കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യത്തെ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ഏപ്രിൽ ഒന്ന് മുതൽ ക്രിസ്തു മത വിശ്വാസികളായ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരുവിൽ മാത്രം മരിച്ചത്. അതിൽ കൂടുതലും കോവിഡ് ബാധിതരുമാണ്. ഇതോടെ നഗരത്തിലെ പ്രധാന സെമിത്തേരികളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സെമിത്തേരിക്ക് സ്ഥലം അനുവദിക്കണമെന്ന കാലങ്ങളായുള്ള സഭകളുടെ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന കർണാടക സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഏപ്രിൽ ഒന്നിന് ശേഷം കത്തോലിക്കാ സമൂഹത്തിൽ മാത്രം 1,600 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് വിഭാഗങ്ങളിൽ 1,200 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സഭ വ്യക്തമാക്കുന്നു. കൽപ്പള്ളി, മൈസുരു റോഡ്, ഹൊസൂർ റോഡ്, അൾസൂർ എന്നിവിടങ്ങളിലെ ശ്മശാനങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ ശവസംസ്കാര ചടങ്ങുകൾ തന്നെ തടസപ്പെട്ടിരിക്കുകയാണ്. കുടുംബ കല്ലറകൾ ഉള്ളവരുടെ ശവസംസ്കാരം മാത്രമാണ് നടക്കുന്നത്.എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ആയി നഗരത്തിൽ അഞ്ച് ഏക്കർ ഭൂമി അനുവദിക്കണമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സിറ്റിക്കുള്ളിലെ ഭൂമിയുടെ ദൗർലഭ്യം കണക്കിലെടുത്ത് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ അനുവദിച്ചാൽ പ്രശ്‌നമില്ലെന്ന് സഭ സൂചിപ്പിച്ചു. കുടുംബങ്ങൾ ഇപ്പോൾ കെംഗേരി, ഹംഗൽ, ഹെഗ്‌ഡെ നഗർ, ദേവനഹള്ളി എന്നിവിടങ്ങളിലെ ശവസംസ്‌കാരത്തിനായി പ്രാന്തപ്രദേശങ്ങളിലേക്ക് മാറുന്നു.