കവിത : ജയൻ മണ്ണൂർകോഡ്*
നിമിഷക്കാഴ്ചകൾ മാറ്റി മാറ്റി
കാഴ്ചപ്പെട്ടി കരഞ്ഞു
വാർത്തകളെല്ലാം ശബ്ദം കൂട്ടി
മിക്സിയരച്ചു കിതച്ചു
എല്ലാം നേരം തെറ്റീട്ടങ്ങനെ
അകങ്ങൾ വിമ്മിപ്പെരുത്തു
പുറംകാറ്ററിയാൻ കേവലമോഹം
മനസ്സിലങ്ങനെ വെമ്പി
നാടുണരുന്നോ,കണ്ണാൽതേടി
റോഡോരം നോക്കെത്തി..
മുന്നിലായതാ വിജനക്കരിംപാത
പതിവുപോലതിൽ വിരക്തിപ്പകൽവണ്ടി
കാറ്റു കൂടുന്നു, പൊടി,കാഴ്ച മങ്ങുന്നു
ചെറുമഴ ചാറുന്നതാ, വീട്ടകം പോകാം
ശർക്കരക്കാപ്പിക്ക് നേരമായോ ആവോ?
ഫോൺ ചിലയ്ക്കുന്നുണ്ട,തിൽ പരിചയപ്പേര്
ഓ..തുണയാത്ര പോരുന്ന നഗരത്തോഴൻ
ജീവിതമരം പന്തലിക്കുമ്പോൾ
അതിലെ വിജയശിഖരം തൊട്ടവൻ
നാളേറെയായല്ലോ കണ്ടും,കേട്ടും..
“ഞാനിന്ന് ആകുലതകളുടെ സ്ഥിരക്ലേശിതൻ
ദിനേന തൊഴിലില്ലാ വേവലാതികൾ
തുടർചലനങ്ങളെല്ലാം ഭീകരപരീക്ഷകൾ
സമയം തീർന്ന പദ്ധതികൾ, കിട്ടാക്കാശുകൾ
മനയാത്രകളിലെന്നും തീരാട്രാഫിക്ജാമുകൾ
യുദ്ധം നിലയ്ക്കാത്ത വീട്ടുമുറികൾ
തളർച്ചച്ചൂടിന്റെ രക്തസമ്മർദ്ദങ്ങൾ
കൂടെവാസംതന്നെ ഹൈപ്പർടെൻഷനുകൾ
പൊള്ളയാണെടോ ഞാൻ പൊള്ളയാണെടോ
വീട്, വണ്ടികൾ ഈ ഞാൻ തന്നെയും
പൊള്ളയാണെടോ വെറും പൊള്ളയാണെടോ”
പാതിയിൽ വാക്കു മുറിച്ചവൻ പോയി
തെല്ലുനേരം ഞാനതോർത്തിരുന്നു..
ഒരു പണിയുണ്ട്, വിളി വന്നതാലേ
പോലീസ്തടയെ മറികടന്നെത്തി ഞാൻ
പാതിനേരം താണ്ടെ പണിയിടപ്പകലിൽ
ഇരുട്ടു വീണു പരന്നപോലെയാ
വാർത്ത വന്നു പറയുന്നു സ്നേഹിതൻ
എന്റെ കാതിൽ തുടരെപ്രകമ്പനം
“പൊള്ളയാണെടോ ഞാൻ പൊള്ളയാണെടോ”