കവിത : പ്രകാശ് പോളശ്ശേരി*

അന്നൊരുദിനമെൻകൺമുന്നിലായെത്തിയൊരു വെള്ളിനക്ഷത്രം,
കാതരയായി മൊഴിഞ്ഞവളെന്നോട്. നിന്നിൽ നിന്നൊരു
കവിതയെനിക്കായി കേൾക്കണം
ഏറെനാൾ കാത്തിരുന്നോരെൻ താരമേ
നിന്നെക്കുറിച്ചേറെ ഞാൻ രചിച്ചതും
നീ തന്നെയെൻ്റെ കവിതയാണല്ലോ
പിന്നെന്തു ഞാൻ വേറിട്ടു ചൊല്ലിടാൻ
എന്നാലുമെന്നിലുണരുന്ന സത്യങ്ങൾ
മെല്ലെ മൊഴിഞ്ഞു നമ്മളൊന്നായ പോൽ
പണ്ടേതോ പുരാതന രാജ്യത്തിലന്നത്തെ
രാജനും റാണിയും പോലെ നാംനിന്നതും
മെല്ലെ രാഗങ്ങണുണർത്തിച്ചു ,നാമൊട്ടു
മാശങ്കയിലാതെ, കാലാതിർത്തി വിട്ടപോൽ
എന്തെന്തു രാഗവിസ്താരം നടത്തി നാം
വൃന്ദാവനത്തിലെ രാധയുംകൃഷ്ണനുംപോൽ
രാഗത്തിലശ്വമേധംനടത്തുമ്പോൾ
ചില ദിനം നീയെൻ്റെയശ്വത്തെ പൂട്ടി
ഞാനങ്ങു പോകുന്നു എന്നെ പ്രതീക്ഷിച്ച്
വേറൊരു രാജനും കാത്തിരിക്കുന്നുണ്ട്
സ്തപ്തനായ് നിന്നു ഞാനേറ്റംഖിന്നനായ്
എന്തായീക്കേട്ടത്, നീയെന്നരുന്ധതി
അല്ല ഞാനല്ല, നിനക്കു ഞാനില്ല
നീ വേറെ തേടു, വെള്ളിനക്ഷത്രങ്ങളെ
മൽക്കർണ്ണയുഗ്മങ്ങളിന്നും മുഴങ്ങുന്നു
നീയെൻ്റെ രാധയും ഞാൻ നിൻ്റെ കണ്ണനും
അങ്ങകലെയാകാശധാരയിൽ മിന്നിത്തി
ളങ്ങും നാംരണ്ടു വെള്ളിനക്ഷത്രങ്ങൾ
നിർമ്മല രാഗരേണുക്കൾമാത്രമാണെന്നിൽ
നിന്നിലലിയാൻ നമ്മാത്മം ലയിക്കാൻ
വേറിട്ടു കാണാനാവില്ല നിന്നെ ,വേർപെട്ടു
പോവാത്തൊരരുന്ധതി നക്ഷത്രമേ.

പ്രകാശ് പോളശ്ശേരി

By ivayana