കവിത : ഷാലി ഷാ*

നമ്മൾ വെയിൽക്കായുന്ന
ഒരു വൈകുന്നേരമാണ്
അവിടൊരു തെരുവിൽ
കാൽപ്പന്തുരുട്ടുന്ന
കുട്ടിക്കാലുകൾക്കിടയിലേക്ക്
മിസൈലുകൾ പെയ്തത്
നമ്മുടെയാകാശത്തപ്പോൾ
പക്ഷികൾ പാറുകയും
നക്ഷത്രങ്ങൾ
പൂവിടുകയുമായിരുന്നിരിക്കും
തുർക്കിയിലൊരു
വെളുപ്പാൻ കാലത്ത്
കുഞ്ഞു ഐലൻ
നനഞ്ഞ മണലിൽ
കമിഴ്ന്നു കിടക്കുമ്പോഴും
നമ്മുടെ കുഞ്ഞുങ്ങൾ
കളിപ്പാട്ടങ്ങൾ കെട്ടിപ്പിടിച്ചും
നാളെയെ കിനാക്കണ്ടും
സുഷുപ്തിയിലായിരുന്നിരിക്കും
അവർ ജീവനും കൊണ്ട്
പാലായനം ചെയ്യുമ്പോൾ നമ്മൾ
അഭയാർഥികളിൽ ജാതി തിരിച്ച്
തള്ളേണ്ടതും കൊള്ളേണ്ടതും
ചർച്ച ചെയ്യുകയായിരുന്നു
അപ്പോഴും നമ്മുടെ
തെരുവുകളിൽ
തീയുണ്ടായിരുന്നു
മാടിന്റെ പേരിൽ
ചിന്തിയ ചോരയും
ദളിതന്റെ പെണ്ണിന്റെ
നിലവിളികളുമുണ്ടായിരുന്നു
ഒറ്റപ്പെട്ട എതിർശബ്ദങ്ങൾ
ജയിലുകളിലൊതുങ്ങു-
ന്നുണ്ടായിരുന്നു
പയ്യെ പയ്യെ
നമ്മളങ്ങനെ തിരക്കിനിടയിൽ
വെറുതേ പരസ്പരം
ഹാഷ് ടാഗുകളിൽ
ഞെട്ടലുകൾ
രേഖപ്പെടുത്തിയിരിക്കുമ്പഴും
നാലു തിരകൾക്കപ്പുറത്തെ
നിലവിളികളിപ്പോൾ
കാത് തുളയ്ക്കുന്നുണ്ടെങ്കിൽ
ഇനിയെങ്കിലും
മൗനത്തിന്റെയീ
കറുത്ത പുതപ്പിനുള്ളിലെ
കുളിരിന് തീപ്പിടിക്കേണ്ടിയിരിക്കുന്നു..
ഇല്ലെങ്കിലൊരിക്കലൊരു
അഭയാർത്ഥിപ്പട്ടികയിൽ,
അതിരുകളിൽ കുടിലുവെച്ച്
ഊഴം കാക്കുന്നവരിൽ
നമ്മുടെ ചിത്രങ്ങളും കണ്ടേക്കും
ചുണ്ടുകളിലീ ചേലുള്ള
ചിരി കാണില്ലെന്നു മാത്രം..!

ഷാലി ഷാ

By ivayana