കവിത : സുദേവ്.ബി*

“ജലാൽ കരിഞ്ചായ പകർന്നിട്ടേ
പുതയ്ക്കുവാൻ കമ്പിളി വേണമോ? തീ
കുറഞ്ഞുവോ കൊള്ളിയെടുത്തുനോക്കൂ
കിഴങ്ങു ഞാനിട്ടതു വെന്തു കാണും”
ചുടുക്കനേ കോപ്പയിലൂതിയൂതി
കുടിച്ചവൻ ചുട്ടതുതിന്നിടുമ്പോൾ
ചിരിച്ചവൾ, ചാരെയിരുന്നതിൻതോ –
ലുരിച്ചു നൽകുന്നു, രുചിച്ചിടുന്നൂ
” ജലാൽ നിനക്കെന്തൊരു ഭംഗിയാണീ
വെളിച്ചമീരാവു പുതച്ച പോലെ !
മുസല്ലയേമാന്ത്രികമാക്കിടൂ വാ
പറന്നു പോകാമവിടേയ്ക്കു വീണ്ടും “
“അലാവുദീനല്ല ജലാലിവൻ നിൻ
കിനാവിലൂടൽപ്പമലഞ്ഞിടുന്നൂ
നിനക്കു ഞാനാമത്മനിവേദനത്തിൻ
ഹദീസതോതാമതു കേട്ടിരിയ്ക്കൂ”
“സ്വകാര്യമെന്നോടു പറഞ്ഞിടൂ നീ
ശരിയ്ക്കുമാലാഖയെ കണ്ടതുണ്ടോ
അവൾക്കു സൗന്ദര്യമതേറെയുണ്ടോ
കുശുമ്പെനിക്കേറി വരുന്നു സത്യം! “
പ്രിയേ കിനാവല്ലയെനിയ്ക്കു കാണാം
പ്രകാശ പക്ഷങ്ങളൊതുക്കിയിപ്പോ –
ളതായിടത്തേയ്ക്കു തിരിഞ്ഞു നോക്കൂ
യവൾക്കുനിൻ ഛായയതേറെയുണ്ടേ “
പൊടുന്നനേ ഞെട്ടി, വിറച്ചു “അള്ളാ
ജലാലെനിക്കേറെ ഭയം വരുന്നൂ “
അവൻ്റെ ചാരത്തു ചുരുണ്ടുകൂടി
കരംഗ്രഹിച്ചാമിഴിചിമ്മിടുന്നൂ
ഫലക്കിനായത്തുകളോതിടുമ്പോൾ
ചിരിച്ചവൻകൈകളുയർത്തി വിശ്വം
ഭരിച്ചിടുന്നൻപറിവാർന്ന റൂഹിൻ
വിശാലതക്കുള്ളിലലിഞ്ഞിരുന്നു
വിളിച്ചവൾ പക്ഷെയുണർന്നതില്ല
മഹസ്സുമായാത്മസുഹൃത്തു കാവ്യം
രചിക്കയാവാമവളോടി തമ്പി
ന്നകത്തുപോയ്‌ ! റൂമി തനിച്ചിരിപ്പൂ !

By ivayana