറ്റി എത്തിച്ചു നൽകും,
നാട്ടിലേ വെറ്റിലമുറുക്കുന്ന ശീലം കടൽ കടന്നപ്പോൾ, വെറ്റിലയുടെ ദൗർലഭ്യംകാരണം കോമളൻ തമ്പാക്കിലേക്ക് ചുവട്മാറ്റി, ആഹാരം കൊണ്ടുവരുന്നതിനൊപ്പം രാമൻ തന്നെയാണ് അവശ്യംവേണ്ട പുകയിലയും, ചുണ്ണാമ്പും എത്തിക്കുന്നത്,
തൊട്ടടുത്ത കൊറന്റൈൻ റൂമുകളിൽ താമസിക്കുന്നവർ ആരെന്നുപോലും കോമളന് യാതൊരു നിശ്ചയവുമില്ല,
നേരേ എതിർവശത്തെ മുറികളിൽ താടിവെച്ച രണ്ടുപേരെ കാണാം, ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും പാകിസ്ഥാനികൾ ആണെന്ന്, അത് കൊണ്ട് തന്നെ പരമാവധി അങ്ങോട്ട് നോക്കുവാൻ പോലും കോമളൻ മിനക്കെടാറില്ല,
” ഈ ജിഹാദികൾക്കൊക്കെ മുറിക്കകത്ത് ഇരുന്നു കൂടെ, എപ്പോഴും വെളിയിൽ വന്നിരിക്കുവാ അശ്രീകരം”
മുറിക്ക് പുറത്ത് കഴിന്ന ദിവസങ്ങളിൽ താടിക്കാരെ കണ്ടപ്പോൾ കോമളൻ തന്റെ മനസ്സിലും, താൻ സജീവമായ സുനന്ദിനി പശു ഗ്രൂപ്പിലെ മിത്രങ്ങളോടും പരിഭവം പറഞ്ഞിരുന്നു,
” അവരെയോന്നും കൂടുതൽ അടുപ്പിക്കേണ്ട, ചിലപ്പോൾ അരയിൽ ബോംബ് കാണും “
മിത്രങ്ങൾ ജാഗ്രതാ നിർദ്ധേശവും കോമളന് നൽകിയിരുന്നു,
ബാത്‌റൂമിൽ സരിഗമ പാടി അവസാനിപ്പിക്കാറായപ്പോഴാണ് തലേന്ന് രാത്രി രാമൻ പറഞ്ഞ കാര്യം ഓർമ്മയിലേക്ക് ഓടിയെത്തിയത്,
” നാളെ കമ്പനിയിൽ മറ്റെന്തോ ജോലിതിരക്ക് ഉള്ളത് കൊണ്ട് തനിക്ക് ആഹാരവുമായി വരുവാൻ കഴിയില്ല, ബാക്കിയുള്ളവർക്ക് ആഹാരം കൊണ്ട് വരുന്നവർ, ഇവിടെയും കൊണ്ടുവന്നു വാതിലിന് പുറത്ത് വെക്കും “
പെട്ടന്ന് തന്നെ ബാത്റൂമിലെ കാര്യപരിപാടികൾ അവസാനിപ്പിച്ചു കോമളൻ വാതിൽ തുറന്നു പുറത്തേക്ക്,
പുറത്ത് വെച്ചിരുന്ന ആഹാരം ആവശ്യത്തിൽ കൂടുതൽ കഴിച്ചു വിശ്രമിക്കുന്ന രണ്ട് അറബി പൂച്ചകളെയാണ് കോമളൻ കണികാണുന്നത്,
ഒപ്പം എതിർവശത്ത് ഫോണിൽ നോക്കിയിരിക്കുന്ന താടിക്കാരിൽ ഒരാളും,
ഫോണെടുത്തു കൊറന്റൈൻ ചുമതലക്കാരിൽ ഒരാളോട് പരിഭവം പറഞ്ഞിട്ടും, ഇനി വൈകിട്ട് മാത്രമേ ആഹാരം കിട്ടു എന്ന മറുപടിയാണ് ലഭിച്ചത്,
ആമാശയത്തിലെ ആളിക്കത്തൽ അസഹ്യമായി തുടങ്ങിയ കോമളൻ മുറിയാകെ തിരഞ്ഞു കിട്ടിയ ഓറഞ്ചിനെ അകത്താക്കി നെടുവീർപ്പിട്ട് മൊബൈൽ വഴി ഫേസ്ബുക്കിലെ സുനന്ദിനിപശു ഗ്രൂപ്പിലേക്ക്,
നാട്ടിലെ അബ്ദുകാക്ക മകൻ അഷ്‌റഫ് പൊതുവഴിയിൽ വെച്ച് പോത്തിറച്ചി വിറ്റത് ഗ്രൂപ്പിലാകെ ചർച്ചനടക്കുന്നു,
അഷ്‌റഫിന്റെ ഫേസ്ബുക്ക് ഐഡി തപ്പി അതിൽ നിന്ന് ഒരു ഫോട്ടോ സെലക്റ്റ് ചെയ്തു
” ഇവനെയൊക്കെ പാകിസ്താനിലേക്ക് അയക്കുക “
എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തു രോമാഞ്ചം കൊണ്ട ശേഷം വീണ്ടും തമ്പാക്ക് ഡബ്ബക്ക് അരികിലേക്ക്,
ചുണ്ണാമ്പ് ഇല്ലാത്തതിനാൽ രാവിലേ മുതൽ തമ്പാക്ക് വെക്കാത്തതിന്റെ അസഹിഷ്ണുത വിശപ്പിനേക്കാൾ വലുതായി, കോമളനെ അലട്ടിതുടങ്ങിയിരുന്നു,
പുറത്തിരിക്കുന്ന താടിക്കാരിൽ ഒരുത്തൻ ചുണ്ടിന് ഇടയിലേക്ക് ചുരുട്ടി കയറ്റുന്നത് കാണാറുണ്ട്, അവനോട് ചോദിച്ചാലോ?
വേണ്ട, പച്ചയല്ലേ,
എന്നാലും ചോദിച്ചാലോ,ഇച്ചിരി ചുണ്ണാമ്പ് മാത്രമല്ലേ ചോദിക്കുന്നത്,
കുമാരനാശാന്റെ ചണ്ഡാലഭിഷുകിയിൽ ദാഹം ജലം വാങ്ങി കുടിച്ചു പിന്നെയാണ് ഇത്തിരി ചുണ്ണാമ്പ്,
പലവിധ ആന്തരികചർച്ചകൾക്കൊടുവിൽ അല്പം ചുണ്ണാമ്പ് ദാനമായി ചോദിക്കാമെന്ന തീരുമാനത്തിലെത്തി,
താടിക്കാരോട് ഹിന്ദിയിൽ അല്പ്പം ചുണ്ണാമ്പ് ചോദിച്ചു,
കൂട്ടത്തിൽ ഒരു താടിക്കാരൻ നല്കിയ ചുണ്ണാമ്പ് താങ്ക്സ് പറഞ്ഞു ഏറ്റുവാങ്ങി മുറിയിലെത്തി, തമ്പാക്ക് ചുണ്ടിൽ തിരുകി ഊർജ്ജസ്വലനായി വിശപ്പിനെ മറന്നു, തന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് കോമളൻ വീണ്ടും കണ്ണോടിച്ചു,
” ഇനിയെങ്കിലും മനുഷ്യൻ ആകു “
ഒരുപാട് പിന്തുണകമന്റുകൾക്കിടയിൽ ഒരേയൊരു നെഗറ്റിവ് കമന്റ്,
പേര് വിനോദ്നമ്പൂതിരി,
വല്ല ഫേക്ക് ഐഡി ആകും, മറുപടി നല്കാതെ അലട്ടുന്ന വിശപ്പിനെ തമ്പാക്കിന്റെ ചെറു ലഹരിയിൽ അടക്കി വീണ്ടും സുനന്ദിനി പശു ഗ്രൂപ്പിലേക്ക് കോമളൻ ഊളിയിടവെയാണ് കതകിൽ ആരോ മുട്ടിയത്.,
കതക് തുറന്നപ്പോൾ ഒരു പാത്രത്തിൽ നിറയെ ഫലങ്ങളുമായി അതേ താടിക്കാർ,
ഒരു വേള വേണ്ട എന്ന് പറഞ്ഞു എങ്കിലും, വിശപ്പിന്റെ വിളിയും, പൂച്ച ഭക്ഷണം കഴിച്ചത് കണ്ടു വിശന്നിരിക്കേണ്ട ഇത് കഴിക്കു എന്ന അവരുടെ ഹിന്ദിയിലുള്ള മറുപടിയും കേട്ടതോടെ ആ ഫലങ്ങൾ ഏറ്റുവാങ്ങി കോമളൻ മുറിയിലേക്ക്,
ഉള്ളിലെ വിശപ്പിനെ ശമിപ്പിച്ചു പാത്രം തിരികെ നല്കാൻ ഇറങ്ങിയപ്പോൾ പുറത്ത് താടിക്കാരിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു,
” കോമള നാരായണൻ അല്ലേ “
പാത്രം കൈമാറി ഹിന്ദിയിൽ നന്ദി പറഞ്ഞു തിരികെ മുറിയിലേക്ക് കടക്കവേയാണ് പിന്നിൽ നിന്ന് താടിക്കാരന്റെ ചോദ്യം ഉയർന്നു,
” മലയാളി ആണോ “
” മലയാളി മാത്രമല്ല, നിങ്ങളുടെ കുറച്ചു നാളുകളായുള്ള ഫേസ്ബുക്ക് ഫ്രണ്ട് കൂടിയാണ്, പേര് വിനോദ് നമ്പൂതിരി, ഇവിടെ വന്ന രണ്ട് ദിവസമായി എനിക്ക് സംശയം ഉണ്ടായിരുന്നു, പിന്നെ ഉറപ്പില്ലാത്ത കൊണ്ട് ചോദിക്കാഞ്ഞത് ആണ് “
“താടികണ്ടപ്പോൾ പാകിസ്ഥാനിയാണ് എന്ന് കരുതി ക്ഷമിക്കുക”
കോമളന്റെ വാക്കുകളിൽ ഇടർച്ചയുണ്ടായിരുന്നു,
” രാവിലേയും വൈകിട്ടും വിളക്ക് കത്തിക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ,
എന്റെ കൂടെ ഇരുന്ന താടിക്കാരൻ ഇജാസ്റാണ ആറുവർഷമായി ഈ അറേബ്യയിൽ എന്റെ സഹപ്രവർത്തകൻ ആണ്, രണ്ടുപേർക്കും ഒരുപോലെ കൊറോണ സ്ഥിരീകരിച്ചതിനാൽ ഇവിടെ കൊറന്റൈനിൽ എത്തി, അടുത്തടുത്ത മുറികളിൽ കഴിയുന്നു “
മറുപടിയേതും നല്കാതെ മുറിക്കകത്തേക്ക് കടക്കവേ കോമളന്റെ മനസ്സിൽ തെളിഞ്ഞത് വിനോദ് നമ്പൂതിരിയുടെ അവസാന വാക്കുകളാണ്,
” വേഷം കൊണ്ടും,ശാരീരികസവിശേഷതകൾ കൊണ്ടും ഒരാൾക്കും വിലയിടരുതേ, അല്ലേൽ തന്നെ വിശക്കുന്ന വയറിനു മുന്നിൽ മറ്റൊന്നിനും ഒരു പ്രാധാന്യവും ഇല്ല “
അപ്പോഴേക്കും കോമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലൈക്ക്, കമന്റ്, ഷെയറുകൾ ഒന്നിലധികം ആയിരങ്ങൾ കടന്നിരുന്നു.
കെ.ആർ.രാജേഷ്